ചണ്ഡീഗഢ് : അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹരിയാണ സോനിപത് മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ യായ സുരേന്ദ്ര പന്‍വാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. ഖനി വ്യവസായി കൂടിയായ എം.എല്‍.എ. സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ ജനുവരിയിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു. സുരേന്ദ്ര പന്‍വാറിന്റെയും കൂട്ടാളികളുടെയും വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പാര്‍ട്ടിയുടെ (ഐ.എന്‍.എല്‍.ഡി) മുന്‍ എം.എല്‍.എ. ദില്‍ബാഗ് സിങ്ങിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തി.
ജനുവരിയില്‍ ഇ.ഡി. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍നിന്ന് 300 കോടി രൂപയുടെ കറന്‍സിയും പിടിച്ചെടുത്തിരുന്നു. കൂടാതെ 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാമോളമുള്ള സ്വര്‍ണ ബിസ്‌കറ്റുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്ന എം.എല്‍.എയുടെ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും ഫോണുകളും ഇ.ഡി. പിടിച്ചെടുത്തു.
യമുനാനഗര്‍, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഢ്, കര്‍നാല്‍ എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് ജനുവരിയിൽ ഇ.ഡി. പരിശോധന നടത്തിയത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതിന് ശേഷവും യമുനാനഗറിലും സമീപജില്ലകളിലുമായി പാറ, ചരല്‍, മണല്‍ ഖനനം തുടര്‍ന്നതിന് ഹരിയാന പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയും കേസെടുത്തത്.
ഹരിയാണ സര്‍ക്കാരിന്റെ ഇ-രാവണ സ്‌കീമില്‍ ആരോപിക്കപ്പെട്ട തട്ടിപ്പും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. ഹരിയാന സര്‍ക്കാര്‍ 2020-ല്‍ കൊണ്ടുവന്ന ഓൺലൈൻ പോര്‍ട്ടലാണിത്. നികുതി ശേഖരണം എളുപ്പമാക്കാനും ഖനികളിലെ നികുതി വെട്ടിപ്പ് തടയാനുമാണ് പദ്ധതി കൊണ്ടുവന്നത്.