വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ്- നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയചിത്രമാണ് ‘കല്‍ക്കി 2898 എഡി’. അഭിനേതാക്കള്‍ എല്ലാവരും തന്നെ മത്സരിച്ച് അഭിനയിച്ച ഒരു സിനിമയായിരുന്നു കലക്കി. ദിവസങ്ങള്‍ കൊണ്ട് തന്നെ കോടിക്കണക്കിന് രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇപ്പോള്‍ ഇതാ ചിത്രത്തിലെ നായികയായ ദീപിക പതുക്കോണിന്റെ അഭിനയത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ ഒരു വീഡിയോ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് അവരുടെ ഔദ്യോഗിക സൈറ്റില്‍ പങ്കിട്ടിരിക്കുകയാണ്. അതൊടൊപ്പം സിനിമയുടെ ഛായാഗ്രാഹകന്‍ ജോര്‍ഡ്‌ജെ സ്റ്റോജില്‍കോവിച്ച് സിനിമ ഷൂട്ട് ചെയ്ത അനുഭവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ‘ദീപികയെ എന്തുകൊണ്ടാണ് ബോളിവുഡിന്റെ രാജ്ഞിയെന്ന് ആരാധകര്‍ വിളിക്കുന്നത് എന്ന് ഇപ്പോളാണ് എനിക്ക് മനസ്സിലായത്. ഞാന്‍ നല്‍കിയ ഓരോ ഷോട്ടുകളും അവര്‍ ആത്മാര്‍ത്ഥതയോട് കൂടിയാണ് അഭിനയിച്ചത്. പ്രത്യേകിച്ചും പ്രൊഫൈല്‍ ഷോട്ടുകള്‍. സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ചും സിനിമയുടെ രീതികളെക്കുറിച്ചും എല്ലാം ഞങ്ങള്‍ ഒരുപാട് സംസാരിക്കുകയും ചെയ്തു. ചിത്രത്തിനായി ദീപിക നല്‍കിയ പിന്തുണയും പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണ്. ഓരോ തവണയും ഒന്നിനൊന്നു മികച്ച പ്രകടനങ്ങള്‍ ആണ് നടി കാഴ്ചവെച്ചത്’ ജോര്‍ഡ്‌ജെ സ്റ്റോജില്‍കോവിച്ച് പറഞ്ഞു.
അമിതാഭ്ബച്ചന്റെ അര്‍പ്പണബോധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രഭാസ് ഒരു അതിശയകരമായ ആള്‍ തന്നെയെന്നും അങ്ങേയറ്റം ഊര്‍ജ്ജം നിറഞ്ഞ ഒരു വ്യക്തിത്വമാണ് അദ്ദേഹം എന്നും ഛായാഗ്രാഹകന്‍ പറഞ്ഞു. ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടുളള രംഗങ്ങള്‍ പ്രഭാസും ദിഷാ പടാനിയും വളരെ സിമ്പിളായി ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.