തലസ്ഥാന നഗരത്തിന്‌റെ ശാപമായ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരു മനുഷ്യനെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിടുകയാണ്. മുങ്ങല്‍ വിദഗ്ദ്ധരും, ഫയര്‍ഫോഴ്‌സുമൊക്കെ ആ മാലിന്യ വാഹിയുടെ അടിത്തട്ട് ഇളക്കി മറിച്ച് തിരയുകയാണ്. മലിന ജലത്തെക്കാള്‍ തോട്ടില്‍ ഖരമാലിന്യങ്ങളാണ് കൂടുതല്‍. ഖരമാലിന്യത്തിന് അടിയിലൂടെ ഒഴുകുന്ന വെള്ളത്തിന് കറുത്ത നിറവുമാണ്. ഇന്നു രാവിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പ്പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇദ്ദേഹം.
തിരച്ചില്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മാലിന്യത്തിന്റെ വലിയ കൂമ്പാരമാണ് തിരിച്ചലിന് പ്രതിസന്ധി തീര്‍ക്കുന്നതെന്നാണ് മുങ്ങല്‍ വിദഗ്ദ്ധര്‍ പറയുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് ജോയിയോടൊപ്പം ഇറങ്ങിയവര്‍ പറയുന്നത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. ഒരാള്‍ തോട്ടിനു മുകളിലും ജോലിയില്‍ ഏര്‍പ്പെട്ടു. മഴ കനത്തതോടെ ജോയി ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാനായില്ല.
റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു പോകുന്ന ഭാഗത്ത് മാലിന്യങ്ങള്‍ക്കടിയിലൂടെ ഊളിയിട്ട് തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമാണ്. പാളത്തിന് അടിയില്‍ തോടിന് വീതികുറവാണെന്നതും വെല്ലുവിളിയാണ്. നിലവില്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കി ജോയിയെ കണ്ടെത്താനാണ് ശ്രമം. മാലിന്യം നീക്കിയാലേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. നിലവില്‍ സ്‌കൂബ ഡൈവിംഗില്‍ പരിശീലനം നേടിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. ഇവര്‍ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. ട്രാക്കിനിടയിലെ മാന്‍ഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.
കാണാതായ സ്ഥലത്ത് തന്നെ വീണ്ടും പരിശോധിക്കാനും നീക്കമുണ്ട്. വല കെട്ടി റോപ്പ് ചുറ്റി മാലിന്യം എടുത്ത് മാറ്റണം. ഗ്രീന്‍ നെറ്റ് മുറിച്ച് മാറ്റിയായിരിക്കും മാലിന്യം നീക്കം ചെയ്യുക. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നത്. ഇത് നീക്കംചെയ്താല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താനാവൂ എന്നാണ് ഫയര്‍ഫോഴ്സ് പറയുന്നത്. ആമയിഴഞ്ചാന്‍ തോടിന് 12 കിലോമീറ്റര്‍ നീളമാണുള്ളത്. റെയിവേ ലൈന്‍ കടന്ന് പോകുന്ന വഴിയില്‍ സ്റ്റേഷന് കുറുകെ തോട് കടന്ന് പോകുന്നുണ്ട്. സ്റ്റേഷന് കുറുകെ ട്രാക്കിനടിയില്‍ കൂടെ പോകുന്ന ഭാഗത്തിന് വീതിയില്ല. ഇവിടെ ടണല്‍ പോലെയാണ്.
അപകട സ്ഥലത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ സന്ദര്‍ശിച്ചിരുന്നു. നഗരസഭയെ കുറ്റപ്പെടുത്താനുള്ള സമയമായി ചിലര്‍ ഇതിനെ കാണുന്നുവെന്നാണ് മേയറുടെ പ്രതികരണം. കരാര്‍ എടുത്തവര്‍ പറഞ്ഞത് ഇന്ന് ജോലി ഷെഡ്യൂള്‍ ചെയ്തിട്ടില്ല എന്നാണെന്നും മേയര്‍ പറയുന്നു. രണ്ട് ബംഗാള്‍ സ്വദേശികളും രണ്ട് മലയാളികളും ആണ് ജോലി ചെയ്തിരുന്നത്. മഴ കൂടി കണക്കിലെടുത്താണ് തോട് വൃത്തിയാക്കാനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിച്ചത്. ഇന്നലെ രാത്രി മുതല്‍ തിരുവനന്തപുരത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ തോട്ടില്‍ വെളളത്തിന്റെ നിലയും ഉയര്‍ന്നിരുന്നു. വെളളം ഉയരുന്നതുകണ്ട് ബാക്കി മൂന്ന് പേരും കരയ്ക്കു കയറി. ജോയിയോട് കയറി വരാന്‍ പറഞ്ഞെങ്കിലും അപ്പുറത്തെ വശത്തേക്ക് പോവുയായിരുന്നു. ഇതിനിടെ വെളളം കൂടിയതോടെ പിടിച്ചിരുന്ന കല്ലിലെ പിടിവിടുകയും തോട്ടില്‍ വീണുപോവുകയുമായിരുന്നു വെന്നാണ് വിവരം.
സ്ഥലത്ത് മൂന്ന് ദിവസമായി ജോലി പുരോഗമിക്കുന്നുണ്ട്. റെയില്‍വേയാണ് ഇവരെ ജോലി ഏല്‍പ്പിച്ചത്. വര്‍ഷങ്ങളായി തിരുവനന്തപുരം നഗരത്തില്‍ ഏറ്റവുമധികം മാലിന്യം തള്ളുന്ന ആമയിഴഞ്ചാന്‍ തോടിന്റെ നവീകരണവും ഇഴഞ്ഞാണ് നീങ്ങുന്നത്. തോട് നവീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചെങ്കിലും ഇപ്പോഴും തോട്ടില്‍ മാലിന്യം നിക്ഷേപം രൂക്ഷമാണ്. കഴിഞ്ഞ ജൂലായിലാണ് ജലവിഭവ വകുപ്പ് സമര്‍പ്പിച്ച 25 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതും തോടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും. തോടിന്റെ നവീകരണം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിഹാരമാണ്. വേനല്‍ക്കാലത്ത് തോട്ടില്‍ ഒഴുക്ക് നിലച്ചാല്‍ വലിയ അളവില്‍ മാലിന്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
തോട് നവീകരിക്കുന്നതിലൂടെ നാളുകളായുള്ള തോടിന്റെ ശോച്യാവസ്ഥ മാറുമെന്ന ആശ്വാസത്തിലായിരുന്നു പ്രദേശവാസികള്‍. കണ്ണമ്മൂല മുതല്‍ ആക്കുളം വരെ നീളുന്ന ഭാഗത്തെ ചെളി, മാലിന്യം എന്നിവയുടെ നീക്കല്‍ ആരംഭിച്ചിരുന്നു. സംരക്ഷണഭിത്തി നിര്‍മ്മിക്കലും അതിര്‍ത്തി കെട്ടി സംരക്ഷണവുമാണ് രണ്ടാംഘട്ടമായി നടത്താന്‍ ഉദ്ദേശിക്കുന്നത്. കോര്‍പ്പറേഷനിലൂടെ ഒഴുകുന്ന തോടുകളും വന്നുചേരുന്നതും ആമയിഴഞ്ചാന്‍ തോട്ടിലാണ്. ഒരുവശത്ത് നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും മറുവശത്ത് തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതും വര്‍ദ്ധിക്കുകയാണ്. പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളുമാണ് തോട്ടില്‍ കൂടുതലായി അടിഞ്ഞുകൂടുന്നത്. അതിനാല്‍ത്തന്നെ ദുര്‍ഗന്ധവും അസഹ്യമാണ്.
CONTENT HIGHLIGHTS;Amaiyhanchan Thot disaster: Search hours pass; Scuba divers also began clearing the debris to find Joey