കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴമാണ് മരിയാന ട്രെഞ്ചിന്. സമുദ്രത്തിലെ ഏറ്റവും ആഴമുള്ള പ്രദേശം . ലോകത്തിനു മുന്നിൽ അദ്ഭുതങ്ങളുടെ ആഴച്ചെപ്പാണ് മരിയാന ട്രെഞ്ച്. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ വ്യാപിച്ചുകിടക്കുന്ന മലനിരകളും മലയിടുക്കുകളും നിറഞ്ഞ മേഖലയാണ് മരിയാന ട്രെഞ്ച്.ഭൂമിയുടെ പലഭാഗത്തും സംഭവിക്കുന്ന ചെറുതും വലുതുമായ ഭൂമികുലുക്കങ്ങള്‍, തിമിംഗലങ്ങളുടെ ഞരങ്ങലുകള്‍, കടലിന് മുകളിലൂടെ പോകുന്ന ചുഴലിക്കാറ്റ്, വലിയ കപ്പലുകളും മത്സ്യബന്ധനയാനങ്ങളും ഉയര്‍ത്തുന്ന ശബ്ദങ്ങള്‍, കടലിനടിയിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ശബ്ദങ്ങള്‍ ഇവയെല്ലാമാണ് മരിയാന ട്രഞ്ചിനെ ശബ്ദമുഖരിതമാക്കുന്നത്.
സമുദ്രാന്തർ ആണവപരീക്ഷണങ്ങൾ നടത്തിയാൽ കണ്ടെത്തുന്നതിന് അമേരിക്ക കൊണ്ടുവന്ന നിരീക്ഷണസംവിധാനമാണ് മരിയാന ട്രെഞ്ചിന്റെ രഹസ്യം വെളിപ്പെടുത്തിയത്.മനുഷ്യൻ കണ്ടെത്തിയിട്ടുള്ള ഏറ്റവും ആഴംകൂടിയ സ്ഥലമാണ് മരിയാന ട്രെഞ്ചിന്റെ ഭാഗമായ ചലഞ്ചർ ഡീപ്പ്. പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഗുവാം ദ്വീപിൽനിന്ന് 340 കിലോമീറ്റർ അകലെയാണിത്. ഏറ്റവും ആഴമുള്ള സ്ഥലമാണെങ്കിലും ഇത് ഭൂമിയുടെ കേന്ദ്രത്തോട് ഏറ്റവും അടുത്ത സ്ഥലമല്ല.മരിയാന ട്രെഞ്ചിന് 322 മൈൽ അകലെ അതിനു സമാന്തരമായി കാണുന്ന അഗ്നിപർവത ദ്വീപുകളുടെ ശൃംഖലയാണ് മരിയാന ഐലന്റ്. സമുദ്രനിരപ്പിലേക്കാൾ ആയിരം മടങ്ങുവരെ മർദവും ഓക്സിജന്റെ അഭാവവുമൊന്നും മരിയാന ട്രെഞ്ചിൽ ജീവനു തടസ്സമല്ല. വൈവിധ്യമായ ജീവിസാന്നിധ്യമാണ് ഇവിടെയുള്ളത്.
ചലഞ്ചർ ഡീപ്പിൽനിന്നു ശേഖരിച്ച ചെളിയിൽ 200 വ്യത്യസ്ത ഇനങ്ങളിലുള്ള സൂക്ഷ്മജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റവും ആഴത്തിൽ കനത്ത ഇരുട്ടിലും മർദത്തിലും ജീവികളെ കണ്ടെത്തിയിട്ടുണ്ട്. മരിയാന ട്രെഞ്ചിലെ ആദ്യത്തെ ആഴം അളക്കുന്നത് ബ്രിട്ടീഷ് സർവേ കപ്പലായ എച്ച്എംഎസ് ചലഞ്ചറാണ്, ഇത് 1875 ലാണ് . റോയൽ നേവി ട്രെഞ്ചിൽ ഗവേഷണം നടത്താൻ തീരുമാനിച്ചത് . ആ സമയത്ത് അവർ രേഖപ്പെടുത്തിയ ഏറ്റവും വലിയ ആഴം 8,184 മീറ്ററാണ് (26,850 അടി). 1951 -ൽ “എച്ച്എംഎസ് ചലഞ്ചർ” എന്ന് പേരുള്ള മറ്റൊരു റോയൽ നേവി കപ്പൽ വീണ്ടും അളവുകൾക്കായി ഈ പ്രദേശത്തേക്ക് എത്തി. സോണാർ ഉപയോഗിച്ച് 35,760 അടി അളന്നെടുത്തു. ഈ കപ്പലിന്റെ ഓർമയ്ക്കാണ് ഈ ആഴത്തിന് ‘ചലഞ്ചർ ഡീപ്പ്’ എന്നു പേരിട്ടത്. 2010-ൽ അമരിക്കയിലെ സെന്റർ ഫോർ കോസ്റ്റൽ ഓഷ്യൻ മാപ്പിങ് നടത്തിയ സർവേയിൽ 36,070 അടി ആഴമാണ് മരിയാന ട്രഞ്ചിന് രേഖപ്പെടുത്തിയത്. 2009 -ൽ, ഹവായ് സർവകലാശാല ഗവേഷകർ നടത്തിയ സോണാർ മാപ്പിംഗിൽ, ആഴം 10,971 മീറ്റർ ആയി നിശ്ചയിച്ചു 2010 -ൽ നടത്തിയ ഏറ്റവും പുതിയ അളവുകോലിൽ 10,994 മീറ്റർ ആഴമാണ്, പറയുന്നത്.
സമുദ്രനിരപ്പിനേക്കാൾ ആയിരം മടങ്ങുവരെ മർദമുള്ള ചലഞ്ചർ ഡീപ്പിൽ നേരിട്ടെത്താനാകുമായിരുന്നില്ല. 1953-ൽ സ്വിസ് ഗവേഷകനായ ആഗസ്ത് പിക്കാർ ഇറ്റലിയിൽ സമുദ്രാന്തർ മർദം അതിജീവിക്കുന്ന വാഹനത്തിന് ശ്രമം തുടങ്ങി. ഏഴുവർഷമെടുത്തു പരീക്ഷണം വിജയിക്കാൻ. അങ്ങനെ ഉരുക്കുപാളികളിൽ 50 അടി നീളത്തിൽ ട്രിയസ്റ്റ എന്ന സമുദ്രാന്തർ പര്യവേക്ഷണ വാഹനം തയ്യാറായി. മൂന്നരവർഷംകൊണ്ട് 5600 മീറ്റർ ആഴത്തിൽവരെ പരീക്ഷണം നടത്തിയശേഷമായിരുന്നു ചരിത്രം കണ്ട മഹാദൗത്യം. അമേരിക്കൻ നേവിയിൽ ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷ്, ആഗസ്ത് പിക്കാറിന്റെ മകൻ ജാക്‌സ് പിക്കാർ എന്നിവർ 1960 ജനുവരി 23-ന് ട്രിയസ്റ്റയിൽ അടിത്തട്ടിലെത്തി. പകുതിദൂരത്തിൽ മർദത്തിൽനിന്ന് സംരക്ഷണം നൽകിയ ഗ്ലാസ് നിർമിത ഇരട്ടക്കവചങ്ങളിലൊന്ന് തകർന്നു. മരണം മുന്നിൽക്കണ്ട് തുടർയാത്ര. 4.48 മണിക്കൂർകൊണ്ട് അവർ 35,800 അടിയിൽ ചലഞ്ചർ ഡീപ്പിലെത്തി ചരിത്രമെഴുതി. ചെളിയിളകി കാഴ്ചമറഞ്ഞതോടെ മടക്കം. ആ ഒമ്പതു മണിക്കൂർ യാത്ര ഒട്ടേറെ നിഗൂഢതകളാണ് വെളിപ്പെടുത്തിയത്.2012 മാർച്ച് 26-ന് ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ വീണ്ടും ഈ ആഴത്തിലെത്തി. 2009-ൽ വുഡ്‌സ് ഹോൾ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂഷന്റെ നെരിയസ് എന്ന റോബോട്ടിക് വാഹനവും 10,902 മീറ്റർ ആഴംവരെയെത്തിയിരുന്നു.