Celebrities

‘ഒട്ടും പക്വത ഇല്ല ഇവന്’; എന്റെ മകന് ഇവനേക്കാള്‍ അച്ചടക്കമുളളതായി തോന്നുമെന്ന് ഉര്‍വശി-Actress Urvashi about Shine Tom Chacko

മലയാള സിനിമയുടെ നായകന്മാരില്‍ ഏറെ വ്യത്യസ്തനായ നടനാണ് ഷൈന്‍ ടോം ചാക്കോ. അദ്ദേഹത്തിന്റെ സിനിമകള്‍ എന്നപോലെതന്നെ ഇന്റര്‍വ്യൂസും വളരെയധികം പോപ്പുലര്‍ ആണ് സോഷ്യല്‍ മീഡിയയില്‍. അതുപോലെ തന്നെ നടി ഉര്‍വശി അഭിനയിക്കുന്ന സിനിമകള്‍ എല്ലാം തന്നെ മലയാളികള്‍ ഏറെ ആകാംഷയോടെയാണ് നോക്കിക്കാണുന്നത്. ഉര്‍വശിയുടെ ചിത്രത്തിനായി ഒരു കൂട്ടം പ്രേക്ഷകര്‍ കാത്തിരിക്കുന്നതായും പല വാര്‍ത്തകളിലും പറഞ്ഞു കേട്ടിട്ടുണ്ട്. ഉര്‍വശിയും ഷൈന്‍ ടോം ചാക്കോയും ഒന്നിച്ച് അഭിനയിച്ച സിനിമയായിരുന്നു അയ്യര്‍ ഇന്‍ അറേബ്യ. ഇപ്പോള്‍ ഇതാ അയ്യര്‍ ഇന്‍ അറേബ്യയുടെ ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായ ഒരു രസകരമായ അനുഭവം തുറന്നു പറയുകയാണ് ഉര്‍വശി.

‘പ്രായം എത്രയാണെന്ന് അറിയില്ല, പക്ഷേ ഒട്ടും തന്നെ പക്വതയില്ല ഈ ചെറുക്കന്. അന്ന് ഒരു ദിവസം ദുബായില്‍ ആയിരുന്നു ഞങ്ങളുടെ ഷൂട്ട്. മുകേഷേട്ടന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി നടക്കുന്ന ഒരു സീനാണ് ഞങ്ങള്‍ അന്ന് എടുത്തുകൊണ്ടിരുന്നത്.  മറ്റൊരു വ്യക്തിയുടെ വീട്ടില്‍ വന്നു ബര്‍ത്ത് ഡേ പരിപാടിക്ക് പങ്കെടുക്കുന്ന റോളാണ് ഞങ്ങളുടേത്, അതുകൊണ്ട് വളരെ മാന്യമായി ഇരിക്കുന്ന ആക്ഷന്‍സാണ് അഭിനയിക്കേണ്ടതെന്ന് ഡയറക്ടര്‍ പറഞ്ഞു. എല്ലാവരും മാന്യമായിരുന്നു കയ്യടിക്കുന്നു… ഒക്കെ ചെയ്യുന്നു. പക്ഷേ ഇവന്‍ മാത്രം ഒരു സോഫയുടെ അറ്റത്ത് കയറിയിരിക്കുവ. ഇത് കണ്ടതോടുകൂടി എന്റെ ശ്രദ്ധ മൊത്തം അവനിലായി. അവനങ്ങോട്ട് വീഴുമോ ഇങ്ങോട്ട് വീഴുമോ എന്നുള്ള സംശയമായി എനിക്ക്’

‘ഷൂട്ട് കഴിഞ്ഞ് ദുബായില്‍ കഴിക്കാന്‍ പോകുമ്പോള്‍ ഞാന്‍ പിന്നീട് അവനെയും കൂട്ടും. ഹോട്ടലില്‍ ചെല്ലുമ്പോള്‍ ചട്ടി ചോറൊക്കെ കഴിക്കുന്നതിന് മുമ്പ് ഞാന്‍ അവനോട് ചോദിക്കും.. നീ കഴിക്കുന്നോ എന്ന്.. അത് കേള്‍ക്കുമ്പോള്‍ തന്നെ അവന്‍ ചട്ടിയും എടുത്തുകൊണ്ട് പോകും. എന്റെ മകന് ഒന്‍പതു വയസ്സാണ് പ്രായം. പക്ഷേ ഇവന്റെ ചില ചേഷ്ഠകള്‍ ഒക്കെ കാണുമ്പോള്‍ അവനും ഇവനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് തോന്നും. ചിലപ്പോഴൊക്കെ ഒന്‍പത് വയസ്സുളള എന്റെ മകന് ഇവനേക്കാള്‍ അച്ചടക്കമുളളതായി തോന്നും’, ഉര്‍വശി പറഞ്ഞു.

മുകേഷ്, ധ്യാന്‍ ശ്രീനിവാസന്‍, ഉര്‍വശി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംഎ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. തിയേറ്ററുകളില്‍ സമ്മിശ്രമായ അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഡയാന ഹമീദ്, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാല്‍പത്തിയഞ്ചോളം താരങ്ങളും ഈ ചിത്രത്തില്‍ അണിനിരന്നു.