Movie News

‘ആടുജീവിതം’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും തീയ്യതിയും പ്രഖ്യാപിച്ചു-Aadujeevitham OTT Platform declared

മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘ആടുജീവിതം’ സിനിമ ഒടിടിയിലേക്ക്. മലയാള സിനിമയ്ക്കും, മലയാളികള്‍ക്കു തന്നെയും അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് ആടുജീവിതത്തിന്റേതെന്ന് നിസംശയം പറയാം. ‘ആടുജീവിതം’ വെള്ളിത്തിരയിലെത്തിക്കാനുള്ള സംവിധായകന്‍ ബ്ലെസ്സിയുടെ ഒരു വ്യാഴവട്ടക്കാലത്തിലധികം നീണ്ടുനിന്ന പരിശ്രമവും, ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബിനെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിക്കാനുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനവും, പ്രതികൂല സാഹചര്യങ്ങളെയൊന്നും വകവയ്ക്കാതെ ചിത്രത്തെ അത്രയേറെ മികവുറ്റതാക്കിയ അണിയറപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യവും ഫലം കണ്ടെന്നതിന്റെ നേര്‍ക്കാഴ്ച തന്നെയാണ് പ്രേക്ഷകര്‍ ആടുജീവിതത്തിനു നല്‍കിയ അംഗീകാരം.

150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആടുജീവിതം ഇപ്പോഴിതാ ഒടിടിയിലേക്കും എത്തുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം ജൂണ്‍
19 ന് സ്ട്രീമിംഗ് ആരംഭിക്കും. മാര്‍ച്ച് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. നീണ്ട 113 ദിവസങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ ആടുജീവിതത്തില്‍ നായികയായെത്തിയത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കര്‍ണാടകയില്‍ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചത്. പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബിന്റെ മരൂഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രത്തിന്റെ റിലീസ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. പതിനഞ്ചു വര്‍ഷത്തിന് മുന്‍പ് തുടങ്ങിയ സിനിമാചര്‍ച്ച 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ചെങ്കിലും വര്‍ഷങ്ങളുടെ തയാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്.