ഇന്ത്യയിൽ ഏറ്റവും കൂടുതൽ അറബ് ഗോത്രങ്ങൾ വസിക്കുന്നത് ഹൈദരാബാദിലാണ് എന്നറിയാമോ?അതു കഴിഞ്ഞാൽ കേരളത്തിലും കശ്മീരിലും ആണെന്നോ..
12 , 13- നൂറ്റാണ്ടുകളിലായി ഇന്നത്തെ യമനിലെ ഹദറമൗത്തില്‍ – പ്രധാനമായും ഹദറമൗത്തിലെ തരീം എന്ന പ്രദേശത്തു നിന്നും മലബാറിലേക്ക് നിരവധി അറബ് ഗോത്രങ്ങളുടെ കുടിയേറ്റങ്ങൾ നടക്കുകയുണ്ടായി. ഈ അറബ് ഗോത്രങ്ങളെ , അവർ ഹദറമൗത്തിൽ നിന്ന് വന്നവരായതിനാൽ പൊതുവേ ഹദറമികൾ എന്നറിയപ്പെട്ടു. മുഖ്യമായും വ്യാപാരാവശ്യാർത്ഥമായാണ് അവർ ഇവിടേക്ക് വന്നത്. അവരിൽ ചിലർക്ക് മതപ്രബോധനവും ലക്ഷ്യമായിരുന്നു.
12 ആം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിൽ തന്നെ ഹദറമി ഗോത്രങ്ങൾ വിവിധ ഏഷ്യൻ , ആഫ്രിക്കൻ നാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയും. മലബാറിലെത്തിയവരിൽ വലിയൊരു വിഭാഗം ഹദറമികൾ , സയ്യിദ് ( തങ്ങന്മാർ , അഥവാ പ്രവാചകൻ മുഹമ്മദ് നബിയുടെ വംശത്തിൽ ) പരമ്പരയിൽ പെട്ടവരാണെന്ന് അവകാശപ്പെടുന്നുണ്ട്. അതിന് ചിലരുടെയെല്ലാം കൈവശം “സനദുകളും” ( വംശാവലി രേഖ ) കാണാം.
ഹദ്‌റമികളുടെ മലബാറിലേക്കുളള വരവ് , ഇവിടുത്തെ തദ്ദേശീയ മുസ്ലിംകൾക്കിടയിൽ സാംസ്കാരികമായും സാമൂഹികമായും പല മാറ്റങ്ങളും സൃഷ്ടിക്കുകയുണ്ടായി. ഭക്ഷണ രീതികളിലും ആചാരാനുഷ്ടാനങ്ങളിലും ഇത് വളരേ പ്രകടമായി നമുക്ക് ദർശ്ശിക്കാൻ കഴിയും. ഉദാഹരണമായി കോഴിക്കോട് , തലശേരി തുടങ്ങിയ പ്രദേശങ്ങളിൽ ഇത് വളരേ പ്രകടമാണ്.
ഹദ്റമികൾ പുറമേ നിന്ന് വന്നവരാണെങ്കിലും കേരളീയ സമൂഹത്തോട് ഇഴികിച്ചേർന്ന് , കേരളീയ സംസ്കാരവും ഭാഷയും ഭക്ഷണവും വസ്ത്രധാരണാ രീതിയുമെല്ലാം സ്വജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവരാണ്. കോഴിക്കോട് , കൊയിലാണ്ടി , കണ്ണൂർ ജില്ലയിലെ വളപട്ടണം , മലപ്പുറം ജില്ലയിൽ പാണക്കാട്…. എന്നിവിടങ്ങളിൽ ഈ അറബ് ഗോത്ര കുടുംബങ്ങൾ വസിച്ച് വരുന്നു.
ഇവരിൽ പലരും പിന്നീട് രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രശസ്തരായി.
സ്വാതന്ത്ര്യ സമരത്തിലടക്കം പങ്ക് ചേർന്ന് രാജ്യത്തിനു വേണ്ടി ഇവരില്‍ ചിലർ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ചില വ്യക്തിത്വങ്ങളാണ് “സൈഫുൾ ബത്താർ” എന്ന യുദ്ദ കാവ്യത്തിന്റെ രചയിതാവായ മൗലദ്ദവീല ഗോത്രത്തിലെ മമ്പുറം തങ്ങൾ എന്ന പേരിൽ പ്രസിദ്ദനായ സയ്യിദ് അലവി മൗലദ്ദവീലയും പുത്രൻ സയ്യിദ് ഫസൽ മൗലദ്ദവീലയും ( ഇദ്ദേഹത്തെ ബ്രിട്ടീഷുകാർ രാജ്യദ്രോഹ കുറ്റം ചുമത്തി ഒമാനിലേക്ക് നാടുകടത്തുകയുണ്ടായി ).
അത് പോലെ ശിഹാബ് ഗോത്രത്തിലെ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധാഹ്വാനം ചെയ്ത് എ.ഡി.1880ല്‍ ‘ഫത്‌വ’ പുറപ്പെടുവിച്ചു. ഇതോടെ സ്വാതന്ത്ര്യ സമരാഗ്നി ആളിപ്പടര്‍ന്നു. എ.ഡി.1882ല്‍ അദ്ദേഹത്തെ ബ്രിട്ടീഷ് സൈന്യം അറസ്റ്റ് ചെയ്ത് നാടുകടത്തി. ദീര്‍ഘകാലം വെല്ലൂര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. ഹിജ്റ 1302ല്‍ വെല്ലൂര്‍ ജയിലില്‍ വെച്ച് മരണപ്പെടുകയുമുണ്ടായി.
ഇപ്പോഴും കേരളാ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമുളള ഒരു അറബ് ഗോത്രമാണ് ശിഹാബുകൾ.
Content highlight : There is an Arab tribe that has a decisive influence on Kerala politics