തെലുങ്കിലെ പ്രശസ്ത നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന് അമന് പ്രീത് സിങ്ങ് അറസ്റ്റില്‍. മയക്കുമരുന്ന് കേസിലാണ് അമന് പ്രീതിനെ അറസ്റ്റ്ചെയ്തിരിക്കുന്നത്. അമന് പ്രീത് സിങ്ങിനൊപ്പം മറ്റ് നാല് പേരെയും ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധന്, നിഖില്‍ ദമന്‍ എന്നിവരാണ് സംഭവത്തില്‍ പിടിയിലായിരിക്കുന്ന മറ്റുളളവര്‍.
നിലവില്‍ പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്, വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വാര്‍ത്തകള്‍. 2.6 കിലോ കൊക്കെയ്ന്‍ മയക്കുമരുന്ന് ഹൈദരാബാദില്‍ വില്പനയ്ക്കായി കൊണ്ടുവന്നപ്പോളാണ് സംഘം പിടിയായത്. തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ഡിപ്പാര്‍ട്ട്മെന്റാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. അമന് പ്രീത് സിംഗ് ഉള്‍പ്പെടെ മൊത്തം പതിമൂന്ന് മയക്കുമരുന്ന് ഉപഭോക്താക്കളുടെ പേരുകളാണ് പോലീസ് പുറത്തുവിട്ടത്. ഇവരില്‍ എല്ലാവരും കൊക്കെയ്ന്‍ പോസിറ്റീവ് ആണെന്നും സ്ഥിരീകരിച്ചു.
‘മൂത്രപരിശോധനയില്‍, എല്ലാവരും പോസിറ്റീവാണ്. അവരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇപ്പോള്‍ അവരെ വിശദമായ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുകയാണ്,’ ശ്രീനിവാസ്, രാജേന്ദ്ര നഗര്‍ സോണിലെ സൈബരാബാദ് പോലീസ് ഡിസിപി പറഞ്ഞു. മയക്കുമരുന്ന് കടത്ത്, ഉപയോഗം എന്നീ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രാകുല്‍ പ്രീത് സിംഗിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു. 2022ലും 2021ലും ഇതുമായി ബന്ധപ്പെട്ട് 33 കാരിയായ നടിയുടെ മൊഴി അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയിരുന്നു.