വിവിധ ഒപികള്‍ സ്ഥിതിചെയ്യുന്ന ബഹുനില മന്ദിരം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞാല്‍ നാഥനില്ല കളരിയായി മാറും. രാവിലെ 7 മണിക്ക് ഡ്യൂട്ടിക്ക് വരുന്നു ജീവനക്കാര്‍ ഒപി എപ്പോള്‍ അവസാനിക്കുന്നുവോ അപ്പോള്‍ സ്ഥലം വിടും. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞ് മിക്ക ഒപികളിലും രോഗികള്‍ ഉണ്ടാകാറില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വരുന്ന സ്‌പെഷ്യല്‍ ഒപിയില്‍ മാത്രമായിരിക്കും എപ്പോഴും തിരക്ക്. ബാക്കി മിക്കവയും ഉച്ചയ്ക്ക് രണ്ടു മണിയോടെ അവസാനിക്കുന്നു. ഈ തക്കം നോക്കിയാണ് പല ജീവനക്കാരും സ്ഥലം വിടുന്നതായി രോഗികള്‍ ഉള്‍പ്പടെ പരാതിപ്പെടുന്നു. ഡോക്ടര്‍മാര്‍ 4.30 വരെ ഒപിയില്‍ ഉണ്ടാകും. എന്നാല്‍ മറ്റു പാരമെഡിക്കല്‍ സ്റ്റാഫുകളും ജീവനക്കാരും അവിടെ ഉണ്ടാകില്ല. ഏഴുമണിക്ക് കയറി അഞ്ചു മണിക്കൂര്‍ മാത്രം ജോലി ചെയ്തു ഒരു ദിവസത്തെ മുഴുവന്‍ ശമ്പളവും ഇവര്‍ കൈപ്പട്ടുന്നു. ലിഫ്റ്റ് ഓപ്പറേറ്റുമാര്‍ എല്ലാ ലിഫ്റ്റിനടുത്ത് വേണമെന്ന് നിഷ്‌കര്‍ഷിക്കുമ്പോഴും എല്ലായിടത്തും ആളുണ്ടാകില്ല. കേടായ ലിഫ്റ്റുകളില്‍ അതു സംബന്ധിച്ച് മുന്നറിയിപ്പും വെയ്ക്കാത്തതും രോഗികളെയും കൂടെ വരുന്നവരെയും ബുദ്ധമുട്ടിക്കാറുണ്ട്.
ഒപിയിലെത്തി രോഗി ലിഫ്റ്റില്‍ കുരുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ മാത്രം നല്‍കി സംഭവത്തില്‍ നിന്നും കൈയൊഴിഞ്ഞ് ആരോഗ്യമന്ത്രിയും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടക്കമുള്ള മറ്റു അധികൃതരെന്ന് ആക്ഷേപം ഉയരുന്നു. മെഡിക്കല്‍ കോളെജിലെ മൊത്തം പാളിച്ചകളുടെ ഒരു ഭാഗം മാത്രമാണ് രോഗി ലിഫ്റ്റില്‍ കുരുങ്ങിയ സംഭവം. സസ്‌പെന്‍ഷന്‍ എല്ലാം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ജീവനക്കാര്‍ തിരികെ കയറും. അതിനുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റ് സുപ്രണ്ട് തന്നെ നല്‍കുമെന്നകാര്യത്തില്‍ സംശയം വേണ്ട. മുഴുവന്‍ പരിശോധനകള്‍ നടത്തി പോകേണ്ട ജീവനക്കാര്‍ കാണിക്കുന്ന കൃത്യ വിലോപം എപ്പോഴും മെഡിക്കല്‍ കോളേജ് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് തക്കതായ പരിരക്ഷ നല്‍കുന്നതില്‍ മെഡിക്കല്‍ പിന്നിലാണ്. മികച്ച ചികിത്സാ സൗകര്യം മാത്രം പോരായെന്നും ബാക്കി കാര്യങ്ങള്‍ ശരിയാക്കാന്‍ കൂടി ആരോഗ്യമന്ത്രിയും സര്‍ക്കാരും ഇനിയെങ്കിലും ശ്രമിക്കണമെന്ന് രോഗികളും നാട്ടുകാരും അഭിപ്രായപ്പെടുന്നു. മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.