Entertainment

ആസിഫ് അലിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് രമേശ് നാരയണ്‍; കാര്യങ്ങള്‍ മനസിലാക്കാതെയാണ് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടക്കുന്നത്

എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന മനോരഥങ്ങള്‍ ആന്തോളജിയുടെ ട്രെയിലര്‍ ലോഞ്ചില്‍ മെമെന്റോ നല്‍കിയ ആസിഫ് അലിയെ അപമാനിച്ചുവെന്ന വിഷയത്തില്‍ മറുപടിയുമായി സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. താന്‍ ആരെയും അപമാനിക്കുകയോ, വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്നും, കാര്യങ്ങള്‍ മനസിലാക്കാതെയുള്ള സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ടെന്നും ആദ്യമായാണ് സൈബര്‍ ആക്രമണത്തിന് ഇരയാകുന്നതെന്നും രമേഷ് നാരായണ്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അനൗണ്‍സ് കഴിഞ്ഞയുടെനെ ആസിഫ് വന്ന് മെമെന്റോ എന്നെ ഏല്‍പ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാന്‍ ആസിഫിനാണോ മെമെന്റോ നല്‍കേണ്ടത് എന്ന് പോലും വ്യക്തമാകുന്നതിന് മുന്‍പേ , മെമെന്റോ എന്നെ ഏല്‍പ്പിച്ച ആസിഫ് ഒരു ആശംസ പോലും പറയാതെ പോയി.

വിശദാംശങ്ങള്‍ രമേശ് നാരായണ്‍ വ്യക്തമാക്കുന്നു; എംടിയുമായി 1996 മുതലുള്ള പരിചയമുണ്ട്. എം ടിയുടെ മകള്‍ അശ്വതിയുടെ ക്ഷണം സ്വീകരിച്ചാണ് പരിപാടിക്ക് പോയത്. ട്രെയിലര്‍ ലോഞ്ചിന് ശേഷം ആന്തളോജി സിനിമയുമായി സഹകരിച്ച എല്ലാവരേയും വേദിയിലേക്ക് ക്ഷണിച്ച് മൊമന്റോ നല്‍കിയപ്പോഴൊന്നും എന്നെ വിളിച്ചില്ല . അതില്‍ ചെറിയൊരു വിഷമം തോന്നിയിരുന്നു. കാരണം ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതമൊരുക്കിയത് ഞാനാണ്, ജയരാജ് പോലും എന്നെ വേദിയിലേക്ക് ക്ഷണിച്ചില്ലല്ലോ എന്നത് ചെറിയ വേദനയുണ്ടാക്കി. അതിനുശേഷം തിരുവനന്തപുരത്തേക്ക് പോരേണ്ടതിനാല്‍ യാത്ര പറയുകയും വേദിയിലേക്ക് ക്ഷണിക്കാത്തതിലെ വിഷമം അശ്വതിയെ അറിയിക്കുകയും ചെയ്തു. അതിന് പിന്നാലെ അശ്വതി ക്ഷമപറയുകയും വേഗത്തില്‍ മൊമന്റോ എനിക്ക് തരാനുള്ള അവസരമുണ്ടാക്കുകയുമാണുണ്ടായത്. എന്നാല്‍ ഈ സമയം സന്തോഷ് നാരായണന്‍ എന്ന പേരാണ് അവിടെ അനൗണ്‍സ് ചെയ്തത്, അതിന് പിന്നാലെ ആസിഫ് വന്ന് മൊമന്റോ എന്നെ ഏല്‍പ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാന്‍ ആസിഫിനാണോ മൊമന്റോ നല്‍കേണ്ടത് എന്ന് പോലും വ്യക്തമാകുന്നതിന് മുന്‍പേ , മെമെന്റോ എന്നെ ഏല്‍പ്പിച്ച ആസിഫ് ഒരു ആശംസ പോലും പറയാതെ പോയി. തുടര്‍ന്നാണ് ഞാന്‍ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. അതിനുശേഷം ഇന്ന് രാവിലെ അവിടെയുണ്ടായ സംഭവങ്ങളില്‍ ക്ഷമചോദിച്ച് ജയരാജ് സന്ദേശം അയച്ചിരുന്നു. ഇതൊരു മൊമന്റോ മാത്രമല്ലേ , പുരസ്‌കാരമൊന്നുമല്ലല്ലോ ഏതെങ്കിലും ഒരു വ്യക്തി തരണമെന്ന് വാശിപടിക്കാന്‍. വസ്തുത ഇതായിരിക്കെ കാര്യങ്ങള്‍ മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ടെന്നും രമേശ് നാരായണ്‍ വ്യക്തമാക്കി.

 

ഇന്നലെ കൊച്ചിയിലാണ് മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് നടന്നത്. ചടങ്ങില്‍ എംടി വാസുദേവന്‍ നായര്‍, മമ്മൂട്ടി ഉള്‍പ്പടെ മനോരഥവുമായി സഹകരിച്ച ഒട്ടുമിക്കപേരും പങ്കെടുത്തിരുന്നു. ഉലകനായകന്‍ കമല്‍ഹാസനാണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട്, എംടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതി എന്നിവരാണ് ആന്തോളജി ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് വിവിധ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്.