നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിലാമു പരിശോധന നടന്നത്. പരിശോധനാഫലം ആരോഗ്യ വകുപ്പിനു കൈമാറി.
നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 15കാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. കുട്ടിയുടെ അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നിരീക്ഷണത്തിലാണു. സ്രവ സാംപിള്‍ വിശദ പരിശോധനയ്ക്കായി പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും.
നാലു ദിവസമായി 15കാരന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്. മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണു ലഭിക്കുന്ന വിവരം. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ഉടന്‍ ചേരും. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. ഇതിനായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മലപ്പുറത്തേക്കു തിരിച്ചിട്ടുണ്ട്. കുട്ടിയുമായി ബന്ധം ഉള്ളവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കിവരികയാണ്. ഇവരെ നിരീക്ഷണത്തിലേക്കു മാറ്റും.