കവിത പോലെ മനോഹരിയായ കന്യാകുമാരി . സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ , കടലും കരയും കാഴ്ചയുടെ സൗന്ദര്യം സമ്മാനിക്കുന്ന തീരത്ത് , നിത്യകന്യകയായി കഴിയുന്ന ദേവിയാണ് ഇവിടെയുള്ളത് . ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരി സൂര്യന്റെ ഉദയാസ്തമയം ഒരിടത്ത് കാണാവുന്ന ലോകത്തെ ചുരുക്കം സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം . ബാലാംബികയായ കന്യാകുമാരി ദേവി , ഹേമാംബികയായ പാലക്കാട് കൈപത്തി ക്ഷേത്രം, ലോകാംബികയായ ലോകനാർകാവ്, മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.
മൂവായിരം വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കന്യാകുമാരി ദേവീ ക്ഷേത്രത്തിന് ഒരുപാട് സവിശേഷതകളുണ്ട്.ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു.ക്ഷേത്രത്തിന്റെ നാലു തൂണുകളില്‍ വീണ, ഓടക്കുഴല്‍, ജലതരംഗം, മൃദംഗം എന്നിവയുടെ നാദങ്ങള്‍ കേള്‍ക്കാം. ചുവന്നസാരി, നെയ്യ് വിളക്ക് എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിന്റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. വിവാഹം വൈകുന്നവര്‍ക്കും വിവാഹം നടക്കാന്‍ തടസ്സമുള്ള പെണ്‍കുട്ടികള്‍ക്കു പെട്ടെന്ന് സുമംഗലികളകാന്‍ ദേവിയുടെ അനുഗ്രഹം മതിയെന്നാണ് വിശ്വാസം. അതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരന്റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.
ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. സ്വാമി വിവേകാനന്ദന്‍ തപസ്സിരുന്ന പാറയിലാണ് വിവേകാനന്ദസ്മാരകം. കടല്‍ നീന്തിയെത്തിയ ഈ സ്വാമി വിവേകാനന്ദന്‍ പാറയില്‍ ദിവസങ്ങളോളം ധ്യാനമിരുന്നു എന്നാണ് ചരിത്രം. ഇതിനോട് ചേര്‍ന്നുള്ള ധ്യാനകേന്ദ്രവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ദേവീ കന്യാകുമാരി ഏകപാദസ്ഥിതയായി. തപസ്സനുഷ്ഠിച്ചെന്ന് കരുതുന്ന ശ്രീപാദപാറയും ഇവിടെയുണ്ട്.തമിഴ് കവി തിരുവള്ളുവരുടെ കടലില്‍ പണിതുയര്‍ത്തിയ കൂറ്റന്‍ പ്രതിമ സഞ്ചാരികള്‍ക്ക് അദ്ഭുതക്കാഴ്ചയാകും. വെള്ളച്ചാട്ടങ്ങള്‍, കടല്‍ത്തീരങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രസിദ്ധങ്ങളായ ആരാധനാലയങ്ങള്‍… അങ്ങനെ കന്യാകുമാരിയുടെ പ്രത്യേകതകള്‍ നീളുകയാണ്.