ആറന്മുളയപ്പന്റെ വള്ളസദ്യ . മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ഇഷ്ടമാണത് . ഇലയില്‍ വിളമ്പി വെച്ചിരിക്കുക വിവിധതരം വിഭവങ്ങളും പപ്പടവും പലതരം പായസവും സദ്യ കഴിക്കാത്തവരും ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് സദ്യ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കൊതിയൂറും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സദ്യയാണ് ആറന്മുള വള്ളസദ്യ. പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരത്താണ് ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ചതുർബാഹുവായ വിഷ്ണുവിന്റെ രൂപത്തിലാണ് വിഗ്രഹമെങ്കിലും കുരുക്ഷേത്രയുദ്ധഭൂമിയിൽ അർജുനന്റെ തേരാളിയായ ഭഗവാൻ ശ്രീകൃഷ്ണന്റെ സങ്കൽപമാണ്. വിഗ്രഹത്തിന് ആറടി ഉയരമുണ്ട്. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിന് നാല് ഗോപുരങ്ങൾ ഉണ്ട്. കിഴക്കേ ഗോപുരത്തിന് പതിനെട്ടു പടികളാണുള്ളത്. നാലുവശത്തും പ്രവേശന കവാടമുണ്ട്. കവാടങ്ങളിലെ ഗോപുരങ്ങളിൽ നാലു മലദൈവങ്ങൾ കാവൽ നിൽക്കുന്നു എന്നാണ് വിശ്വാസം. വൃത്താകൃതിയിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്.
വില്ലാളി വീരനായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ഒരു ഐതീഹ്യം. എന്നാൽ നിലയ്ക്കലിൽ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം ആറ് മുളയിൽ വച്ച് നദിയിലൂടെ കൊണ്ടു വന്നതിനാലാണ് ആറന്മുള എന്ന പേരു വന്നത് എന്ന് മറ്റൊരു ഐതീഹ്യവും ഉണ്ട്. ഉച്ചപൂജയ്ക്കാണ് ഇവിടെ പ്രാധാന്യം. സകലദേവീദേവന്മാരും ആ സമയം ക്ഷേത്രത്തിൽ ഉണ്ടാവുമെന്നും, ആ സമയത്ത് ക്ഷേത്രപരിസരത്തുണ്ടെങ്കിൽ പോലും എല്ലാവരുടെയും അനുഗ്രഹം ലഭിക്കുമെന്നും പറയപ്പെടുന്നു. ഉപ്പുമാങ്ങയും വഴുതനങ്ങാ മെഴുക്കുപുരട്ടിയുമാണ് പ്രധാന നിവേദ്യം. ആറന്മുളയിൽ വള്ളസദ്യ നേർന്നാൽ നടക്കാത്ത കാര്യമില്ല എന്നാണ് വിശ്വാസം. പ്രധാന വഴിപാടായ വള്ളസദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ണുന്നവർക്കും സദ്യ നടത്തുന്നവർക്കും ലഭിക്കുമെന്ന് പറയപ്പെടുന്നു. ചിങ്ങമാസം അഷ്ടമി രോഹിണി മുതലാണ് ഇവിടെ വള്ളസദ്യ ആരംഭിക്കുന്നത്.
സദ്യയ്ക്ക് വള്ളക്കാർ ചോദിക്കുന്നതനുസരിച്ചാണ് കറികൾ വിളമ്പുക,പച്ചടി, കിച്ചടി, നാരങ്ങ അച്ചാര്‍, ഇഞ്ചിക്കറി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറ തൈര്, മോര്, പ്രഥമന്‍, ഉപ്പേരി, കദളിപ്പഴം, എള്ളുണ്ട,. വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര / പഞ്ചസാര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, തേന്‍, തകരതോരന്‍, നെല്ലിക്ക അച്ചാര്‍, ഇഞ്ചി തൈര് എന്നിവയാണ് ആറന്മുള വള്ളസദ്യയിലെ പ്രധാന വിഭവങ്ങള്‍. പഞ്ചസാര, വെണ്ണ, കാളിപ്പഴം, കദളിപ്പഴം, പൂവമ്പഴം, തേൻ, ചുക്കുവെള്ളം, ചീരത്തോരൻ, മടന്തയില തോരൻ, തകരയില തോരൻ, വഴുതനങ്ങ മെഴുക്ക് പുരട്ടി, അമ്പഴങ്ങ, ഉപ്പുമാങ്ങ, പഴുത്തമാങ്ങക്കറി, പാളത്തൈര്, ഇഞ്ചിത്തൈര്, വെള്ളിക്കിണ്ടിയിൽ പാൽ, അടനേദ്യം, ഉണക്കലരിച്ചോറ്, പമ്പാതീർഥം എന്നിവയാണ് പാടി ചോദിക്കുന്ന വള്ളസദ്യവിഭവങ്ങൾ.
ചെറുകോൽ, കോഴഞ്ചേരി, പ്രയാർ, തെക്കേമുറി, പുന്നംതോട്ടം, വെൺപാല, ഓതറ, നെടുംപ്രയാർ എന്നീ എട്ട് പള്ളിയോടങ്ങൾക്കാണ് ആദ്യ ദിവസം വള്ളസദ്യ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഒരുപാടുപേര്‍ ആറന്മുള വള്ളസദ്യ കഴിക്കാനായി വര്‍ഷം തോറും എത്തുന്നുണ്ട്. എന്നാല്‍ ഇതിനായി മുന്‍കൂറായി ശീട്ടാക്കേണ്ടത് അത്യാവശ്യമാണ്. അവസാന ദിവസം 51 വിഭവങ്ങൾ ഉണ്ടാകും. ശത്രുദോഷത്തിന് പരിഹാരമായാണ് കരക്കാർ ഇവിടെ വള്ളസദ്യ നടത്തുന്നത്. ഉത്തൃട്ടാതി ഇവിടത്തെ പ്രതിഷ്ഠാദിനം ആണ്. തിരുവോണം കഴിഞ്ഞ് ഉത്തൃട്ടാതി നാളിലാണ് വള്ളംകളി നടക്കുന്നത്.ഭഗവല്‍സാന്നിധ്യം ഉള്ള പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്ക് ആറന്മുള പാര്‍ത്ഥസാരഥിയുടെ ഇഷ്ടവിഭവങ്ങളുള്ള സദ്യ നല്‍കുന്നത് ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും വഴിവക്കുമെന്നാണ് വിശ്വാസം.