പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂളില്‍ ആരംഭിച്ചു. ഈ ഷെഡ്യൂളില്‍ മോഹന്‍ലാലും അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. യുകെയിലും ചെന്നൈയിലുമുള്ള ഷെഡ്യൂളുകള്‍ അവസാനിച്ചതിനു ശേഷമാണ് ഇപ്പോള്‍ ഗുജറാത്തില്‍ അടുത്ത ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുന്നത്. വിദേശത്തെ ഷെഡ്യൂളിന് ശേഷം ഒരു ഇടവേളയ്ക്കു ശേഷമാണ് ഇപ്പോള്‍ മോഹലാല്‍ അടുത്ത ഷെഡ്യൂളില്‍ ചേരുന്നത്.
ജൂലൈ അവസാനത്തോടെ ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ഷൂട്ട് ചെയ്യുന്ന ഭാഗത്തിലായിരിക്കും മോഹന്‍ലാലും ടോവിനോയും ഒരുമിച്ചുവരുന്ന കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടാവുക. എമ്പുരാനില്‍ ടോവിനോ ചെയ്യുന്ന ജതിന് രാംദാസും മോഹന്‍ലാല്‍ ചെയ്യുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുമെന്ന് ഉറപ്പാണ്. സിനിമയുടെ ഏറ്റവും നിര്‍ണായക ഭാഗങ്ങള്‍ ഗുജറാത്തിലായിരിക്കുമെന്നാണ് കരുതുന്നത്. പൃഥ്വിരാജിന്റെ കഥാപത്രമായ സയ്ദ് മസൂദിന്റെ ചെറുപ്പകാലം ഷൂട്ട് ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സലാറില്‍ അഭിനയിച്ച കാര്‍ത്തികേയ ദേവാണ് പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത്.
എമ്പുരാന്റെ ഷൂട്ട് ഒക്ടോബറോടെ പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അപ്പോള്‍തന്നെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. അങ്ങനെയാണെങ്കില്‍ 2025ന്റെ ആദ്യപകുതിയില്‍ സിനിമ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരെ കൂടാതെ മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിരയാണ് എമ്പുരാനില്‍ അണിനിരക്കുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2023 ഒക്ടോബര്‍ 5നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസും തമിഴിലെ പ്രമുഖ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന് നിര്‍മിക്കുന്നത്.