ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമികളില്‍ ഒന്നായ ഡക്കാന്‍ പീഠഭൂമിയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ലോകാത്ഭുതമാണു എല്ലോറ കേവ്‌സ് ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പൗരാണിക ഗുഹാ ക്ഷേത്ര സമുച്ചയമാണിത്. ആധുനിക ലോകത്ത് നിന്നും ചരിത്രത്തിലേക്കുള്ള യാത്രയുടെ പ്രതീതിയാണ് എല്ലോറ ഗുഹകൾ സമ്മാനിക്കുക. മഹാരാഷ്‌ട്രയിലെ ഔറംബാദിന് സമീപമായാണ് എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ പ്രദേശം ചരിത്രകാരന്മാരുടെ ഇഷ്ടയിടം കൂടിയാണ്. മനുഷ്യനിർമ്മിതമായ ലോകാദ്ഭുതങ്ങൾ എല്ലാം തന്നെ ഒന്നിന് പിന്നാലെ ഒന്നായി അക്കമിട്ടു നിർത്തിയാലും മഹാരാഷ്ട്രയിലെ എല്ലോറ ക്ഷേത്ര സമുച്ചയം എന്നും വേറിട്ട് നിൽക്കും .ഒരു വലിയ കരിങ്കല്ലിന്റെ ഉൾവശം മുഴുവനും തുരന്നു കളഞ്ഞ് നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റുകയെന്നത് തന്നെ വലിയ ശ്രമമാണ്.
ഇത്തരത്തിൽ നിർമിച്ച ഒന്നാണ് എല്ലോറക്ഷേത്രം. എഡി 760 ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. 100 ഓളം വരുന്ന ഗുഹകളിൽ 34 എണ്ണത്തിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം. ഇതിലെ ആദ്യ 12 എണ്ണം ബുദ്ധക്ഷേത്രങ്ങളും 17 എണ്ണം ഹിന്ദുക്ഷേത്രങ്ങളും 5 എണ്ണം ജൈന ക്ഷേത്രങ്ങളുമായാണ് അറിയപ്പെടുന്നത്. ഈ ഗുഹകളിലെ 16-)o നമ്പറായി രേഖപ്പെടുത്തിയിരിക്കുന്ന കൈലാസനാഥ ക്ഷേത്രമാണ് ഇവിടത്തെ പ്രശസ്തമായ നിർമ്മിതി. ഭാരതത്തിന്റെ കലാശിൽപ മാതൃകയിലെ ഒന്നാം നമ്പർ താരവും ഈ ക്ഷേത്രം തന്നെ. 31.61 മീറ്റർ നീളവും 46.92 മീറ്റർ വീതിയുമുള്ള ഈ ക്ഷേത്രം മൂന്നുനിലകളിലായാണ് കാണാൻ സാധിക്കുക.എലപുരയിലെ ചരണാദ്രി കുന്നുകളുടെ വശം തുരന്ന് നിര്‍മിച്ചിരിക്കുന്ന ഗുഹകളില്‍ മിക്കവാറും മധ്യഭാഗത്താണ് കൈലാസ ക്ഷേത്രം.
ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചിട്ടില്ലാത്ത കാലത്ത് വലിയ മലനിരകളുടെ അടിഭാഗം തുരന്ന് ഇത്രയ്ക്ക് വിശാലവും കൊത്തുപണികളും ചുവര്‍ചിത്രങ്ങളും കൊണ്ട് സമ്പന്നവുമായ ഗുഹകള്‍ നിര്‍മിക്കുക എന്നത് മനുഷ്യസാധ്യമല്ലെന്നും സവിശേഷ ശക്തിയുള്ള അന്യഗ്രഹജീവികളാവാം ഇവയുടെ സ്രഷ്ടാക്കളെന്നുംവരെ പലരും അഭിപ്രായപ്പെട്ടിരുന്നു. ഭീമാകാരമായ ഒരൊറ്റ പാറക്കല്ലിലാണ് ഇതിന്റെ നിർമാണമെന്ന് പറയുമ്പോൾ ഞെട്ടലുണ്ടാകുന്നത് സ്വാഭാവികം മാത്രം. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതി വ്യത്യസ്തമാകുന്നത് അതിനാൽ തന്നെയാണ്. ഏകദേശം 400000 ടണ്‍ പാറയെങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
ഇത്രയധികം ഗുഹകള്‍ നിര്‍മിക്കുന്നതിന് വേണ്ടി കൃഷ്ണശിലകള്‍ കൊണ്ടുള്ള കുന്ന് തുരന്ന് പുറത്തേക്കെടുത്ത പാറക്കഷ്ണങ്ങള്‍ എവിടെ കൊണ്ടുപോയി നിക്ഷേപിച്ചുവെന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഏതായാലും ഇതേക്കുറിച്ച് ഗവേഷണം നടത്തിയവര്‍ക്കൊന്നും പാറക്കഷ്ണങ്ങളുടെ വിപുലമായ ശേഖരങ്ങളൊന്നും സമീപപ്രദേശങ്ങളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. മനുഷ്യർ ചെയ്യുകയാണെങ്കിൽ ഇതിന് ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പൂജ നടക്കുന്ന ഒരു ക്ഷേത്രമല്ലിത്. കുറെയേറെ കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും അജ്ഞാതരായ പൗരാണിക ശില്‍പികളുടെ വാസ്തുവിദ്യാ വൈദഗ്ധ്യം വിളംബരം ചെയ്യുന്ന ചരിത്രസ്മാരകമാണ്. 85,000 ക്യുബിക് മീറ്റര്‍ പാറയില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ പുറംചുമരുകളില്‍ വലിയ ശില്‍പങ്ങള്‍ കൊത്തിവെച്ചിരിക്കുന്നത് കാണാം1682 ഇൽ ഔറംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു. 1000 ആളുകൾ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും ഏതാനും ചില കൊത്തുപണികൾ ഒഴികെ ഒന്നും തകർക്കാൻ കഴിഞ്ഞില്ല.