കുവൈത്തിൽ ചൂട് കൂടിയതോടെ തീപിടിത്തം പതിവാകുകയാണ്. രാജ്യത്തിൻറെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് കൂടിയതോടെ രാജ്യത്തെ തീപിടിത്തത്തിന്റെ എണ്ണവും ഏറെ വർധിച്ചിട്ടുണ്ട്. പലപ്പോഴും ആളുകളുടെ അശ്രദ്ധയാണ് തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്.
തീ പടരാവുന്ന വസ്തുക്കൾ താമസ കെട്ടിടങ്ങളിൽ സൂക്ഷിക്കുന്നതും, സ്റ്റയർ കേസിൽ സാധനങ്ങൾ കൂട്ടിയിടുന്നതും അപകടത്തിന്റെ വ്യാപ്തി വർധിക്കുവാൻ കാരണമാകുന്നു. അതോടപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്നും തീപടരാനുള്ള സാധ്യതും ഏറെയാണ്. പാചകം കഴിഞ്ഞാലുടൻ പാചകവാതക സിലിണ്ടറിന്റെ ബർണർ ഓഫാക്കുന്നതും ഒരു അളവ് വരെ തീപിടിത്തങ്ങൾ ഒഴിവാക്കുവാൻ സഹായകരമാകുമെന്ന് അധികൃതർ പറഞ്ഞു. അപകടം ഉണ്ടായാൽ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും അധികൃതർക്ക് നൽകിയാൽ ഉടൻ തന്നെ സഹായം എത്തിക്കാനും അപകടത്തിന്റെ തോത് കുറയ്ക്കാനും കഴിയും.
ചൂട് കൂടിയതോടെ മുതിർന്ന പൗരൻമാർ ആരോഗ്യപ്രശ്‌നങ്ങളുള്ളവർ എന്നിവർപ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. പകൽ സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് കഴിവതും ഒഴിവാക്കണം. പുറത്തു ജോലിചെയ്യുന്നവരുടെ ജോലിസമയം 11 മണി മുതൽ നാല് മണിവരെയായി മാൻപവർ അതോറിറ്റി നിലവിൽ പുനക്രമീകരിച്ചിട്ടുണ്ട്. തീപിടിത്തം ഒഴിവാക്കാനായി പ്രത്യേക ജാഗ്രതപാലിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലും കെട്ടിടങ്ങളിൽ സമാനമായ രീതിയിൽ തീപിടിത്തങ്ങൾ ഉണ്ടായെങ്കിലും ഈ വർഷം നിരവധി മരണങ്ങളാണ് തീപിടിത്തത്തെ തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബർ പകുതിയോടെ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.