ഇത് കടൽസ്വർണ്ണത്തിന്റെ കഥയാണ് . കണ്ണെത്താ ദൂരത്ത് പുറം കടലിൽ കാറ്റിനോടും , മഴയോടും വഴക്കിട്ട് , കടലമ്മയോട് കിന്നാരം പറഞ്ഞ് നമ്മുടെ നാടൻ മത്സ്യബന്ധനക്കാർ കൊണ്ടു വരുന്ന സാധാരണ മത്സ്യമല്ല . അക്ഷരാർത്ഥത്തിൽ സ്വർണ്ണത്തിന്റെ വിലയുള്ള മത്സ്യം . ഗോൾ മത്സ്യം. സ്വര്‍ണ ഹൃദയമുള്ള മീന്‍ എന്ന് ചെല്ലപ്പേര്. ഒറ്റ രാത്രികൊണ്ടാണ് മഹാരാഷ്ട്രയിലെ പാൽഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാത് താരെയെ ഈ സ്വർണ്ണ മത്സ്യം കോടിശ്വരനാക്കിയത് . കിട്ടിയ 157 ഗോൾ മത്സ്യങ്ങൾക്ക് വിലയായി താരെയ്ക്ക് കിട്ടിയത് ഒന്നരകോടിയാണ്.
എന്തുകൊണ്ടാണ് ഒരു മീനിന് ഇത്രയേറെ വില വരുന്നത് . ശാസ്ത്രീയമായി ‘പ്രോട്ടോണിബിയ ഡയകാന്തസ്’ എന്നും ഗോൾ മീൻ, ബ്ലാക്ക് സ്പോട്ട് ക്രോക്കർ ഫിഷ് എന്നും അറിയപ്പെടുന്ന ഈ മീനിന്റെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണ്. കിഴക്കൻ ഏഷ്യയിൽ അതിന്റെ ചികിത്സാ ആനുകൂല്യങ്ങൾക്ക് ഇത് അറിയപ്പെടുന്നതും വളരെ വിലപ്പെട്ടതുമാണ്. ഇതിന്റെ ചര്‍മ്മം കോസ്മറ്റിക് പ്രോഡക്റ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാറുണ്ട്. മരുന്നുകളുടെ നിര്‍മ്മാണത്തിനും ഗോള്‍ ഫിഷ് ഉപയോഗിക്കാറുണ്ട്. സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഹോങ് കോങ്, ജപ്പാന്‍ എന്നിവിടങ്ങളിലേക്കാണ് ഈ മീന്‍ കയറ്റുമതി ചെയ്യാറുളളത്. രാജ്യാന്തര വിപണിയിൽ ഉൾപ്പെടെ കിലോഗ്രാമിന് 15,000 രൂപയിൽ ഏറെ വില വരുന്ന മത്സ്യമാണ് ഗോൽ.
അയഡിൻ, ഒമേഗ -3, ഡിഎച്ച്എ, ഇപിഎ, ഇരുമ്പ്, ടൗറിൻ, മഗ്നീഷ്യം, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ പോഷകങ്ങൾ ഇതിൽ കൂടുതലാണ്. ‘സ്വര്‍ണഹൃദയമുള്ള മത്സ്യം’ എന്നറിയപ്പെടുന്ന ഈ വിശിഷ്ട മത്സ്യത്തിന്റെ ചര്‍മ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജന്‍ പോഷകാഹാരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.ഈ മത്സ്യത്തിന്റെ വയറ്റിൽ സഞ്ചി പോലെ ഒരു ഭാഗമുണ്ടെന്നും അതിന് വിദേശത്ത് വലിയ ഡിമാൻഡുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നുണ്ട് .അതിനു അന്താരാഷ്ട്ര വിപണിയിൽ വളരെ വിലമതിക്കുന്നുണ്ട്. ഇന്തോ-പസഫിക് മേഖലയിൽ കൂടുതലായി കാണപ്പെടുന്ന ഗോൾ മത്സ്യം ലോകത്തിലെ ഏറ്റവും ചെലവേറിയ സമുദ്ര മത്സ്യങ്ങളിൽ ഒന്നാണ്. എങ്കിലും, മലിനീകരണത്തോടെ ഈ മത്സ്യങ്ങൾ പുറം ആഴകടലിലേക്ക് നീങ്ങിയതായി പറയപ്പെടുന്നു.