ദുബായ് : നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നൽകി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്. നൗകയിൽ ആസിഫ് അലി എന്നു പേരു പതിപ്പിച്ചു കഴിഞ്ഞു. റജിസ്ട്രേഷൻ ലൈസൻസിലും പേരു മാറ്റും.
ഇതിനകം തന്നെ നൗകയിൽ നടന്റെ പേര് പതിപ്പിച്ചുകഴിഞ്ഞു. പല തലങ്ങളിൽ ഏറെ വഷളാകേണ്ടിയിരുന്ന വിവാദം പക്വതയോടെ കൈകാര്യം ചെയ്ത നടൻ എല്ലാവർക്കും മാതൃതകയാണെന്നാണ് ഡി 3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസിർ ഷെഫീഖ് മുഹമ്മദലി പറയുന്നത്. വിവാദങ്ങളെ ചെറുചിരിയോടെ നേരിട്ട ആസിഫ് അലി നിർണായക ഘട്ടങ്ങളിൽ മനുഷ്യൻ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കാണിച്ചുതന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട സ്വദേശികളാണ് ഡി 3 സംരംഭകർ.
വിവാദവിഷയത്തിൽ തനിക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പിന്തുണ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ ആസിഫ് അലി തനിക്ക് നൽകുന്ന പിന്തുണ മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് കാമ്പയിനായി മാറരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ‘എന്റെ വിഷമങ്ങളും പ്രശ്നങ്ങളും എന്റേത് മാത്രമാണ്.രമേശ് നാരായണൻ അനുഭവിച്ച വിഷമം എനിക്ക് മനസിലാകും. ഒരുപാട് പ്രശ്നങ്ങളുടെ ഇടയിലാണ് അദ്ദേഹം ഉണ്ടായിരുന്നത്.
അപ്പോൾ ആ ഒരു നിമിഷത്തിൽ നമ്മെളെല്ലാവരും റിയാക്ട് ചെയ്യുന്നതുപോലെയാണ് അദ്ദേഹവും റിയാക്‌ട് ചെയ്തത്. ആരും മനഃപൂർവം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. ആ സമയം വേദിയിലുണ്ടായ സംഭവങ്ങളുടെ പ്രതിഫലനമാകാം അദ്ദേഹത്തിൽ നിന്നുണ്ടായത്. സംഭവിച്ചതിൽ എനിക്ക് വിഷമമോ പരാതിയോ ഇല്ല. രമേശ് നാരായണനുമായി ഫോണിൽ സംസാരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ തൊണ്ടയിടറി. അദ്ദേഹത്തെപ്പോലുള്ള ഒരാൾ ക്ഷമ പറയേണ്ടതില്ല’ എന്നാണ് ആസിഫലി പറഞ്ഞത്.