Novel

കാളിന്ദി ഭാഗം 21/KALINDHI PART 21

കാളിന്ദി

ഭാഗം 21

കല്ലു വന്നു വാതിൽ തുറന്നത്.. ബാക്കി ഉള്ളവർ ഒക്കെ ഉറക്കം പിടിച്ചിരുന്നു.

ശ്രീക്കുട്ടി ആണ് കാറിൽ നിന്നും ആദ്യം ഇറങ്ങിയത്.

അവൾ രാജിയുടെ കുഞ്ഞിനെ മേടിക്കുന്നത് കണ്ടു കൊണ്ട് കല്ലു മുറ്റത്തേക്ക് ഇറങ്ങി ചെന്നു.

“അച്ഛന് എങ്ങനെ ഉണ്ട് ചേച്ചി…”

“ഓപ്പറേഷൻ കഴിഞ്ഞു.. കുഴപ്പമില്ല എന്ന് ആണ് ഡോക്ടർ പറഞ്ഞത് “ശ്രീക്കുട്ടി പറഞ്ഞു

“അമ്മ…”

“അമ്മയും സുമേഷേട്ടനും കൂടി അവിടെ നിന്നു… കല്ലു ഉറങ്ങിയില്ലേ ഇതുവരെ ”

രാജി വണ്ടിയിൽ നിന്നും ഇറങ്ങവേ കല്ലുവിനോട് ചോദിച്ചു.

കല്ലു മറുപടി ഒന്നും പറഞ്ഞില്ല..

“ആഹ് ആയുസിന്റെ ബലത്തിൽ ഇവരുടെ അച്ഛൻ രക്ഷപ്പെട്ടു…”സുമേഷിന്റെ അമ്മ കല്ലുവിനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അകത്തേക്ക് നടന്നു.

“ഇവർക്ക് ഇത് എന്തിന്റെ സൂക്കേട് ആണ്.. കുറെ നേരം ആയി തുടങ്ങിയിട്ട്…”കണ്ണൻ പിറുപിറുത്തു കൊണ്ട് അകത്തേക്ക് കയറി പോയി.

“കല്ലു ”

രാജിയാണ്

“എന്തോ ”

“എന്തെങ്കിലും കഴിച്ചാരുന്നോടാ…. ഞങ്ങൾ എല്ലാവരും പെട്ടന്ന്…. അച്ഛന് ആദ്യം ആയിട്ട് ആണേ.. പേടിച്ചു പോയി എല്ലാവരും ”

“അച്ഛന് ഒരു കുഴപ്പവും വരില്ല ചേച്ചി…. നമ്മൾ എല്ലാവരും പ്രാർത്ഥിക്കുന്നത് ഈശ്വരൻ കേൾക്കണ്ട് ഇരിക്കുമോ ”

കണ്ണൻ ഒരു തോർത്തും എടുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി പോയി.

കുളിക്കാനാവും എന്ന് അവൾക്ക് തോന്നി.

“കല്ലു എന്തെങ്കിലും കഴിച്ചോ.”?

“ഇല്ല്യ…. എനിക്ക് വിശപ്പില്ലാരുന്നു ”

“ഉച്ചക്ക് ഇത്തിരി സദ്യ കഴിച്ചത് അല്ലേ ഒള്ളൂ….ഞാൻ ഇപ്പൊ വരാം കേട്ടോ… എന്തെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ ”

“വേണ്ട രാജിചേച്ചി… എനിക്ക് വിശപ്പില്ലാത്തത് കൊണ്ട് ആണ്… ചേച്ചിക്ക് ചായ എന്തെങ്കിലും ഇടണോ ”

“ഇവിടെ നില്ക്കു… ഒരു പത്തു മിനിറ്റ്.. ഞാൻ ഇപ്പൊ വരാമേ ”

രാജി വേഗം മുറിയിലേക്ക് കയറി പോയി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ കണ്ണൻ കുളി കഴിഞ്ഞു നനഞ്ഞ തോർത്ത്‌ ദേഹത്തു പുതച്ചു കൊണ്ട് വരുന്നത് അവൾ കണ്ടു..

“എടി പെങ്കൊച്ചേ… കുടിക്കാൻ എന്നതെങ്കിലും ഉണ്ടോ… മനുഷ്യന് ആണെങ്കിൽ പരവേശം എടുക്കുവാ…..”സുമേഷിന്റെ അമ്മ ആണ്..

കണ്ണൻ അവരെ ഒന്ന് കലിപ്പിച്ചു നോക്കി കൊണ്ട് ആണ് കയറി വന്നത്.

കല്ലു അടുക്കളയിലേക്ക് പോകുന്നത് അവൻ കണ്ടു.

രാജി…… എടി…..

എന്നാടാ..

കാളിന്ദി അടുക്കളയിലേക്ക് പോയി, നിന്റെ അമ്മായിമ്മക്ക് പരവേശം ആണെന്ന്…. നി ഒന്ന് ചെല്ലങ്ങോട്ട്….

 

ഹ്മ്മ്… ഞാൻ പോയ്കോളാം…..

 

ശ്രീക്കുട്ടി എന്ത്യേ…

അവൾ കുഞ്ഞിന്റെ കൂടെ കിടന്ന് ഉറങ്ങി…

ആഹ്…

രാജി അടുക്കളയിൽ ചെന്നപ്പോൾ കല്ലു എന്തൊക്കെയോ തിരയുന്നത് കണ്ടു.

 

എന്താ മോളെ നോക്കുന്നത്..?

അത് ചേച്ചി…. കാപ്പി പൊടി കണ്ടില്ല…

ഹ്മ്മ്… മാറ്.. ഞാൻ കാപ്പി എടുക്കാം…

വേണ്ട ചേച്ചി.. എവിടെ ആണെന്ന് പറഞ്ഞാൽ മതി…..

ഇവിടെ ഇരിക്ക് കൊച്ചേ….

രാജി ഒരു ടിൻ എടുത്തു അതിൽ നിന്നും അല്പം കാപ്പി പൊടി എടുത്തു ഇട്ടു..

ആവശ്യത്തിന് പഞ്ചസാര യും കൂടി എടുത്തു ഇട്ടു ഇളക്കി കൊണ്ട് അവൾ അമ്മായിമ്മക്ക് മുറിയിൽ കൊണ്ട് പോയി കൊടുത്തു.

രാവിലത്തെ ദോശയുടെ മാവ് ഫ്രിഡ്ജിൽ ഇരുപ്പുണ്ടായിരുന്നു.

അതിൽ നിന്നും കുറച്ചു എടുത്തു അവൾ ദോശ ചുട്ടു.. ചിക്കൻ കറി എടുത്തു ചൂടാക്കി.

കണ്ണനെ വിളിച്ചോണ്ട് വാ.. അവനും ഒന്നും കഴിച്ചില്ല. വിശപ്പ് ഒട്ടും സഹിക്കുന്നവൻ അല്ല..

രാജി പറഞ്ഞപ്പോൾ അവൾ ഒന്ന് മടിച്ചു.

ചെല്ല്.. പോയി വിളിക്ക്… ഞാൻ ഇതെല്ലാം എടുത്തു വെയ്ക്കട്ടെ..

അവൾ പറഞ്ഞു.

കല്ലു മുറിയിലേക്ക് ചെന്നപ്പോൾ ഫോണിൽ എന്തൊക്കെയോ നോക്കി കട്ടിലിന്റെ ക്രസയിൽ ചാരി ഇരിപ്പുണ്ട് കണ്ണൻ.

“രാജി ചേച്ചി വിളിക്കുന്നു ”

കല്ലു പറഞ്ഞു.

“ങേ ”

“രാജി ചേച്ചി….. കഴിക്കാൻ വിളിക്കുന്നു ”

“എനിക്ക് ഒന്നും വേണ്ട…. അവളോട് പറഞ്ഞേക്ക് ”

പെട്ടന്ന് കല്ലു പിന്തിരിഞ്ഞു..

“അതെയ്… താൻ എന്തെങ്കിലും കഴിച്ചോ…”

പെട്ടന്ന് അവൻ വിളിച്ചു ചോദിച്ചു.

“ഇല്ലെന്ന്” അവൾ ചുമൽ അനക്കി.

“ഹ്മ്മ്.. എന്നാൽ പൊയ്ക്കോ.. ഞാൻ വന്നേക്കാം “അവൻ ഫോൺ ബെഡിലേക്ക് വെച്ചിട്ട് പറഞ്ഞു.

കല്ലുവിന്റെ ചുണ്ടിൽ ആരും കാണാതെ ഒരു പുഞ്ചിരി തത്തി കളിച്ചു…

അപ്പോ തന്നോട് ഇഷ്ടം ഒക്കെ ഉണ്ട് അല്ലേ….. അവൾ തന്നോട് തന്നെ ചോദിച്ചു.

“ഇതെന്ത് സ്വപ്നം കണ്ടു നിൽക്കുവാ… “കണ്ണൻ അടുത്ത വന്നു ചോദിച്ചതും അവൾ ഞെട്ടി പോയി.

ആ മൂർത്തട്ടെകാവിൽ പോയി വെല്ലോ ചരടും ജപിച്ചു കെട്ട് ഈ ഞെട്ടലും പേടിയും പോകാൻ…. എന്ന് പറഞ്ഞു കൊണ്ട് കണ്ണൻ നടന്നു പോയി.

മൂവരും കൂടി ഇരുന്ന് ആണ് ഭക്ഷണം കഴിച്ചത്.

കല്ലു ആണെങ്കിൽ ആകെ ഒരു ദോശ ആണ് കഴിച്ചത്..

രാജി അതിനു അവളെ വഴക്കും പറഞ്ഞു.

കുഞ്ഞ് വഴക്ക് ഉണ്ടാക്കുന്നതിനാൽ രാജി വേഗം കഴിച്ചു എഴുന്നേറ്റു.

കണ്ണൻ കഴിച്ചിട്ട് അവന്റെ പാത്രങ്ങൾ എല്ലാം എടുത്തു കൊണ്ട് പോയി കല്ലു കഴുകി വെച്ചു.

അവൾ കിടക്കാനായി മുറിയിൽ ചെന്നപ്പോൾ കണ്ണൻ അമ്മയെ ഫോൺ വിളിക്കുന്നുണ്ട്.

അവൾ അവിടെ എല്ലാം കേട്ട് കൊണ്ട് നിന്നു.

“അച്ഛന് എങ്ങനെ ഉണ്ട് ഇപ്പോൾ ”

അവൻ ഫോൺ വെച്ചപ്പോൾ അവൾ ചോദിച്ചു.

“നാളെ അല്ലേ റൂമിലേക്ക് മാറ്റൂ… വേറെ പ്രശ്നം ഒന്നും ഇല്ല ”

“നാളെ പോകുമ്പോൾ എന്നേ കൂടെ കൊണ്ട് പോകാമോ ”

“ഹ്മ്മ്…..”

അവൻ ചെന്നു വാതിൽ അടച്ചു കുറ്റി ഇട്ടു.

നേരം മൂന്ന് മണി ആകാറായി…. അവൻ ക്ലോക്കിലേക്ക് നോക്കി പറഞ്ഞു.

എന്നിട്ട് വന്നു കട്ടിലിൽ കിടന്നു.

കല്ലു ആണെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാൻ മേലാതെ വിഷമിച്ചു നിൽക്കുക ആണ്.

 

“ടോ….. വന്നു കിടന്നോ കേട്ടോ… ആ ലൈറ്റ് കൂടി ഓഫ് ചെയ്തേക്ക് ”

അവൻ ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്ന് കൊണ്ട് പറഞ്ഞു.

അല്പം കഴിഞ്ഞതും അവൾ ലൈറ്റ് ഓഫ്‌ ചെയ്തു..

ബെഡിന്റെ ഇങ്ങേ തലയ്ക്കൽ വന്നു കിടന്നു.

“താൻ ഉറങ്ങിയാരുന്നോ…..”

അവൻ നേരെ നിവർന്നു കിടന്ന് കൊണ്ട് അവളോട് ചോദിച്ചു.

“ഇല്ല്യ… ഉറക്കം വന്നില്ല…. ഞാൻ വിവരം ഒന്നും അറിയാഞ്ഞത് കൊണ്ട്..”

“ഹ്മ്മ്….. അച്ഛമ്മയേ വിളിച്ചാരുന്നോ ”

“ഇല്ല്യ ”

“അതെന്താ ”

“ഫോൺ എടുത്തില്ലാരുന്നു ”

“ഹ്മ്മ… നാളെ വിളിക്കാം…”

“മ്മ്….”

“നാളെ കാലത്തെ ഹോസ്പിറ്റലിൽ പോകണം.. അമ്മ തനിച്ചാ…. സുമേഷ് അളിയൻ അല്ലേ ഒള്ളൂ ”

“മ്മ്….”

“തനിക്കു…. ഈ… വീടൊക്കെ ഇഷ്ടം ആയോ…”

“മ്മ് ”

“എന്ത് പറഞ്ഞാലും ഈ മൂളൽ… എന്തെങ്കിലും വായ തുറന്ന് മിണ്ടി കൂടെ…”

അവനു ചെറുതായ് ദേഷ്യം വന്നു.

മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ അവൻ തല ചെരിച്ചു നോക്കി.

ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ തന്റെ അടുത്ത് കിടന്ന് ഉറങ്ങുന്നവളെ അവൻ അരുമയായി നോക്കി.

കുറച്ചു സമയം അവളെ നോക്കി കിടന്ന ശേഷം അവനും മെല്ലെ ഉറങ്ങി പോയി.

******

രാവിലെ 6മണി ആയപ്പോൾ കല്ലു ഉണർന്നു.

കണ്ണൻ അപ്പോളും ഒരു വശം ചെരിഞ്ഞു കിടന്ന് നല്ല ഉറക്കം ആണ്.

അവൾ വേഗം കിടക്ക വിട്ട് എഴുനേറ്റു പുറത്തേക്ക് പോയി.

അമ്മേടെ ഇളയ അനുജത്തി ഗീത ചിറ്റ ഉണ്ട് അടുക്കളയിൽ… ഒപ്പം ശ്രീകുട്ടിയും.

രണ്ടാളും വാചകത്തിൽ ആണ്.

കല്ലു നേരിയ പുഞ്ചിരി യോടെ അവിടേക്ക് ചെന്നു.

“ഹാ.. ഇത് എന്ത് വരവാ കുട്ടി.. കുളിയും നനയും ഒന്നും കഴിയാതെ ആണോ ഇങ്ങനെ വന്നു കേറുന്നത് അടുക്കളയിലോട്ട്…”ഗീത ചെറുതായ് നീരസപ്പെട്ടു.

“സോറി… ഞാൻ പെട്ടന്ന്.. അറിയാതെ….”

“ഹ്മ്മ്… ഇതൊക്കെ ആരും പഠിപ്പിക്കാതെ ആണോ കെട്ടിച്ചു അയച്ചത്…. ചെല്ല് ചെല്ല്.. പോയി കുളിക്ക് ”

അവർ അല്പം മുഷിഞ്ഞാണ് പറഞ്ഞത്..

കല്ലു അടുക്കളയിൽ നിന്നും വേഗം ഇറങ്ങി മുറിയിലേക്ക് ചെന്നു.

അവളുടെ കണ്ണൊക്കെ കലങ്ങിയിരിരുന്നു..

അവൾ ചെന്നപ്പോൾ കണ്ണൻ ഉണർന്ന് കിടപ്പുണ്ട്..

“എന്താ…. എന്ത് പറ്റി ”

“ഹേയ്.. ഒന്നൂല്യ ”

“പിന്നെ മുഖം എന്താ വല്ലാണ്ട്… എന്ത് പറ്റിടോ…”

“ഒന്നുല്ല്യ…. ഞാൻ കുളിക്കാൻ ”

അവൾ അലമാര തുറന്നു ഒരു ചുരിദാർ എടുത്തു…

“ഇത്രയും നേരത്തെ കുളിക്കുമൊ… ഇനി വെള്ളം മാറി കുളിച്ചിട്ട് എന്തെങ്കിലും കുഴപ്പം വന്നാൽ ”

“സാരമില്ല.. അതൊക്കെ മെല്ലെ ശീലം ആകും… ഏട്ടന് കാപ്പി വേണോ ”

“താൻ കുളിച്ചിട്ട് വാ…ഒരുപാട് വെള്ളം ഒന്നും കോരി ഒഴിക്കണ്ട…”

“ഹ്മ്മ്… ഞാൻ കുളിച്ചിട്ട് വന്നിട്ട് മതിയോ കാപ്പി… അല്ലെങ്കിൽ ശ്രീകുട്ടിയോട് പറയാം ”

“ഞാൻ പോയി എടുത്തോളാം… താൻ പോയി കുളിക്ക്… ആഹ് പിന്നെ പറഞ്ഞത് മറക്കണ്ട…. വെള്ളം കുറച്ചു എടുത്തു ഒഴിച്ചാൽ മതി കേട്ടോ ”

അവൾ തലയാട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.

കണ്ണൻ അടുക്കളയിൽ ചെന്നപ്പോൾ രാജിയും ഗീതയും തമ്മിൽ ഉഗ്രൻ വാക്കേറ്റം…

“ചിറ്റ ആദ്യമായി കൊച്ചച്ചന്റെ വിട്ടിൽ ചെന്നപ്പോൾ കുളിച്ചോ…”

“കുളിച്ചു.. ഞങ്ങടെ അമ്മ അതൊക്കെ പറഞ്ഞ വിട്ടത്…”

“ഓഹ് പിന്നെ…”

“എടി… കെട്ടിയോന്റെ കൂടെ കിടന്ന് കഴിഞ്ഞു സാധാരണ പെണ്ണുങ്ങളൊക്കെ കുളിക്കും… അതൊക്ക എല്ലാ കരയിലും അങ്ങനെ ആണ്….”

“പിന്നെ… ഒന്നു കിടന്ന് എന്ന് കരുതി എന്തേ ആകാശം ഇടിഞ്ഞു വീഴുമോ
….”

“അത് നിനക്ക് എങ്ങനെ അറിയാം… ഒന്നു കിടന്നതേ ഒള്ളോന്ന് ”

“ചെ… ഈ ചിറ്റയ്ക്ക് നാണം ഇല്ലേ…. ”

രാജിക്ക് ദേഷ്യം ആയി.

“എന്റെ കൂടെ കിടന്നാൽ ഉടനെ കുളിക്കാൻ എനിക്ക് എന്താ എന്തെങ്കിലും അയിത്തം ഉണ്ടോ ചിറ്റെ ”

വാതിൽക്കൽ കണ്ണനെ കണ്ടതും എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി.

“ഓഹ്
.. അപ്പോളേക്കും എല്ലാം പറഞ്ഞോ ”

“എന്ത് പറയാൻ ”

അവന്റെ ശബ്ദം മാറി.

“ചിറ്റ ഉദ്ദേശിച്ചത് എന്റെ ഭാര്യ എന്നോട് എല്ലാം പറഞ്ഞു തന്നോ എന്നാണോ…. എന്നാലേ അവൾ എന്നോട് ഒന്നും പറഞ്ഞില്ല… പക്ഷെ എനിക്ക് ചെവിക്ക് ഒരു കുഴപ്പവു മില്ല… അതുകൊണ്ട് നിങ്ങൾ പറഞ്ഞത് ഒക്കെ കേട്ടു… അത്രമാത്രം..”

“കണ്ണാ
… നി മുറിയിലോട്ട് ചെല്ല്… ചിറ്റ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി…..”രാജി രംഗം ശാന്തം ആക്കുവാൻ നോക്കി.

“ഇന്നലെ മുതൽ തുടങ്ങി യ്തു ആണ്… ഓരോരുത്തർ ആയി…. അതിന് അവൾ എന്ത് ചെയ്ത്…..

“ഞാൻ അതിന് എന്നാ പറഞ്ഞു മോനെ… ആകെ പാടെ ആ കൊച്ചിനോട് കുളിച്ചിട്ട് അടുക്കളയിൽ കയറാൻ പറഞ്ഞു.. അത് തെറ്റ് ആണെങ്കിൽ ഞാൻ അവളോട് മാപ്പ് പറയാം.. പോരെ ”

“ചിറ്റേ….. ഇതെന്തൊക്ക ആണ് ഈ പറയുന്നത്…”

“പിന്നെ ഞാൻ എന്തോ വേണം രാജിയേ….. ആകെ കൂടെ ഇത് പറഞ്ഞതിന് ആണ് ഇവൻ എന്നേ വായിൽ വന്നതൊക്കെ പറയുന്നത് ”

“അതിന് അവൻ എന്ത് പറഞ്ഞു ചിറ്റെ…. കല്ലു ഒന്നും അവനോട് പറഞ്ഞുകൊടുത്തില്ല.. അവൻ ചിറ്റ പറഞ്ഞത് കേട്ടു കൊണ്ട്  വന്നു എന്നല്ലേ പറഞ്ഞത് ”

കല്ലു അപ്പോളേക്കും കുളി കഴിഞ്ഞു കയറി വന്നു.

അവൾ അവരെ ഒക്കെ നോക്കി പുഞ്ചിരിച്ചു..

“രാജി
… ഞങ്ങൾ പോകുവാടി….7ന്റെ ബസിൽ പോയാൽ 9മണി ആകുമ്പോൾ വീടെത്തും “ഗീത പറഞ്ഞു.

“ചിറ്റ എന്തിനാ ഇത്രയും പെട്ടന്ന് പോകുന്നത്… രണ്ട് ദിവസം കൂടി കഴിയട്ടെ ”

“ഓഹ് വേണ്ടടി… നമ്മൾ ഒക്കെ അങ്ങ് പോയ്കോളാം… ഇവിടെ ഇപ്പോൾ ആളും പേരും ഒക്കെ ഉണ്ടല്ലോ ”

അവർ അർഥം വെച്ചു സംസാരിക്കുന്നത് കല്ലുവിന് പക്ഷെ മനസിലായില്ല.

രാജി കൊടുത്ത കട്ടൻ ചായയും മേടിച്ചു കൊണ്ട് കണ്ണൻ തിണ്ണയിലേക്ക് ഇറങ്ങി പോയി.

തുടരും