പ്രണയമഴ
ഭാഗം 19
പോട്ടെ ഗൗരി സാരമില്ല… ആദ്യ അച്ഛന് സങ്കടം തോന്നിക്കാണും…. അമ്മയ്ക്കും ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു നിന്നോട്.. പക്ഷേ ഇപ്പോൾ അവർ രണ്ടാളും അതീവ സന്തോഷത്തിലാണ്.. ഏറ്റവും നല്ല ഒരു കുടുംബത്തിലേക്ക് അല്ലേ നീ ചെന്ന് കയറാൻ പോകുന്നത്. പിന്നെ ഹരി ആണെങ്കിലും നിന്നെ, ചതിക്കുകയോ വഞ്ചിക്കുകയും ഒന്നും ചെയ്തില്ലല്ലോ. സ്നേഹിച്ച പെണ്ണിനെ അയാൾ ഉപേക്ഷിക്കാതെ കുടുംബത്തിൽ പറഞ്ഞില്ലേ എല്ലാം..അതുകൊണ്ട് നീ സങ്കടപ്പെടുകയൊന്നും വേണ്ട…ഭഗവാനോട്… പ്രാർത്ഥിക്കുക എല്ലാം നല്ലതായി നടക്കുവാൻ ”
ഗൗരിയുടെ കണ്ണുനീർ ഒപ്പി കൊണ്ട് ലക്ഷ്മി പറഞ്ഞു..
” മോളെ ഗൗരി… നീയ് ആ സെറ്റും മുണ്ടും എടുത്തു ഉടുക്ക്..അവര് വരുമ്പോൾ നീ നല്ല മിടുക്കി കുട്ടിയായി നില്ക്കു… “അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ലക്ഷ്മി അനുജത്തിയെ സമാധാനിപ്പിച്ചു..
***********
ഹരി…. എടാ മോനെ… നീ ഇതുവരെ റെഡി ആയില്ലേ…… അമ്മ താഴെ നിന്നും വിളിക്കുന്നത് ഹരി കേട്ടു… അവൻ ബാൽക്കണിയിൽ വെറുതെ നിൽക്കുകയാണ്…
ഗൗരിയുടെ വീട്ടിൽ പോകുവാനായി, കാലത്തെ അവൻ കുളിയൊക്കെ കഴിഞ്ഞ് നിന്നപ്പോൾ ആണ് അവൾ അയച്ച മെസ്സേജ് ഹരി കാണുന്നത്…
താൻ ഇന്ന് അവളുടെ വീട്ടിൽ ചെന്നിട്ടുണ്ടെങ്കിൽ അവൾ ഈ ബന്ധത്തിൽ നിന്നും പിന്മാറും എന്നാണ് അവൾ പറഞ്ഞത്..
അവന് ആകെ കൺഫ്യൂഷനായി…
ഇനി ചെന്നിട്ടുണ്ടെങ്കിൽ ഗൗരി ഈ വിവാഹത്തിൽ നിന്ന് പിന്മാറുമോ..,. അവൾക്ക് ഇഷ്ടമല്ലെങ്കിൽ പോകാതിരിക്കുന്നതാണ് നല്ലതെന്ന് അവന് തോന്നി.
വീട്ടിൽ എല്ലാവരും റെഡിയായി നിൽക്കുകയാണ്… മുത്തശ്ശിയും തന്റെ ഹരിക്കുട്ടന്റെ പെണ്ണിനെ കാണണമെന്നും പറഞ്ഞു പോകുവാനായി ഒരുങ്ങി നിൽക്കുകയാണ്.. അമ്മാളു ആണെങ്കിൽ ഇന്നലെ വൈകിട്ട് തന്നെ ഹോസ്റ്റലിൽ നിന്നും തിരികെയെത്തി. അവൾക്കിനി മൂന്ന് മാസത്തിൽ താഴെയുള്ളൂ ക്ലാസ്സ്… നീലിമയും കുഞ്ഞും കണ്ണനും എല്ലാവരും വളരെ സന്തോഷത്തിലാണ്…
ഹരി…… അച്ഛൻ വിളിച്ചപ്പോൾ അവൻ ഫോണുമായി താഴേക്ക് ഇറങ്ങിച്ചെന്നു..
അല്ല… നീ ഇതുവരെ ഒരുങ്ങിയില്ലേ ഹരി… ഇപ്പോൾ തന്നെ സമയം 10 മണിയായിരിക്കുന്നു… ഞാനവരോട് 10:00 മണിയാകുമ്പോൾ വരും എന്നു പറഞ്ഞതാണ്. അതെങ്ങനെ ഇവിടുത്തെ സ്ത്രീജനങ്ങൾ ഒക്കെ ഒന്ന് ഒരുങ്ങി വരണ്ടേ…. ഗോപിനാഥൻ തന്റെ വാച്ചിലേക്ക് നോക്കി എന്നിട്ട് ഹരിയേയും നോക്കി .
അത് അച്ഛാ ഞാൻ വരുന്നില്ല നിങ്ങളെല്ലാവരും കൂടെ പൊയ്ക്കോളൂ…. എനിക്ക് അത്യാവശ്യം ആയിട്ട് ഒന്ന് രണ്ട് ക്ലൈന്റ്സിനെ കാണാൻ ഉണ്ട്… അവൻ ഫോണിൽ നോക്കിക്കൊണ്ട് പറഞ്ഞു..
ഹാ ഇതു നീ എന്തു വർത്തമാനമാണ് ഹരി പറയുന്നത്.. നീ വരാതെ എങ്ങനെയാണ്… ക്ലൈന്റ്സിനോടൊക്കെ നിനക്ക് പിന്നീട് സംസാരിച്ചാൽ പോരെ നീ വേഗം റെഡിയാകൂ… അയാൾ ധൃതി കാട്ടി..
“അച്ഛാ ഞാൻ അവളെ കണ്ടിട്ടുള്ളതല്ലേ… ഇന്നലെയും കൂടി ഞങ്ങൾ കണ്ടു സംസാരിച്ചതാണ്. ഇപ്പോൾ തൽക്കാലം നിങ്ങളെല്ലാവരും കൂടെ പോയിട്ട് വരൂ….. ”
” ഹരിയേട്ടനു എന്താണ് പെട്ടെന്ന് പറ്റിയതു.. ഇന്നലെ രാത്രിയിൽ കൂടി എന്നോട് ചോദിച്ചതാണ് ഏത് കളർ ഡ്രസ്സ് ഇടണമെന്ന്… ” അമ്മാളുവിന്റെ നെറ്റി ചുളിഞ്ഞു..
” അതൊക്കെ ശരിയാണ് മോളെ ഞാൻ ഇന്നു വരാം എന്ന് ഗൗരിക്ക് വാക്ക് കൊടുത്തതാണ് പക്ഷേ എനിക്ക് കാണേണ്ടവരെ കാണാതെ പറ്റില്ല,, എന്റെ ഒരു ഡ്രീം പ്രോജക്ട് ആണ് ഇനി നടക്കാൻ പോകുന്നത്. അതിനെനിക്ക് അവരെ കണ്ടേ പറ്റൂ.. അച്ഛാ നിങ്ങൾ എല്ലാവരും കൂടെ ചെല്ല്…. വെറുതെ സമയം കളയണ്ട ”
അവൻ അത്രയും പറഞ്ഞുകൊണ്ട് എല്ലാവരെയും നോക്കി…
” എങ്കിൽ ശരി അച്ഛാ, നമ്മൾക്ക് എല്ലാവർക്കും കൂടി പോയിട്ട് വരാം, ഇവര് തമ്മിൽ എപ്പോഴും കാണുന്നതല്ലേ” കണ്ണൻ പറഞ്ഞപ്പോൾ എല്ലാവരും ഇറങ്ങി…
ഹരി മുത്തശ്ശിയുടെ കവിളിൽ കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുത്തു…
” ഹരി ഞാൻ ഗൗരിയോട് എന്തെങ്കിലും പ്രത്യേകം പറയണോ”? മുത്തശ്ശി അടക്കിപ്പിടിച്ച് അവനോട് ചോദിച്ചു
” എത്രയും പെട്ടെന്ന് മേലേടത്തേക്ക് വരുവാൻ അവളോട് റെഡിയായിരുന്നോളാൻ മുത്തശ്ശി പറയണം”
ഓക്കേ…. മുത്തശ്ശി തള്ളവിരൽ ഉയർത്തി കാണിച്ചു…
എന്താണ് അമ്മയും കൊച്ചുമകനും കൂടി അവിടെനിന്ന് നാടകം കളിക്കുന്നത്… വരൂ അമ്മ വന്നു വണ്ടിയിൽ കയറൂ…. ഗോപിനാഥൻ കാറിന്റെ മുൻ സീറ്റിലെ ഡോർ തുറന്നു പിടിച്ചുകൊണ്ട് ജാനകിയമ്മയെ വിളിച്ചു..
അങ്ങനെ ഇരു കാറുകളിലും ആയി മേലേടത്തെ വീട്ടിൽ നിന്നും ഗൗരിയുടെ വീട്ടിലേക്ക് അവർ യാത്രയായി…
ഹരി തന്റെ മുറിയിലേക്ക് കയറിപ്പോയി. കട്ടിലിൽ ചെന്നവൻ മലർന്നു കിടന്നു.. ഗൗരി അയച്ച മെസ്സേജ് ഒന്നുകൂടി അവൻ വായിച്ചു നോക്കി…ഗൗരി…. എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ പറ്റില്ല ഈ ജന്മം… അതുകൊണ്ട് നീ പറയുന്നത് ഞാൻ അനുസരിക്കുന്നു. ഞാൻ നിന്റെ വീട്ടിലേക്ക് വരുന്നില്ല. ഇനി ഞാൻ വന്നു കഴിഞ്ഞാൽ നീ ഈ ബന്ധത്തിൽ നിന്ന് പിന്മാറിയാലോ… അപ്പോൾ ശരി എന്റെ ഗൗരിക്കുട്ടി മിടുക്കി ആയിട്ട് നിൽക്കണം… ഞാൻ രാത്രിയിൽ വിളിക്കും നീ ഫോൺ എടുക്കണം. ഓക്കേ…. എന്ന സ്വന്തം നിന്റെ ഹരിയേട്ടൻ.. ലൗവിന്റെ രണ്ട് സ്മൈലി കൂടി അയച്ചിട്ട് അവൻ ഫോൺ അവന്റെ നെഞ്ചത്തേക്ക് വെച്ചു..
കോവിലിൽ പുലർവേളയിൽ ജയദേവാഗീതാലാപനം .
കേവലാനന്ദാമൃതതിരയഴിയിൽ
നീരാടി നാം..
പുതിലഞ്ഞി ചോട്ടിൽ
മലർമുതുകോർക്കാൻ പോകാം
ആന കേറാ മേട്ടിൽ
ഇനി ആയിരതിരി കൊളുത്തം
ഇനിയുമീ നടകളിൽ
ഇളവേൽക്കാൻ മോഹം
ശ്രീരാഗമോ തേടുന്നു നീ…..
ഹരിയുടെ മധുരമായ ശബ്ദം ആ മുറിയിലാകെ ഒഴുകി….
അവൻ അസ്സലായി പാടുകയാണ്…
എല്ലാം മറന്ന്…
മനസ്സിൽ ആകെ ഒരു മുഖം മാത്രം ഒള്ളൂ…. ഒരേ ഒരു വികാരവും….. തന്റെ ഗൗരി… അവളാണ് അവന്റെ ശ്വാസം…
കണ്ട നാൾ മുതൽ സ്വന്തം ആക്കണം എന്ന് മോഹിച്ച ഒരേ ഒരു പെൺകുട്ടി..
ഇന്നുവരെ അച്ഛനോട് ഒന്നും അവൻ ആവശ്യപ്പെട്ടിട്ടില്ല.. ആദ്യം ആയി അവൻ ആവശ്യപ്പെട്ടത് നടത്തി തരില്ല എന്ന് അയാളും പറഞ്ഞില്ല… കാരണം അയാളും അവനും തമ്മിൽ ഒരു ആത്മബന്ധം ഉണ്ട്…..അത് കുടുംബത്തിൽ എല്ലാവർക്കും അറിയുകയും ചെയാം..
11 മണിയോടുകൂടി ഹരിയുടെ വീട്ടിൽ നിന്നുമുള്ള ആളുകൾ എല്ലാവരും ഗൗരിയുടെ വീട്ടിൽ എത്തിച്ചേർന്നു..
ഗൗരിയുടെ അച്ഛനും അമ്മയും ദീപനും ലക്ഷ്മിയും എല്ലാവരും കൂടിയാണ് അവരെ സ്വീകരിച്ചത്.
ലക്ഷ്മി ചെന്ന് ഗൗരിയെ വിളിച്ചുകൊണ്ടുവന്നു.. മാമ്പഴ മഞ്ഞയും പച്ചയും ഇടകലർന്ന ഒരു സെറ്റും മുണ്ടും ആയിരുന്നു ഗൗരിയുടെ വേഷം. നീണ്ടിടതൂർന്ന മുടി കുളിപ്പിന്നൽ പിന്നി ഇട്ടിരിക്കുന്നു.. നെറ്റിയിൽ ഒരു കറുത്ത കുഞ്ഞു പൊട്ടും കളഭ കൂട്ടും, കണ്ണുകൾ ചെറുതായി ഒന്ന് കറുപ്പിച്ചിട്ടുണ്ട്.. കഴുത്തിൽ വീതി കുറഞ്ഞ ഒരു മാലയും, കാതിൽ രണ്ടു ചെറിയ ജിമിക്കി കമ്മലും… കൈത്തണ്ടകൾ രണ്ടും ഒഴിഞ്ഞു കിടന്നു.. വെളുത്തു മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി… ജാനകിയമ്മ കണ്ണെടുക്കാതെ അവളെ നോക്കിനിൽക്കുകയാണ്..
അവൾ എല്ലാവരെയും നോക്കി ഒന്നു മന്ദഹസിച്ചു… അവളെ കണ്ട നീലിമയ്ക്ക് അവളോട് അല്പം അസൂയ തോന്നിയിരുന്നു…
” മോളെ ഇതാണ് നമ്മുടെ മുത്തശ്ശി..”ദേവി അവളെ പരിചയപ്പെടുത്തി..
ഗൗരി മുത്തശ്ശിയുടെ കാൽപാദത്തിൽ തൊട്ടു വണങ്ങി..
” നന്നായി വരും മോളെ ” മുത്തശ്ശി അവളുടെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചു. എന്നിട്ട് അവളെ ചേർത്തു പിടിച്ചു..
” ദേവി പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ലല്ലോ എന്നെ ഹരിക്കുട്ടൻ പറഞ്ഞിട്ടില്ലേ മുത്തശ്ശിയെ കുറിച്ച് ”
” ഉവ്വ്… “അവൾ പതിയെ പറഞ്ഞു.
” ഇത് നീലിമ.. ഹരിയുടെ ചേട്ടന്റെ ഭാര്യ. പിന്നെ ഇത് ഞങ്ങളുടെ ഒരേയൊരു മകൾ അമ്മാളു എന്നാണ് എല്ലാവരും വിളിക്കുന്നത്”
ശ്രീദേവി പറഞ്ഞപ്പോൾ ഗൗരി അവരെ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു..
നീലിമയുടെ കയ്യിലിരുന്ന നച്ചു വാവ കൈകാൽ ഇളക്കി ചിരിച്ചു..
“വാവ എന്താണ് പറയുന്നത്… ചെറിയച്ഛൻ എന്തെങ്കിലും പറയാൻ ഏൽപ്പിച്ചിരുന്നോ കുഞ്ഞിനെ ” അമ്മാളു അത് ചോദിക്കുകയും എല്ലാവരും ചിരിച്ചു..
ഉമ്മറത്ത് ഇരിക്കുകയായിരുന്നു ഗോപിനാഥനും കണ്ണനും… ദീപനും കൈമളും… അവർ ഓരോരോ നാട്ടുവർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്…
” ഇനിയാരും പെൺകുട്ടിയെ കണ്ടില്ലെന്ന് പറയരുത് കേട്ടോ. ഇതാണ് നമ്മുടെ കാര്യം വിവാഹം കഴിക്കാൻ പോകുന്ന ആള്..”
ശ്രീദേവി ആണെങ്കിൽ ഗൗരിയെയും കൂട്ടിക്കൊണ്ട് ഉമ്മറത്തേക്ക് വന്നു..
“അച്ഛനെയും കണ്ണനെയും മോൾക്ക് കഴിഞ്ഞദിവസം വന്നപ്പോൾ മനസ്സിലായി കാണുമല്ലോ അല്ലേ…”
“ഉവ്വ്..” അവൾ അവരെ നോക്കി പറഞ്ഞു..
ലക്ഷ്മിയും സീതയും കൂടി എല്ലാവർക്കും കൊടുക്കുവാനുള്ള. ചായയും പലഹാരങ്ങളും മേശമേൽ നിരത്തി…
അമ്മാളവും നീലിമയും ഗൗരിയുമായി പെട്ടെന്ന് കൂട്ടായി..
“ഏടത്തി വരൂ ഏടത്തിയുടെ മുറി ഏതാണ്. ഇവരൊക്കെ ഇവിടെ സംസാരിച്ചിരിക്കട്ടെ ” അതും പറഞ്ഞുകൊണ്ട് അമ്മാളു ഗൗരിയുടെ കരം ഗ്രഹിച്ചു..
” എന്റെ മുറി മുകളിലാണ്… അമ്മാളു വരൂ… ”
അങ്ങനെ ഗൗരി അമ്മാളുവിനെയും കൂട്ടി തന്റെ മുറിയിലേക്ക് പോയി..
” ആഹാ കൊള്ളാമല്ലോ… ഇതാണോ ഏടത്തിയുടെ മുറി….” തുറന്നിട്ട് ജനാലയുടെ അരികത്തായി നിന്നുകൊണ്ട് അമ്മാളു ചോദിച്ചു..
“എനിക്കിവിടം ഒരുപാട് ഇഷ്ടമായി… നല്ല ഒരു അറ്റ്മോസ്ഫിയർ ആണ് ഇവിടെ…”
” ഏടത്തി തന്നെയാണോ ഈ സെറ്റ് മുണ്ട് ഉടുക്കുന്നത്…. എന്ത് ഭംഗിയായിട്ടാണ് ഉടുക്കുന്നത്”
” ഞാൻ ഇടയ്ക്കൊക്കെ സെറ്റ് ഉടുത്ത്, അമ്പലത്തിൽ പോകാറുണ്ട്. ”
“മ്മ്…. എനിക്ക് ഒരുപാട് ഇഷ്ടമായി കേട്ടോ…. എത്രയും പെട്ടെന്ന് ഞങ്ങളുടെ വീട്ടിലേക്ക് പോരെ” അമ്മാളു വേദനിപ്പിക്കാതെ അവളുടെ കവിളിൽ നുള്ളി..
ഗൗരി അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ…
” ഏടത്തി ഒരു മിനിറ്റ്…. ”
അമ്മാളു തന്റെ ഫോൺ എടുത്തു… എന്നിട്ട് ഹരിയെ വിളിച്ചു..
“ഹെലോ… ഒന്ന് പെട്ടെന്ന് വാട്സാപ്പിൽ വരുമോ..ഒരു കൂട്ടം കാണിച്ചുതരാം ”
അതും പറഞ്ഞുകൊണ്ട് അവൾ കട്ടാക്കി..
ഗൗരിക്ക് ഒന്നും മനസ്സിലായില്ല.
അമ്മാളു ഹരിയെ വീഡിയോ കോൾ ചെയ്തു..
എന്നിട്ട് ഗൗരിയെ കാണിച്ചുകൊടുത്തു..
“ദേ നോക്കിക്കേ ഈ സുന്ദരിക്കുട്ടിയെ… എന്തായാലും എന്റെ ഹരിയേട്ടന്റെ സെലക്ഷൻ സൂപ്പർ ആയിട്ടുണ്ട്.. എനിക്ക് ഏടത്തിയ ഒരുപാട് ഇഷ്ടമായി..” ഗൗരിയ ചേർത്തുപിടിച്ചുകൊണ്ട് അമ്മാളു പറഞ്ഞു.. ഹരി ഗൗരിയെ നോക്കി ഒന്ന് കണ്ണുറുക്കി കാണിച്ചു… അമ്മു അടുത്തു നിൽക്കുന്നതിനാൽ ഗൗരി തിരിച്ച് ഹരിയേയും ഒന്നു നോക്കി പുഞ്ചിരിച്ചു… ആ വേഷത്തിൽ അവൾ അതീവ സുന്ദരി ആയിരിക്കുന്നു….
ഓടി ചെന്നു അവളെ വാരി പുണരാൻ അവന്റെ മനസ് വെമ്പി…
അവന്റെ കണ്ണുകൾ തന്നെ കൊത്തിപറിക്കുന്നതായി ഗൗരിക്ക് തോന്നി..
ഉള്ളിലെ അമർഷം അവൾ ഒളിപ്പിച്ചു…
“ഹായ് ഗൗരി… അമ്മാളുവുമായിട്ട് നീ കമ്പനിയായോ”പെട്ടന്ന് ഹരി ചോദിച്ചു.
” പിന്നെ കമ്പനി ആകാതെ എന്റെ ഏട്ടത്തിയമ്മ അല്ലെ…. ” അമ്മാളു അവളെ നോക്കി.
“എടി പെണ്ണെ…. ഗൗരിക്ക് ഒരുപാട് പ്രായം ഒന്നും ഇല്ല..,, പിന്നെ നീ എന്തിനാണ് ഏട്ടത്തിയമ്മ എന്ന് വിളിക്കുന്നത്…”
” അത് ശരിയാണ്….പക്ഷേ സ്ഥാനം കൊണ്ട് എന്നും എന്റെ ഏട്ടത്തിയമ്മയാണ്…അല്ലെ ഗൗരികുട്ടി… ”
അമ്മാളു ചോദിച്ചപ്പോൾ ഗൗരി അതെ എന്ന് തല കുലുക്കി…
“ഗൗരി… നീ മുത്തശ്ശിയെ കണ്ടില്ലേ”
” കണ്ടു”..
” എന്നിട്ട് സംസാരിച്ചില്ലേ ”
“മ്മ്…”
” നീ ഇവളുമായി കത്തി വെച്ചു കൊണ്ടിരിക്കാതെ അവരുടെയൊക്കെ അടുത്തേക്ക് ചെല്ല്…. ” അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു..
തുടരും