ഉത്തരമലബാറിന്റെ ഹൃദയത്തുടിപ്പറിഞ്ഞ, വിളിച്ചാൽ വിളിപ്പുറത്തുണ്ടെന്നു പറയുന്ന മുത്തപ്പൻ. സഞ്ചാരികളോ ഭക്തരോ ഗവേഷകരോ ആരുമായിക്കൊള്ളട്ടെ, ഉത്തരമലബാറിലെ പറശ്ശിനിക്കടവിലേക്കാണ് യാത്രയെങ്കിൽ അതു മുത്തപ്പനെ കാണാൻ തന്നെ. അത്രയധികം ആ നാടുമായി ഇഴചേർന്നു കിടക്കുന്നതാണ് മുത്തപ്പൻ . ജാതിമതലിംഗ വർണ്ണ ഭേദമില്ലാതെ ഏവരെയും തന്റെ സന്നിധിയിലേക്ക് ക്ഷണിക്കുന്ന മുത്തപ്പൻ അവരുടെ ശിരസ്സിൽ തൊട്ടനുഗ്രഹിക്കും, ചായയും ഉച്ചയൂണും അത്താഴവും നൽകും, പയറും ഉണക്കമീനും തേങ്ങാപ്പൂളും പ്രസാദമായി നൽകും. ഈ നാട്ടുകാർക്ക് വിശ്വാസത്തിന്റെയും ശക്തിയുടെയും ധൈര്യത്തിന്റെയും ഒക്കെ രൂപമാണ്. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മുത്തപ്പനു വെള്ളാട്ടവും തിരുവപ്പനയും നേരുന്നതും മുത്തപ്പനെ നേരിട്ട് വന്നു കണ്ട് സങ്കടങ്ങൾ പറയുന്നതും ഒക്കെ ആളുകളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്.
ചരിത്രവും ഐതിഹ്യങ്ങളും കൂടിപ്പിണഞ്ഞതാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. ക്ഷേത്രത്തിന് അതിരിട്ടൊഴുകുന്ന വളപട്ടണം പുഴയിൽ കാലു നനച്ചു വേണം മടപ്പുരയിലേക്കു പ്രവേശിക്കാൻ. ക്ഷേത്രപരിസരത്തും മടപ്പുരയിലും നിരവധി നായ്ക്കളുണ്ട്. മുത്തപ്പന്റെ വാഹനമെന്ന വിശ്വാസമുള്ളതിനാൽ അവയ്ക്ക് ക്ഷേത്രത്തിൽ എവിടെയും യഥേഷ്ടം വിഹരിക്കാം. ആരും ഓടിക്കില്ല. ക്ഷേത്രത്തിൽ പ്രസാദം തയാറാക്കുമ്പോൾ ആദ്യം നൽകുന്നതു പോലും നായ്ക്കൾക്കാണ്.കണ്ണൂരിൽ നിന്നും 16 കിലോമീറ്റർ അകലെ പറശ്ശിനിക്കടവ് എന്ന സ്ഥലത്താണ് പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മറ്റൊന്നിനും പരിഹാരം കാണാനാവാതെ വരുമ്പോള്‍ തന്നിൽ പ്രതീക്ഷയർപ്പിച്ച് എത്തുന്നവരെ മുത്തപ്പന്‍ ഒരിക്കലും നിരാശരാക്കില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. ശ്രീകോവിലിനകത്തേക്കു തിക്കിത്തിരക്കി നോക്കി തൊഴുകയ്യോടെ നിൽക്കുന്നതു പോലെയല്ല, ഭക്തരെ കേട്ടും അറിഞ്ഞും ഇടപഴകുന്ന ദൈവസങ്കല്പത്തിനുതന്നെ വ്യത്യാസമുണ്ട് . തെയ്യക്കോലം കെട്ടി നിൽക്കുന്ന മുത്തപ്പനോട് പ്രശ്നങ്ങൾ പറഞ്ഞ് പ്രാർഥിച്ച് പോകുന്നവർ മനസ്സു നിറഞ്ഞാണ് പോകുന്നത് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
കണ്ണൂരിലെ എരുവേശ്ശി ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്ത് വളർന്ന കുഞ്ഞിൽ നിന്നുമാണ് മുത്തപ്പന്റെ കഥ തുടങ്ങുന്നത്. മക്കളില്ലാത്ത ദുഖത്തിൽ പുജകളും വഴിപാടുകളും നടത്തി ജീവിച്ചിരുന്ന ഈ ഇല്ലത്തെ അന്തർജനത്തിനും നമ്പൂതിരിക്കും മഹാദേലവന്റെ അനുഗ്രഹത്താൽ കൊട്ടിയൂർ തിരുവഞ്ചിറയിൽ നിന്നും ലഭിച്ച കുട്ടിയാണ് മുത്തപ്പൻ. സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായി വിചിത്രമായ രീതികൾ കാണിച്ചുകൊണ്ടിരുന്ന മുത്തപ്പൻ തറവാടിന് പല തവണയായി പേരു ദോഷം കേൾപ്പിക്കുന്നു എന്ന പരാതി അന്തർജനത്തിനുണ്ടായിരുന്നു. നാട്ടുകാർക്ക് മുത്തപ്പൻ സമ്മതനായിരുന്നുവെങ്കിലും വീട്ടുകാർക്ക് അങ്ങനെ അല്ലായിരുന്നു. എന്നാൽ തന്റെ പുത്രനോടുള്ള അളവില്ലാത്ത സ്നേഹം കാരണം അന്തർജനം മുത്തപ്പന്റെ തെറ്റുകൾ പൊറുക്കുകയും കണ്ടില്ല എന്നു നടിക്കുകയും ചെയ്തു പോന്നു. ഒടുവിൽ ഒരു ദിവസം ദേഷ്യം സഹിക്കവയ്യാതെ അന്ർജനം മുത്തപ്പനോട് ദേഷ്യപ്പെടുകയും അപ്പോൾ മുത്തപ്പൻ തന്റെ വിശ്വരൂപം കാണിക്കുയും ചെയ്തു എന്നാണ് വിശ്വാസം.
തന്റെ വിശ്വരൂപം കാട്ടി വീടു വിട്ടിറങ്ങിയ മുത്തപ്പൻ നേരെ പോയത് കുന്നത്തൂരിലേക്കായിരുന്നു. യഥാർഥത്തിൽ അദ്ദേഹത്തിന്റെ ലക്ഷ്യസ്ഥാനം അയ്യങ്കര ആയിരുന്നുവെങ്കിലും കുന്നത്തൂരിന്റ മനോഹാരിത കണ്ട് അവിടെ വസിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇവിടം മുത്തപ്പന്റെ ആരുഢസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രവും ശ്രീകോവിലുകളുമില്ലാതെ വെറും വനത്തിനുള്ളിലാണ് ഈ ആരുഢസ്ഥാനമുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി പയ്യാവൂരിനോട് ചേര്‍ന്നാണ് കുന്നത്തൂര്‍ പാടി സ്ഥിതി ചെയ്യുന്നത്. മുത്തപ്പന്റെ ആരൂഢസ്ഥാനമാണെങ്കിലും ഇവിടെ പ്രത്യേകിച്ച് ഒരു ക്ഷേത്രമൊന്നുമില്ല . ഉത്സവസമയത്ത് താത്കാലികമായ ഒരു മഠപ്പുര കെട്ടിയുണ്ടാക്കുകയാണ് ചെയ്യുന്നത്. ബാക്കിയുള്ള ക്ഷേത്രങ്ങളില്‍ തുലാമാസത്തില്‍ വെള്ളാട്ടം നടത്തുമ്പോള്‍ ഇവിടെ മാത്രം കന്നി മാസത്തിലാണ് നടക്കുക. കന്നി മാസത്തിലെ പുത്തരി വെള്ളാട്ടമാണ് ഇവിടുത്തെ പ്രത്യേകത.
മുത്തപ്പന്റെ ഭാഷയില്‍ തന്റെ അംശമാണ് പറശ്ശിനി മടപ്പുരയില്‍ എത്തുന്നവര്‍ക്ക് നല്‍കുന്ന വന്‍പയര്‍ പ്രസാദം. പ്രതിവർഷം 20 ലക്ഷത്തോളം പേരാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽനിന്ന് വൻപയറും തേങ്ങപ്പൂളും ചായയും ഉൾപ്പെടുന്ന പ്രസാദം കഴിക്കുന്നത്. പറശ്ശിനി മടപ്പുരയുടെ ഈ പുണ്യപ്രവൃത്തി നൂറുവർഷം പിന്നിട്ടുകഴിഞ്ഞു മടപ്പുരയിലെത്തുന്ന ആരും വെറും വയറോടെ തിരിച്ചുപോകരുതെന്ന മുത്തപ്പന്റെ നിശ്ചയമാണ് ഒരുനൂറ്റാണ്ടിലേറെയായി ഈ വന്‍പയര്‍ പ്രസാദം നല്‍കുന്നതിന് പറശ്ശിനി മടപ്പുരയെ പ്രേരിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ രാത്രി എട്ടുവരെയാണ് പ്രസാദ വിതരണം. പ്രാര്‍ഥിക്കാന്‍ വന്നവര്‍ക്ക് മാത്രമല്ല പറശ്ശിനി മടപ്പുരയുടെ പടികടന്നെത്തുന്ന ആര്‍ക്കും മുത്തപ്പന്റെ ഈ പുണ്യപ്രസാദം സൗജന്യമായി ലഭിക്കും. മുടങ്ങാതെ, കൃത്യമായ ചിട്ടയോടെ വന്‍പയര്‍ പ്രസാദം നല്‍കുന്നതിന് മറ്റൊരു കാരണവുമുണ്ട്. പ്രസാദം കഴിക്കുന്നവര്‍ക്കിടയില്‍ സാധാരണക്കാരനായ ഒരാളായി മുത്തപ്പനുണ്ടെന്ന വിശ്വാസമാണത്. ആളുകള്‍ അധികമില്ലായിരുന്ന നൂറു വര്‍ഷം മുമ്പ് ചെറുപയറും പനങ്കള്ളുമായിരുന്നു പറശ്ശിനി മടപ്പുരയില്‍നിന്ന് നല്‍കിയിരുന്നത്. പിന്നെയത് കടല പുഴുങ്ങിയതായി. ആളുകളുടെ എണ്ണം കൂടിയതോടെ വന്‍പയറും തേങ്ങപ്പൂളുമായി മാറി. ഉച്ചയ്ക്കും രാത്രിയിലുമുള്ള അന്നദാനത്തിനു പുറമെയാണ് ഇടമുറിയാതെ വന്‍പയറും തേങ്ങപ്പൂളും ചായയും നല്‍കുന്നത്.കുറഞ്ഞത് ഒന്നര ക്വിന്റല്‍ പയര്‍, 150 തേങ്ങ, 50 ലിറ്ററിലേറെ പാല്‍ എന്നിവയാണ് ദിവസവും ആവശ്യമുള്ളത്