ഹൃദയരാഗം
PART 21
“മോൻ പോകുന്നതിനു മുൻപ് വീട്ടിലേക്ക് വരില്ലേ..? അവൻറെ മുഖത്തേക്ക് നോക്കി വിശ്വൻ ചോദിച്ചു. ” ഇനിയിപ്പോ സമയം കാണില്ല അമ്മാവ, ഞാൻ നോക്കട്ടെ പറ്റുമെങ്കിൽ ഇറങ്ങാം, ” എന്നാൽ പിന്നെ അങ്ങനെ ആവട്ടെ… ” നിറഞ്ഞമനസ്സോടെ ആയിരുന്നു വിവേക് തിരികെ പോയത്, വിവരമറിഞ്ഞപ്പോൾ വീണയ്ക്കും സമാധാനമായിരുന്നു. ≈≈≈ കുറേ നേരം നോക്കിയിരിന്നട്ടും അവൾ വിളിക്കാതെ ഇരുന്നപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ അനന്തുവിന് തോന്നി, സാധാരണ ഈ സമയമാകുമ്പോൾ വിളിക്കുന്നതാണ്….
ഇനി എന്തു പറ്റി ആവോ.? അവനും കൊതിച്ചിരുന്നു അവളുടെ ശബ്ദം ഒന്ന് കേൾക്കുവാൻ,ഇത്രയും നാൾ അനന്ദുവിന്റെ ഹൃദയം കാത്തിരുന്നത് അവൾക്ക് വേണ്ടി ആയിരുന്നോ.? അമ്പലത്തിൽ നിന്ന് പോയിട്ട് വിവരം ഒന്നും അറിഞ്ഞില്ല, സുരക്ഷിതമായ വീട്ടിലെത്തിയോ എന്തോ.? ആവലാതികൾ അവൻറെ മനസ്സിൽ നിറഞ്ഞിരുന്നു, തന്റെ ഹൃദയമിടിക്കുന്നത് മറ്റൊരാൾക്ക് വേണ്ടി ആണെന്ന് സത്യം അവൻ മനസ്സിലാക്കുകയായിരുന്നു. അത്രമേൽ പ്രിയപ്പെട്ട ഒരുവൾക്ക് വേണ്ടി മാത്രം. ഇടയ്ക്കിടെ ഫോണിലേക്ക് അവൻ നോക്കാൻ തുടങ്ങി.
അവൾ വിളിക്കാതെ വന്നപ്പോൾ പരിഭ്രാന്തി ഏറി, എന്തുപറ്റി എന്ന ചിന്ത അവനെ ഉലച്ചു കൊണ്ടിരുന്നു. കുറെ സമയം ആയിട്ടും ഫോൺ വരാതെ ആയപ്പോൾ അവൻ കിരണിന്റെ ഫോണിലേക്ക് വിളിച്ചു.. ” എന്താടാ…? ഫോൺ എടുത്തതേ കിരൺ ചോദിച്ചു. ” എടാ ഇതുവരെ വിളിച്ചിട്ടില്ല… “ആര്…? അവന് മനസിലാകാത്ത പോലെ ചോദിച്ചു. ”
അത്… ദി… ദിവ്യ.. മടിയോട് അവന് പറഞ്ഞു.. ” ഞങ്ങൾ അമ്പലത്തിൽ വെച്ച് കണ്ടിട്ട് പോയത് ആണ്. സന്ധ്യക്ക് ആയിരുന്നു പോയത്, ഇരുട്ട് വീണ് തുടങ്ങിയെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ വിവരം അറിയാഞ്ഞിട്ട് ഒരു പേടി. വീട്ടിൽ ചെന്നോ എന്ന് പോലും അറിയില്ല, സാധാരണ ഇപ്പോൾ വിളിക്കുന്നതാ,ഇതിപ്പോ ഒരു വിവരവുമില്ല… ” അല്പം മടിയോടെ ആയിരുന്നു ഇത് പറഞ്ഞതെങ്കിലും, അവൻറെ ശബ്ദത്തിൽ നിലനിന്നിരുന്ന ആകുലത കിരണിന് മനസ്സിലായിരുന്നു. കിരണിന്റെ ചുണ്ടിൽ ഒരു ചിരി മിന്നി.
” നിനക്ക് അങ്ങോട്ട് വിളിച്ചു നോക്കാമായിരുന്നില്ലേ..? ” അതുപറ്റില്ല, അവളുടെ അമ്മയുടെ ഫോണിൽ ആണ് വിളിക്കുന്നത്. ഇനിയിപ്പോ അവര് ആണ് ഫോൺ എടുക്കുന്നതെങ്കിലോ.? അതെങ്ങാനും പ്രശ്നം ആയാലോ, ”
എങ്കിൽ ഒരു മെസ്സേജ് അയക്കായിരുന്നില്ലേ..? അതൊന്നും പറ്റില്ല, എന്തെങ്കിലും പ്രശ്നം ആയാൽ പിന്നെ ആ പെൺകൊച്ചിന് എന്തേലും പ്രശ്നം വന്നാലോ.? ” മോനെ നന്ദു, നിനക്ക് വലിയ വിഷമം ആണല്ലേ, ചെറുചിരിയോടെ കിരൺ ചോദിച്ചപ്പോൾ അറിയാതെ ഒരു പുഞ്ചിരി അവൻറെ ചുണ്ടിലും നിറഞ്ഞുനിന്നിരുന്നു. പെട്ടെന്നാണ് ദിവ്യയുടെ കോൾ വന്നത്, ” ശരി… ശരി ഞാൻ പിന്നെ വിളിക്കാം, അവൾ വിളിക്കുന്നു., ഞാൻ അങ്ങോട്ട് വിളിക്കാം, അവൻ ഫോൺ കട്ട് ചെയ്യാതെ തന്നെ അവളുടെ കോൾ ബട്ടൺ അമർത്തി. ഇതൊക്കെ കിരണിൽ അമ്പരപ്പായിരുന്നു ഉളവാക്കിയത്.
” ഹലോ…. ഒരു പ്രത്യേക പരവേശം അവൻറെ വാക്കുകളിൽ നിന്നതുപോലെ അവൾക്കും തോന്നിയിരുന്നു. ” തിരക്കായിരുന്നോ അനന്ദുവേട്ട… ” അല്ല.. നീ എന്താണ് വിളിക്കാഞ്ഞത്, അവിടുന്ന് പോയിട്ട് വിവരം ഒന്നും അറിഞ്ഞില്ലല്ലോ എന്ന് അറിയാതെ ഞാൻ പേടിച്ചിരുന്നു, ” ഇവിടെ വന്നപ്പോൾ ചേച്ചിയും മോനും അവിടുത്തെ അമ്മയും വന്നിട്ടുണ്ടായിരുന്നു പിന്നെ കുറെ നേരം അവരൊക്കെ ഇവിടെ ഉണ്ടായിരുന്നു, അതൊക്കെ കഴിഞ്ഞ് ഇപ്പോഴാണ് വിളിക്കാൻ സമയം കിട്ടിയത്, ” ഞാൻ പേടിച്ചുപോയി…!
ആ വാക്കുകൾ അവളിലും ഒരു സന്തോഷം നിറച്ചിരുന്നു. ” ഞാൻ അങ്ങോട്ട് വിളിക്കണോ.? ഫോണിൽ പൈസ ഉണ്ടോ..? ” ഉണ്ട് വിളിക്കണ്ട… ” ഞാൻ നാളെ രാവിലെ വിളിക്കാം. ഒരുപാട് സംസാരിക്കാൻ പറ്റില്ല, ഇവിടെ ചേച്ചി ഉണ്ട്. ഒരാഴ്ച ചേച്ചി ഉണ്ടാകും, ” എങ്കിൽ വച്ചോ..! നാളെ നമുക്ക് കാണാം, ” സ്ഥലം ഓർമയുണ്ടല്ലോ..? ” മ്മ്… ഉണ്ട്, പിന്നെ നിൻറെ കൂട്ടുകാരെ ഒന്നും വേണ്ടാട്ടോ, നീ മാത്രം മതി…. അവന് എടുത്തു പറഞ്ഞു.. ” അതെന്താ, ” നമ്മുടെ ഇടയിൽ വേറൊരാൾ വരേണ്ട… അവന്റെ മറുപടിയിൽ ഒരു പുഞ്ചിരി അവളിൽ നിറഞ്ഞു നിന്നിരുന്നു.
” എങ്കിൽ ഞാൻ നീതുവിനെ വിളിച്ചു പറയട്ടെ ബസ്റ്റോപ്പിൽ നിന്നാൽ മതി എന്ന്. ” പറഞ്ഞേക്ക്, അവൾ ഫോൺ കട്ട് ചെയ്തപ്പോൾ ഒരു വല്ലാത്ത മനസ്സമാധാനം വന്ന് മൂടുന്നത് അവൻ അറിഞ്ഞിരുന്നു, ഈ സ്വരം ഒന്ന് കേൾക്കാഞ്ഞ് ആണോ ഇത്രനേരം തന്റെ ഹൃദയം തപിച്ചത്. ഇതൊക്കെ തന്നെയല്ലേ പ്രണയത്തിന് ലക്ഷണങ്ങൾ. അവൾ ഇല്ലായ്മയിൽ ഉരുകി തുടങ്ങുമ്പോൾ അല്ലേ അവളുടെ സാന്നിധ്യം എത്രത്തോളം തന്നിൽ സ്വാധീനം ചെലുത്തി എന്ന് മനസ്സിലാക്കുന്നത്. “പക്ഷേ” ആ രണ്ട് അക്ഷരങ്ങൾ അവനെ വല്ലാത്ത കുഴപ്പത്തിൽ കൊണ്ടുചെന്നെത്തിച്ചു.
പക്ഷേ കൂടുതൽ ഒന്നും ചിന്തിക്കാൻ അവനും ഇഷ്ടപ്പെട്ടിരുന്നില്ല. ഈ നിമിഷത്തെ സന്തോഷത്തിൽ ജീവിക്കാൻ അവൻ ആഗ്രഹിച്ചു. ആ നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവൻ പ്രാർത്ഥിച്ചു. ≈≈≈ പിറ്റേന്ന് രാവിലെ അഞ്ചു മണിയായപ്പോൾ ദിവ്യ അടുക്കളയിലേക്ക് വന്നിരുന്നു, ആ സമയത്ത് ആരുമുണ്ടായിരുന്നില്ല അടുക്കളയിൽ. അഞ്ചര ആവാതെ അമ്മ ഉണരില്ല. അതുകൊണ്ട് തന്നെ അവൾ അരി കഴുകി, പിന്നെ ഓരോ കൂട്ടാനുകൾ ആയി ഉണ്ടാക്കാൻ തുടങ്ങി.
അഞ്ചര ആയപ്പോഴേക്കും അമ്മ എഴുന്നേറ്റ് വന്നപ്പോൾ പൊതി കൊണ്ടുപോകാനുള്ള പകുതി സാധനങ്ങളും റെഡിയായിട്ടുണ്ട്. മനസ്സിലാവാതെ മകളുടെ മുഖത്തേക്കു അവർ നോക്കി. ” നിനക്ക് എന്തുപറ്റി…? ” ഒന്നുമില്ല, ഇന്ന് ഞാൻ ഉണ്ടാക്കാം എന്ന് വിചാരിച്ചു..ഒന്നും ചെയ്യാതെ പഠിച്ചത് ഒക്കെ മറന്നു പോയാലോ” വീണ്ടും കുറെ നേരം അമ്മയെ സഹായിച്ചിരുന്നു, അതെല്ലാം കഴിഞ്ഞ് രണ്ട് പൊതിയും കെട്ടി ആണ് അവൾ കുളിക്കാനായി പോയത്. ആ സമയം മാത്രം അവളുടെ മുഖത്തേക്ക് നോക്കി അമ്മ ചോദിച്ചു.. ” ഇതെന്താ രണ്ടു പൊതി…? ” ” എൻറെ കോളേജിലുള്ള ഒരു കുട്ടിക്ക് വേണ്ടിയാ,
അവളുടെ അമ്മയ്ക്ക് സമയമില്ല. രാവിലെ രണ്ട് മൂന്ന് വീട്ടിൽ ജോലിക്ക് പോണം. അതുകൊണ്ട് അവൾ മിക്ക ദിവസവും കഴിക്കുന്നത് പുറത്തുന്നു ആണ്. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ കൊണ്ട് കൊടുക്കാം എന്ന്. ” അത് നന്നായി..! ഉച്ചയ്ക്ക് കുട്ടികൾ വിശന്നിരുന്നാൽ തലവേദന എടുക്കും, ഇതിനാണോ നീ ഉണ്ടാക്കിയത്..? എന്നോട് പറഞ്ഞാൽ മതിയായിരുന്നു, ഞാൻ ഉണ്ടാക്കിയേനല്ലോ…. ” അത് സാരമില്ല..! ഞാൻ തന്നെ ഉണ്ടാകണമെന്ന് എനിക്ക് നിർബന്ധം. അതുകൊണ്ടാ, ഇനിയിപ്പോ എല്ലാദിവസവും പൊതി ഞാൻ ഉണ്ടാക്കി കൊള്ളാം. എനിക്ക് കുക്കിങ് പഠിക്കാനുള്ള ഒരു എക്സ്പീരിയൻസ് കൂടി ആകുമല്ലോ.”
ഉത്സാഹത്തോടെ അവളത് പറഞ്ഞപ്പോൾ കാര്യം മനസ്സിലായില്ലെങ്കിലും അമ്മ അതിന് സമ്മതിച്ചിരുന്നു. കുളിയൊക്കെ കഴിഞ്ഞ് പതിവിലും നേരത്തെ ഇറങ്ങുവാൻ ആയിരുന്നു അവൾ തീരുമാനിച്ചത്. ആളെ കണ്ടിട്ട് പോകുന്നതുകൊണ്ട് തന്നെ സമയത്തിന് ബസ് കിട്ടണമെങ്കിൽ പതിവിലും നേരത്തെ ഉറങ്ങണം.
അമ്മ അച്ഛനോട് സംസാരിക്കണ നേരം നോക്കി അമ്മയുടെ ഫോൺ കൈക്കലാക്കി, നീതുവിന്റെ നമ്പർ ഡയൽ ചെയ്തു. ” എന്താടീ നീ ഇന്ന് വരുന്നില്ലേ.? സാധാരണ വരാത്ത കാര്യങ്ങൾ പറയാനാണ് അവളെ രാവിലെ വിളിക്കുന്നത്. അതാണ് അവൾക്ക് ടെൻഷൻ. താൻ കൂടി ഇല്ലെങ്കിൽ അവൾ ഒറ്റയ്ക്ക് ആയി പോകും. ” അതല്ലെടീ നീ ബസ് സ്റ്റോപ്പിൽ നിന്നാൽ മതി, ഞാൻ കാവിൽ പോയിട്ട് വരുള്ളൂ, ” രാവിലെ കാവിലോ…? അവിടെ എന്താണ്..? ” അവിടെ ഒന്നുമില്ല, അനന്ദുവേട്ടൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്. കാണാൻ വേണ്ടിയാ, ” ഓഹോ…! അവിടെ വരെ എത്തി കാര്യങ്ങൾ അല്ലേ, നടക്കട്ടെ നടക്കട്ടെ….
ചെറുചിരിയോടെ നീതു അത് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു പതിവുപോലെ നന്നായി ഒരുങ്ങാൻ മറന്നിരുന്നില്ല, ഒരു പച്ച ചുരിദാർ ആണ് ഇട്ടത്. ഇത് ഇട്ട ദിവസമാണ് ആദ്യമായി അനന്തുവേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞത്. അതിനു ശേഷം ഒരു നിധി പോലെ കാത്തു സൂക്ഷിക്കുകയാണു അത്. സാധാരണ ആറുമണി കഴിഞ്ഞ് നല്ല ഉറക്കം കിട്ടുന്നവൻ ഇന്ന് അഞ്ചു മണിയായപ്പോൾ മുതൽ ഉണർന്നിരിക്കുകയാണ്,
എന്താണെന്ന് അറിയില്ല ഉറക്കം അവൻറെ കണ്ണുകളെ തഴുകുന്നില്ല. രാവിലെ മുതൽ കുളിച്ചൊരുങ്ങി സമയം പോകാൻ വേണ്ടി അവൻ നോക്കി ഇരിക്കുകയായിരുന്നു, ഒച്ചിനെ കാൾ വേഗത കുറഞ്ഞ് സമയം ഇഴഞ്ഞു പോകുന്നത് എന്ന് അവന് തോന്നി. ഒരുവൾ തന്നിൽ വരുത്തുന്ന മാറ്റങ്ങൾ ഒരു അത്ഭുതത്തോടെ അവൻ അറിഞ്ഞു………
തുടരും…………