Celebrities

മമ്മൂക്ക ധരിച്ചിരിക്കുന്ന ഈ ഷര്‍ട്ടിന് ഒരു കഥ പറയാനുണ്ട്; എന്താണെന്നോ?-Mammootty shirt details

മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററാണ് പ്രിയതാരം മമ്മൂട്ടി. മമ്മൂക്ക പൊതുവേദികളില്‍ ധരിച്ചുവരുന്ന വസ്ത്രങ്ങള്‍ക്കെല്ലാം തന്നെ വലിയ ഫാന്‍ബേസ് ഉണ്ടാകാറുണ്ട്. ഇപ്പോള്‍ ഇതാ കഴിഞ്ഞ ദിവസം ഒരു പാട്ടിന്റെ ലോഞ്ചിന് മമ്മൂക്ക ധരിച്ചെത്തിയ ഷര്‍ട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇതിനോടകം തന്നെ ഒരുപാട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു ആ ലിനന്‍ ഷര്‍ട്ട്. എങ്കില്‍ ഇതാ മമ്മൂക്ക ധരിച്ചെത്തിയ ഷര്‍ട്ടിന് ഒരു കഥകൂടി ഉണ്ട് പറയാന്‍..

ജെസ്ഫര്‍ എന്ന ആരാധകന്‍ കഴിഞ്ഞ മാസമാണ് തന്റെ ഇഷ്ടതാരത്തിന് താന്‍ പെയിന്റ് ചെയ്ത ഈ ലിനന്‍ ഷര്‍ട്ട് കൈമാറിയത്. ചുണ്ടുകള്‍ക്കിടയില്‍ പെയിന്റിങ് ബ്രഷ് കടിച്ച് പിടിച്ചാണ് ജെസ്ഫര്‍ ഷര്‍ട്ടില്‍ പെയിന്റ് ചെയ്തത്. ജെസ്ഫറിന്റെ ശരീരം മെസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് തളര്‍ന്ന അവസ്ഥയിലാണ്. ഒരു സിനിമ പ്രമോഷനായി മമ്മൂട്ടി ദുബായില്‍ എത്തിയപ്പോഴായിരുന്നു താന്‍ വരച്ച മമ്മൂട്ടിയുടെ ഒരു ചിത്രവും ഒപ്പം ഡിസൈന്‍ ചെയ്ത ഷര്‍ട്ടും അദ്ദേഹത്തിന് കൈമാറിയത്. തീര്‍ച്ചയായും ഒരിക്കല്‍ ധരിക്കുമെന്ന് മമ്മൂട്ടി അന്ന് ജെസ്ഫറിനോട് പറഞ്ഞിരുന്നു. പക്ഷെ തിരക്കിനിടയില്‍ അദ്ദേഹം മറന്നു കാണും എന്നായിരുന്നു ജെസ്ഫര്‍ കരുതിയത്.

എന്നാല്‍ തന്റെ ആരാധകനെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞദിവസം ഒരു പാട്ടിന്റെ ലോഞ്ചിന് മമ്മൂട്ടി എത്തിയത് അതേ് ഷര്‍ട്ട് ധരിച്ചായിരുന്നു. ‘ഒരുപാട് സന്തോഷമുണ്ട്. ഒരു മാസം മുന്നേയാണ് മമ്മൂക്കയെ ദുബായില്‍ വച്ച് കണ്ടത്. അപ്പോള്‍ ഞാന്‍ വരച്ച അദ്ദേഹത്തിന്റെ ഒരു ചിത്രവും, ഷര്‍ട്ടും ഗിഫ്റ്റ് ആയിട്ട് കൊടുത്തിരുന്നു. അദ്ദേഹത്തെ കണ്ട നിമിഷം മെമ്മറബിള്‍ ആക്കണമെന്ന് വിചാരിച്ചാണ് ചിത്രവും ഒപ്പം ഞാന്‍ തന്നെ പെയിന്റ് ചെയ്ത ഷര്‍ട്ടും മമ്മൂക്കയ്ക്ക് നല്‍കിയത്’, ജെസ്ഫര്‍ പറഞ്ഞു.

വൈശാഖ് സംവിധാനം ചെയ്ത ചിത്രമായ ടര്‍ബോയാണ് തിയേറ്ററില്‍ എത്തിയ മമ്മൂട്ടിയുടെ അവസാന ചിത്രം.മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം ആക്ഷന്‍- കോമഡി ജോണറില്‍ ആണ് പുറത്തിറങ്ങിയത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയും ഇവരുടെ ആദ്യത്തെ ആക്ഷന്‍ പടവും കൂടിയാണ് ടര്‍ബോ. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ടര്‍ബോയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തി. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ്.