മലപ്പുറം: എംഡിഎംഎയും, ആയുധങ്ങളും കൈവശം വച്ച കേസിൽ യൂട്യൂബ് വ്ളോഗർ വിക്കി തഗ്ഗ് കീഴടങ്ങി. പാലക്കാട് കോടതിയിലാണ് കീഴടങ്ങിയത്. 2022ൽ എംഡിഎംഎയും തോക്കും, കത്തിയും കൈവശം വെച്ചതിനാണ് വിക്കി തഗ്ഗിനെതിരെ കേസെടുത്തത്.
പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ അന്വേഷിച്ച് പോലീസ് ഹിമാചൽ പ്രദേശിൽ വരെ എത്തിയിരുന്നു.
കൊല്ലം സ്വദേശിയാണ് വിഘ്നേഷ് എന്ന വിക്കി തഗ്ഗ്. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു എന്ന വിക്കി തഗ് എന്ന പേരില്‍ യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു.
ബെംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനും തോക്കും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളുമായി ഇയാളെയും സുഹൃത്തും നിയമ വിദ്യാര്‍ത്ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും എക്സൈസ് പിടികൂടിയത്.
ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം കിട്ടിയെങ്കിലും ആയുധം കൈവശം വച്ചതിന് കസബ പൊലീസ് എടുത്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചില്ല. ഇതോടെ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട് ഒളിവിൽ പോവുകയായിരുന്നു.
അതേസമയം, കോടതിയില്‍ കീഴടങ്ങുന്നതിന് തൊട്ട് മുമ്പ് വ്ളോഗര്‍ വിക്കി തഗ് പങ്കുവെച്ച വീഡിയോ വൈറലാകുന്നു. കേസുമായി ബന്ധപ്പെട്ട് കസബ പൊലീസിന് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പട്ടതിനാല് കോടതയില്‍ ഹാജരാവുകയാണെന്ന് വിക്കി തഗ് വീഡിയോയിൽ പറയുന്നു. ചിലപ്പോള്‍ തന്നെ വീണ്ടും റിമാൻഡ് ചെയ്യും.
വീണ്ടും എത്രയും പ്രിയപ്പെട്ട മലമ്പുഴ ജയിലിലേക്ക് തനിക്ക് പോകേണ്ടി വന്നേക്കും. എങ്കിലും പെട്ടെന്ന് തിരിച്ച് വരാൻ പ്രാര്‍ത്ഥിക്കണമെന്ന് വിക്കി തഗ് വീഡിയോയില്‍ പറയുന്നു. തനിക്ക് റീല്‍ റിയല്‍ ലൈഫായി മാറിക്കൊണ്ടിരിക്കുകയാണ്, സഞ്ജു ടെക്കിയോട് ചെയ്ത പോലെയൊന്നും ചെയ്യരുതെന്നും ഇത് മാസ് കാണിക്കുന്നത് അല്ലെന്നും വിക്കി തഗ് വീഡിയോയിൽ പറയുന്നുണ്ട്.