അബൂദാബിയിലുടനീളം കണ്ടൽക്കാടുകൾ വളർത്തുന്നതിനുള്ള ദൗത്യത്തിൽ ഉപയോഗിക്കുന്നത് തടികളും പുനരുപയോഗ വസ്തുക്കളും ഉപയോഗിച്ചു വികസിപ്പിച്ച ഡ്രോണുകൾ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യാ സ്ഥാപനമായ ഡിസ്റ്റന്റ് ഇമേജറിയാണ് ഇതുപയോഗപ്പെടുത്തുന്നത്. ഡ്രോണുകൾ പറത്തി കണ്ടൽമരങ്ങളുടെ വിത്തുകൾ വിതറുകയാണ് ചെയ്തുവരുന്നത്.
അബൂദബി പരിസ്ഥിതി ഏജൻസിയുടെ പിന്തുണയോടെ അഡ്നോക്, എൻജീ, മുബാദല എനർജി എന്നിവയുടെ സഹകരണത്തോടെ ഇൻസ്റ്റന്റ് ഇമേജറി കഴിഞ്ഞ വർഷങ്ങളിലായി കണ്ടൽക്കാട് വ്യാപനം നടത്തിവരികയാണ്. തങ്ങൾ തന്നെയാണ് ഡ്രോണുകളുടെ രൂപകൽപനയും നിർമാണവുമെന്നും സുസ്ഥിരതാ കാരണങ്ങൾ കൊണ്ടാണ് ഇവ തടികൾ കൊണ്ട് നിർമിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
2,000 വിത്തുകൾ പാകിയാണ് പ്രവർത്തനം തുടങ്ങിയത്. 2023ഓടെ പാകിയ കണ്ടൽവിത്തുകളുടെ എണ്ണം 35 ലക്ഷമായി ഉയർന്നു. കുറഞ്ഞ പാരിസ്ഥിതിക പ്രത്യാഘാതം മാത്രമുള്ള ഡ്രോണുകൾ ഉപയോഗിച്ച് വൻതോതിൽ വിത്തുകൾ പാകാൻ കഴിയും. മരങ്ങളിൽ നിന്ന് വിത്തുകൾ ശേഖരിച്ച ശേഷം ഇവ ഡ്രോണിന്റെ ടാങ്കിൽ ശേഖരിക്കുകയും മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ പറക്കുന്നതിനിടെ വിത്തുകൾ ഓരോന്നായി ആകാശത്ത് നിന്ന് താഴേക്കിടുകയും ചെയ്യുന്നതാണ് രീതി. അതിവേഗം താഴേക്കു വീഴുന്ന വിത്തുകൾ മണ്ണിൽ തറയുകയും ഇവിടെ കിടന്ന് വളരുകയും ചെയ്യുന്നതോടെ കണ്ടൽക്കാട് വ്യാപന ലക്ഷ്യം പൂർത്തിയാവുകയും ചെയ്യുന്നു. നിലവിൽ ആറു ഡ്രോണുകളാണ് പദ്ധതിയുടെ ഭാഗമായി പറത്തുന്നത്.