Celebrities

ആനന്ദ് അംബാനിയുടെ വിവാഹത്തിൽ അക്ഷയ് കുമാർ പങ്കെടുക്കില്ല; കൊവിഡ് സ്ഥിരീകരിച്ചു | akshay-kumar-tests-covid19-positive

മുംബൈ: ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തിൽ അക്ഷയ് കുമാര്‍ പങ്കെടുക്കില്ല. അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. പരിശോധനയില്‍ താരം കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് അംബാനി കുടുംബം പ്ലാന്‍ ചെയ്തിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതാണ് അക്ഷയ് കുമാറിന്റെ ശീലം. ഈ തിരക്കിനിടയിലും താരം ആനന്ദിന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ താരത്തിന്റെ ആരോഗ്യ നില അത്ര തൃപ്തികരമായിരുന്നില്ല.

പുതിയ ചിത്രമായ സര്‍ഫിരയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് യാത്രകളിലായിരുന്നു അക്ഷയ് കുമാര്‍. കഴിഞ്ഞ രണ്ട് ദിവസം അക്ഷയിക്ക് ശാരീരിക അവശതകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുകയായിരുന്നു. താരം ഇപ്പോള്‍ ഐസൊലേഷനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ മുന്‍കരുതലും അക്ഷയ് സ്വീകരിക്കുന്നുണ്ട്.

ഇന്ന് രാവിലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ സര്‍ഫിരയുടെ അവസാന ഘട്ട പ്രമോഷനും താരത്തിന് നഷ്ടമായിരുന്നു. അതേസമയം ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, രാംചരണ്‍, രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ പോലുള്ള പ്രമുഖ താരങ്ങള്‍ ചടങ്ങിനെത്തും.

മൂന്ന് ദിവസത്തെ വമ്പന്‍ പരിപാടികളാണ് വിവാഹ ചടങ്ങുകളുടെ ഭാഗമായിട്ടുള്ളത്. ജൂലായ് പന്ത്രണ്ടിന് ശുഭ് വിവാഹ് ചടങ്ങുകളാണ് ഉള്ളത്. ജൂലായ് പതിമൂന്നിന് ശുഭ് ആശീര്‍വാദ് ചടങ്ങുകളും നടക്കുക. ജൂലായ് പതിനാലിന് വമ്പന്‍ വിവാഹ റിസപ്ഷനും ഉണ്ടായിരിക്കും. തൊട്ടടുത്ത ദിവസമായ ജൂലായ് പതിനഞ്ചിനും മറ്റൊരു റിസപ്ഷന്‍ ഉണ്ടായിരിക്കും.

content highlight: akshay-kumar-tests-covid19-positive