1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ഡോക്ടര്‍ സണ്ണിയായി എത്തിയപ്പോള്‍ നകുലന്‍ എന്ന സുഹൃത്തായി, സുരേഷ് ഗോപിയും ഗംഗയായും നാഗവല്ലിയായും ശോഭനയും സ്‌ക്രീനില്‍ എത്തി. തിലകന്‍, നെടുമുടി വേണു, വിനയ, ഇന്നസെന്റ്, കെപിഎസി ലളിത, സുധീഷ്, കുതിരവട്ടം പപ്പു, ഗണേഷ് കുമാര്‍, ശ്രീധര്‍, രുദ്ര തുടങ്ങി ഒട്ടനവധി താരങ്ങളും സിനിമയില്‍ അണിനിരന്നിരുന്നു. ഈയടുത്ത് ദേവദൂതന്റെ റീ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. ജൂലൈ 26 ആണ് ചിത്രത്തിന്റെ റീ റിലീസ്.
മണിച്ചിത്രത്താഴിന്റെ റീ റിലീസ് തീയതി സംന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ റീ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 17 ന് തിയേറ്ററില്‍ എത്തും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശോഭനയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പം റീ റിലീസ് തീയതിയും അറിയിച്ചിരിക്കുന്നത്. ക്ലാസിക് മലയാള സിനിമയുടെ ആരാധകര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് ട്രീറ്റാണ് സിനിമ നല്‍കാന്‍ പോകുന്നത്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദത്തോടെ 4കെ റെസല്യൂഷനിലാണ് സിനിമ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ അങ്ങനെ വീണ്ടും ഒരു ദൃശ്യ അനുഭൂതി പ്രേക്ഷകര്‍ക്കായി ഒരുക്കുകയാണ്.
1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് ഇന്ത്യന്‍ സിനിമയിലെ ഒരു നാഴികക്കല്ലായി തുടരുന്നു. മധു മുട്ടം തിരക്കഥ രചിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട, എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. റിലീസ് ചെയ്ത് 10 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഈ ചിത്രം പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.