കുവൈത്ത് സിറ്റി : ഈജിപ്തിനെ ഞെട്ടിച്ച് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളക്കിലെ കള്ളക്കടത്ത്. ഷവർമക്കുള്ളിൽ ഒളിപ്പിച്ച ഒരു മില്യൺ പൗണ്ടുകൾ ഉൾപ്പെട്ട കള്ളക്കടത്ത് ശ്രമമാണ് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഷവർമ ഭക്ഷണത്തിനുള്ളിൽ 1,253,000 പൗണ്ട് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. കുവൈത്തിലേക്കുള്ള യാത്രക്കിടെയാണ് ഇയാളെ വിമാനത്താവള അധികൃതർ പിടികൂടിയത്.
പാസഞ്ചർ സ്‌ക്രീനിംഗിൽ സംശയം ഉയർന്നതിനെ തുടർന്ന് എയർപോർട്ട് സെക്യൂരിറ്റി ഈജിപ്ഷ്യൻ യാത്രക്കാരനെ തടഞ്ഞുനിർത്തുകയായിരുന്നുവെന്നാണ് അറബ്‌ടൈംസ് ഓൺലൈൻ കെയ്റോ എയർപോർട്ടിലെ സ്രോതസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്.
സംശയിക്കപ്പെട്ട വ്യക്തിയുടെ ലഗേജുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ഷവർമക്കുള്ളിൽ വലിയ സംഖ്യ ശ്രദ്ധാപൂർവ്വം ഒളിപ്പിച്ചതായി എയർപോർട്ട് അധികൃതർ കണ്ടെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ കബളിപ്പിക്കാനായിരുന്നു ഇത്തരത്തിൽ ഷവർമക്കുള്ളിൽ പണം ഒളിപ്പിച്ചത്.
കള്ളക്കടത്ത് തെളിഞ്ഞതോടെ യാത്രക്കാരനെതിരെ വിമാനത്താവളം അധികൃതർ ഉടൻ തന്നെ നിയമനടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. നിയമനടപടി നേരിട്ട യാത്രക്കാരന്റെ ഐഡന്റിറ്റി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.