ഷാര്‍ജ : ഗള്‍ഫിലെ ഏറ്റവും മികച്ച ദ്വീപായി തിരഞ്ഞെടുക്കപ്പെട്ട് ഷാര്‍ജ അല്‍ നൂര്‍ ഐലന്‍ഡ്. ട്രാവല്‍ റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡൈ്വസര്‍ പുറത്തിറക്കിയ ഗള്‍ഫിലെ 10 ആകര്‍ഷണങ്ങളിലാണ് അല്‍ നൂര്‍ മുന്‍നിരയിലെത്തിയത്. ഇത് രണ്ടാംവര്‍ഷമാണ് അല്‍നൂര്‍ ഐലന്‍ഡ് മികച്ച ദ്വീപുകളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. യു.എ.ഇ.യിലെ കുടുംബസൗഹൃദകേന്ദ്രങ്ങളില്‍ പ്രധാനയിടം കൂടിയാണ് അല്‍നൂര്‍. നിരവധി ആകര്‍ഷണങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഷാര്‍ജ നഗരമധ്യത്തിലെ അല്‍ നൂര്‍ മസ്ജിദിനോടുചേര്‍ന്നാണ് അല്‍നൂര്‍ ഐലന്‍ഡ് സ്ഥിതി ചെയ്യുന്നത്. നടപ്പാലത്തിലൂടെ പ്രവേശിക്കാനാവുന്ന ദ്വീപിലെ കാഴ്ചകള്‍ കേരളത്തിലേതിനുസമാനമായി ഹരിതാഭനിറഞ്ഞതാണ്. കുട്ടികള്‍ക്കായുള്ള കളിയിടം, കലാസൃഷ്ടികള്‍, കഫേ എന്നിങ്ങനെ ധാരാളം ആകര്‍ഷണങ്ങളിവിടെയുണ്ട്. കടുത്തവേനലിലും പച്ചപ്പുനിറഞ്ഞുനില്‍ക്കുന്ന ഇവിടം നടപ്പാതകളാലും പച്ചപ്പുനിറഞ്ഞ കാഴ്ചകളാലും സമ്പന്നമാണ്. പ്രത്യേകം തയ്യാറാക്കിയ ശലഭ ഉദ്യാനവും ഇവിടെയുണ്ട്.
അല്‍ നൂര്‍ ഐലന്‍ഡിനുപുറമേ ഷുറൂഖിന്റെതന്നെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മെലീഹ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന ആര്‍ക്കിയോളജിക്കല്‍ സെന്ററും അല്‍ മുന്‍തസ പാര്‍ക്കും ട്രിപ്പ് അഡൈ്വസറിന്റെ ‘ട്രാവലേഴ്സ് ചോയ്‌സ്’ പുരസ്‌കാരം നേടിയിട്ടുണ്ട്. ആതിഥേയത്വവും, വന്നെത്തുന്ന സന്ദര്‍ശകരുടെ തൃപ്തിയും സൂചിപ്പിക്കുന്നതാണ് ട്രാവലേഴ്സ് ചോയ്‌സ് പുരസ്‌കാരം. മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍ ഈയിടെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരുന്നു. മ്യൂസിയത്തോടൊപ്പം ക്യാമ്പിങ്ങ്, ഡെസേര്‍ട്ട് സഫാരി, കുതിരസവാരി, വാനനിരീക്ഷണം തുടങ്ങിയ വിനോദ പരിപാടികളും ഇവിടെയുണ്ട്.