നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. ഇന്ന രാവിലെയാണ് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്.
നിപ ബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 63 പേര് ഹൈ റിസ്ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കുമെന്നും മന്ത്രി അറിയിച്ചു.