Celebrities

‘അപ്പു അങ്ങനെ ആണ് ഇങ്ങനെ ആണ് എന്ന് ഏട്ടന്‍ പറയുന്നതാണ് പ്രശ്‌നം’; വിനീത് ശ്രീനിവാസന് പ്രണവിനോട് അസൂയ ആണെന്ന് ധ്യാന്‍-Dhyan Sreenivasan about Pranav Mohanlal

മോഹന്‍ലാലിനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താരമാണ് മകനായ പ്രണവ് മോഹന്‍ലാല്‍. പ്രണവിനെ ആളുകളെല്ലാം ഇഷ്ടപ്പെടാനുള്ള കാരണം മോഹന്‍ലാലിനോടുള്ള സ്വീകാര്യത തന്നെയാണ്. വളരെ ഇഷ്ടത്തോടെ മോഹന്‍ലാലിനെ ഏറ്റെടുത്ത പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ മകനെയും അത്രത്തോളം ഇഷ്ടത്തോടെ ഏറ്റെടുക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിച്ചത്. അടുത്തകാലത്ത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രം റിലീസ് ആയിരുന്നു ഈ ചിത്രത്തിന് വലിയ ജനപ്രീതി തന്നെയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്.

ഇപ്പോള്‍ ഇതാ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ സംസാരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോയില്‍ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടറിനെ കുറിച്ച് ധ്യാന്‍ വ്യക്തമായി പറയുന്നുണ്ട്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂയില്‍ ആയിരുന്നു ധ്യാനിന്റെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ പ്രമോഷനായി അഭിനേതാക്കളും സംവിധായകനും പ്രൊഡ്യൂസറും എല്ലാം നിരവധി ഇന്റര്‍വ്യൂ കൊടുത്തിരുന്നു എങ്കിലും പ്രണവ് മോഹന്‍ലാലിനെ എന്തുകൊണ്ടാണ് ഇന്റര്‍വ്യൂ വേദികളില്‍ കാണാത്തതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.

‘ അപ്പുവിന് [പ്രണവ് മോഹന്‍ലാല്‍] സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. കുട്ടിക്കാലത്തൊക്കെ അപ്പു ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളോട് ഒരു പ്രത്യേക ഇഷ്ടം ഉള്ളതായി അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും എനിക്ക് പലതവണ തോന്നിയിട്ടുണ്ട്. പക്ഷേ എത്രത്തോളം പാഷനൈറ്റ് ആണെന്നുള്ള കാര്യം എനിക്കറിയില്ല. സിനിമ മാത്രമല്ല മറ്റു ഒരുപാട് മേഖലകള്‍ ഇഷ്ടമുള്ള ആളാണ്. യാത്ര ചെയ്യാന്‍ ഇഷ്ടമാണ്,ഒരുപാട് എഴുതും, ഒരുപാട് ബുക്കുകള്‍ വായിക്കും, സിനിമയും ഇഷ്ടമാണ്.. അങ്ങനെ ഒരുപാട് മേഖലകളില്‍ താല്‍പ്പര്യമുള്ള ഒരു വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. മള്‍ട്ടിപ്പിള്‍ ഇന്‍ട്രസ്റ്റ് ഉള്ള ഒരു മള്‍ട്ടി ടാലന്റ് ആയിട്ടുള്ള വ്യക്തി. പുള്ളി ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്, ഒരുപാട് ആള്‍ക്കാരെ യാത്രകളില്‍ കണ്ടുമുട്ടാറുണ്ട്..അതൊക്കെ ഇഷ്ടപ്പെടുന്ന ഒരാളാണ്. അപ്പോള്‍ അങ്ങനെയുള്ള ഒരാളെ സിനിമയില്‍ മാത്രം പിടിച്ചുനിര്‍ത്തുന്നത് നടക്കുന്ന കാര്യമല്ല. പല പല ഏരിയകളില്‍ താല്‍പ്പര്യമുള്ള ഒരാളെ ഒന്നില്‍ തന്നെ പിടിച്ചിടാന്‍ പറ്റില്ല. അപ്പു എപ്പോഴും അപ്പുവിന്റെ ആവശ്യങ്ങള്‍ക്കായി സ്വന്തമായി അധ്വാനിച്ച് പണമാണ് ഉപയോഗിക്കുന്നത്. വീട്ടില്‍ നിന്ന് അധികം കാശ് ഒന്നും മേടിച്ച് ഉപയോഗിക്കുന്ന ആളല്ല’

‘എനിക്ക് തോന്നിയിട്ടുള്ളത്, അപ്പു സിനിമയിലൂടെ റവന്യു ഉണ്ടാക്കുകയാണ് ചെയ്യുന്നത്… വളരെ മിനിമല്‍ ആയിട്ടുള്ള ജീവിതം നയിക്കുന്ന ഒരാളാണ്.വണ്ടികള്‍ ആയാലും യാത്ര രീതികള്‍ ആയാലും ഉപയോഗിക്കുന്ന വസ്തുക്കള്‍ ആണെങ്കിലും എല്ലാം വളരെ മിനിമല്‍ ആയിട്ട് കൊണ്ടുപോകുന്ന ഒരു വ്യക്തിയാണ് അപ്പു. സിനിമയില്‍ നിന്ന് ജോലിചെയ്ത് കിട്ടുന്ന കാശിനാണ് പുള്ളി ട്രാവല്‍ ചെയ്യുന്നതൊക്കെ.. അച്ഛന്റെ കാശ് എടുത്ത് ഒന്നുമല്ല അദ്ദേഹം യാത്രകള്‍ നടത്തുന്നത്. ഇന്‍ഡിപെന്റന്റ് ആയിട്ടുള്ള ഒരാള്‍ അയാള്‍ക്കിഷ്ടമുള്ള സമയത്ത് വന്ന് സിനിമ ചെയ്യുന്നു.. അയാള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നു.. അതിനിപ്പോള്‍ എന്താ’

‘ഏട്ടന്‍ ഏതൊക്കെയോ ഇന്റര്‍വ്യൂവില്‍ പോയിട്ട് അപ്പു അങ്ങനെയല്ല അപ്പു ഇങ്ങനെ ആണെന്ന് പറയുന്നത് കേട്ടു. ശരിക്കും അതാണ് പ്രശ്‌നം. സത്യം പറഞ്ഞാല്‍ അപ്പു നമ്മളെയൊക്കെ പോലെ തന്നെയാണ്. പക്ഷേ നമ്മളൊക്കെ ഒരു ചട്ടക്കൂടിനകത്താണ്. അത് ഭേദിച്ച് നമുക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. പക്ഷേ ഒരാള്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റുമ്പോള്‍ അയാളോട് നമുക്ക് എല്ലാവര്‍ക്കും അസൂയയാണ്. എനിക്ക് തോന്നുന്നു, ഏട്ടന് അപ്പുവിനോട് അസൂയ ആണെന്ന്’, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ധ്യാന്‍ ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടന്‍ കലേഷ് രാമാനന്ദനും ശരിവെച്ചു. ലാലേട്ടന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, തനിക്ക് ജീവിക്കാന്‍ ആഗ്രഹമുളള ഒരു ജീവിതം ആണ് തന്റെ മകന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും കലേഷ് പറഞ്ഞു.