ഹൃദയരാഗം
part 23
ഒരു നിമിഷം അവൻറെ മറുപടിയിൽ ഒന്ന് അത്ഭുതപ്പെട്ടു പോയിരുന്നു അവളും… അവൻ തന്നെയാണോ പറയുന്നതെന്ന് സംശയം തോന്നിയിരുന്നു, ഗൗരവത്തിന്റെ മുഖംമൂടിയിൽ മാത്രം കണ്ടിട്ടുള്ള ഒരുവൻ അവന്റെ നാവിൽ നിന്നും ഇങ്ങനെയൊന്ന് കേട്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു പോയിരുന്നു, ” എന്റെ സ്നേഹത്തിന് ഒരൊറ്റ അവകാശി മാത്രമേയുള്ളൂ, അത് അനന്ദുവേട്ടൻ മാത്രമാണ്…എത്ര കാലമായി ഞാൻ എൻറെ മനസ്സിൽ കൊണ്ടു നടക്കുന്നതാണെന്നോ… പെട്ടെന്ന് തന്റെ പ്രണയത്തെപ്പറ്റി അവൾ വാചാലമായിരുന്നു,ഈ വട്ടം അത് കേൾക്കാൻ അവനും ഉത്സാഹമായിരുന്നു, ” ഞാൻ പബ്ലിക്ക് ബൂത്തിൽ നിന്നാണ് വിളിക്കുന്നത് വീട്ടിൽ ചെന്നിട്ട് വിളിച്ചാൽ മതിയോ, ”
മതി….. അവൾ ഫോൺ കട്ട് ചെയ്തപ്പോൾ കുറച്ചുനേരം അവൻ അങ്ങനെ തന്നെ ഇരുന്നു പോയിരുന്നു, ഏതോ ഒരു മധുരമായ ഓർമ്മയിൽ മുഴുകി അങ്ങനെ,അവന്റെ നെഞ്ചിൽ ഒരു മേളം ആയിരുന്നു, അതിന്റെ താളമോ ദിവ്യയും.. അന്ന് വൈകിട്ട് കലശലായ വയറു വേദനയോടെ ആയിരുന്നു അവൾ വീട്ടിലേക്ക് വന്നിരുന്നത്, അവളുടെ മുഖഭാവം കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് കാര്യം മനസ്സിലായി, ഏലക്കയും ചുക്കും ഉലവയും ഇട്ട് അവൾക്ക് വേണ്ടി മാത്രമായി തയ്യാറാക്കിയ കാപ്പിയുമായി എത്തിയപ്പോൾ വയറുവേദനയ്ക്ക് ശമനം കിട്ടിയിരുന്നു, ഇതിനിടയിൽ അനന്തുവിനെ വിളിക്കാൻ അവസരം ഒത്തു വന്നിരുന്നില്ല,
ചേച്ചിയും കുഞ്ഞുമോളും ഉണ്ട്, അതുകൊണ്ടുതന്നെ എല്ലാവരും ഒരുമിച്ചാണ് എപ്പോഴും ഉണ്ടാവുക, ഒറ്റയ്ക്കുള്ള സാഹചര്യം വളരെ കുറവായിരിക്കും, അതിനാൽ ഒന്ന് സംസാരിക്കണം എന്ന് അവൾക്കു മോഹം ഉണ്ടായിരുന്നുവെങ്കിലും നടന്നില്ല, അവൻ ആണെങ്കിൽ അവളുടെ ഫോൺ വരാതെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു, അങ്ങോട്ടേക്ക് വിളിച്ചാലോ എന്ന് പോലും തീരുമാനിച്ചു… 9 മണി കഴിഞ്ഞിട്ടും അവൾ വിളിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അവൻ അങ്ങോട്ടേക്ക് വിളിച്ചു, സ്വിച്ച് ഓഫ് ആണെന്ന് മറുപടി അവനെ തളർത്താൻ കെൽപ്പുള്ളത് ആയിരുന്നു,
ആ രാത്രിയിൽ ഉറക്കം അവനെ തഴുകിയില്ല, കുറച്ചുകഴിഞ്ഞ് ഫോൺ എടുത്തു നോക്കിയപ്പോൾ ഒരു മിസ്ഡ് കോൾ കിടക്കുന്നത് കണ്ടു, ആവേശത്തോടെ തിരിച്ചു വിളിക്കാൻ നോക്കിയപ്പോഴാണ് അത് വിവേകിന്റെ ആണെന്ന് അവന് മനസ്സിലായത് എന്തുചെയ്യണമെന്നറിയാതെ ഇരുന്നപ്പോൾ വീണ്ടും ഫോൺ ശബ്‌ദിച്ചു… അവസാനം അവൻ അത് അറ്റൻഡ് ചെയ്തു, “ഹലോ അനന്ദു എന്തായി കാര്യങ്ങളൊക്കെ…? അവൻറെ ചോദ്യം കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്, ” എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു…. അല്പം ഗൗരവത്തോടെ തന്നെയാണ് അനന്തു പറഞ്ഞത്, ” അതിനു മുമ്പ് എനിക്കൊരു കാര്യം പറയാനുണ്ട് വിവേക് പറഞ്ഞു… ” ഞാന് നാളെ തിരിച്ചു പോകുവാണ്, ഒരു വർഷം കഴിഞ്ഞിട്ടേ ഇവിടേക്ക് തിരിച്ചുവരൂ, അതിനിടയിൽ എന്ത് ഡെവലപ്മെൻറ് ഉണ്ടായാലും താനെന്നെ വിളിച്ചറിയിക്കണം,
മുഖമടച്ച് ഒന്നു കൊടുക്കാനാണ് ആ നിമിഷം അനന്തുവിന് തോന്നിയത്, എങ്കിലും അവൻ തിരികെ പോകും എന്ന വാർത്ത അവനിൽ ഒരു സന്തോഷം ഉണ്ടാക്കിയിരുന്നു, ” തനിക്ക് കാശ് വല്ലതും വേണോ…? അത് ചോദിക്കാൻ ആണ് ഞാൻ വിളിച്ചത്, അവിടെ ചെന്ന് കഴിഞ്ഞാൽ പെട്ടെന്ന് എനിക്ക് തരാനൊന്നും പറ്റില്ല…. ” എനിക്ക് കാശ് ഒന്നും വേണ്ട, താൽപര്യമില്ലാതെ ആണ് അവൻ മറുപടി പറഞ്ഞത്, ” ഓക്കേ, ഗുഡ് ആറ്റിട്യൂട്, ആദ്യം ജോലി പിന്നെ കൂലി, ഒരു വർഷം കഴിഞ്ഞ് ഞാൻ ഇനി വരുമ്പോൾ ഞങ്ങളുടെ കല്യാണം ഉണ്ടാവും,
അതിനു മുൻപ് എന്തെങ്കിലും ഉണ്ടാക്കി അവളോട് പിണക്കം ഉണ്ടാക്കേണ്ടത് തൻറെ ബാധ്യതയാണ് കേട്ടോ…. അവൻറെ ആ മറുപടി അനന്തുവിനെ തളർത്താൻ കഴിയുന്നത് ആയിരുന്നു. ഇനി അവൾ ഇല്ലായ്മ തനിക്ക് താങ്ങാൻ കഴിയില്ല എന്ന് അവൻ കുറച്ചു സമയങ്ങൾക്ക് മുൻപ് തന്നെ മനസ്സിലായിരുന്നു, കാണാതെ ഇരിക്കുമ്പോൾ മിണ്ടാതെ ഇരിക്കുമ്പോൾ ഈ നെഞ്ചാണ് പിടയുന്നത്.. അവളോട് സംസാരിക്കാതെ അവളുടെ വിവരങ്ങൾ അറിയാതെ തനിക്ക് ജീവിക്കാൻ പോലും സാധിക്കില്ല, അപ്പോഴാണ് ഒരു വർഷം കഴിഞ്ഞ് അവളെ സ്വന്തമാക്കുമെന്ന് മറ്റൊരുവൻ പറയുന്നത്…
അവൾ തന്റെ മാത്രമാണെന്ന് ഹൃദയം വിളിച്ചു പറഞ്ഞു.പക്ഷേ വാക്കുകൾ പുറത്തേക്ക് വന്നില്ല , എന്തൊരു നിസ്സഹായ അവസ്ഥയാണിത്… അല്ലെങ്കിലും ഇന്നോളം മനുഷ്യൻ മുറിവേറ്റപെട്ടിട്ടുള്ളത് സ്നേഹം കൊണ്ട് മാത്രമാണ്… ” ശരിയെന്നാൽ എന്തെങ്കിലുമുണ്ടെങ്കിൽ താൻ എൻറെ പേഴ്സണൽ നമ്പറിൽ വിളിച്ചാൽ മതി, ഞാൻ ഈ കോൾ കട്ട് ചെയ്യുമ്പോൾ ആ നമ്പർ മെസ്സേജ് ചെയ്തേക്കാം…. അതും പറഞ്ഞ് വിവേക് ഫോൺ കട്ട് ചെയ്തപ്പോഴും അനന്ദു വല്ലാത്തൊരു അവസ്ഥയിലായിരുന്നു, ഇനി പിരിയുക എന്നാൽ മരണമാണെന്ന് അവനും വ്യക്തമായി അറിയാമായിരുന്നു,
അത്രമേൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. എല്ലാം കൊണ്ടും ഉറക്കമില്ലാത്ത രാത്രിയായിരുന്നു അത്, ഒരു വശത്ത് അവളുടെ സ്വരം കേൾക്കാത്തതിലുള്ള പരിഭവത്തിൽ ഹൃദയം നുറുങ്ങി കൊണ്ടിരിക്കുന്നു… മറുവശത്ത് വിവേകിന്റെ വാക്കുകൾ അവനെ ചുട്ടുപൊള്ളിച്ചു കൊണ്ടിരിക്കുന്നു. ഒരു ചുഴിയിൽ അകപ്പെട്ടതുപോലെയാണ് അവന് തോന്നിയത്… എന്തുചെയ്യണമെന്ന് പോലും അറിയാത്ത ഒരു അവസ്ഥ, അവളോട് എല്ലാം തുറന്നു പറയണം എന്ന് വിചാരിച്ചതാണ്, പക്ഷേ….. താൻ ഒരു ചതിയൻ ആയിരുന്നു എന്ന് അറിഞ്ഞാൽ അവൾ തന്നിൽ നിന്നും അകന്നു പോയാലോ എന്നൊരു സ്വാർത്ഥത തന്നെ കീഴടക്കുന്നത് അനന്തു അറിഞ്ഞിരുന്നു… ഇല്ല അത് തനിക്ക് സഹിക്കാൻ കഴിയില്ല, തൽക്കാലം അവൾ ഒന്നും അറിയേണ്ട,
സമയവും സാഹചര്യവും ഒത്തു വരുന്ന നിമിഷം അവളോട് താൻ അത് തുറന്നു പറയും, അന്ന് അവൾക്ക് തന്നെ മനസ്സിലാക്കാൻ കഴിയും. അല്ലെങ്കിലും അവളുടെ അനന്തുവേട്ടനെ അവൾക്ക് അല്ലാതെ മറ്റാർക്കാണ് മനസ്സിലാക്കാൻ സാധിക്കുക, അങ്ങനെ ഒരു വിശ്വാസത്തിൽ അടിവരയിട്ടു അനന്തു… ഓരോന്നാലോചിച്ച് വെളുപ്പിന് എപ്പോഴാണ് ഉറങ്ങിയത്, കാലത്തുതന്നെ ഫോൺ അടിക്കുന്ന ബെല്ല് കേട്ട് കണ്ണുകൾ വലിച്ചു തുറന്നു, പ്രതീക്ഷ തെറ്റിയില്ല അവൾ തന്നെ ആയിരുന്നു… പെട്ടെന്ന് അവൻ ഫോണെടുത്തു ” ഹലോ…. ” ഹലോ അനന്ദുവേട്ട….ഇന്നലെ വിളിക്കാൻ പറ്റിയില്ല,
അമ്മയുടെ ഫോണിൽ ചാർജ് ഉണ്ടായിരുന്നില്ല, ഇവിടെ കറന്റ് ഇല്ലാരുന്നു… ” ഒരു മെസ്സേജ് അയച്ചു കൂടെ, ഞാനെന്ത് ടെൻഷൻ അടിച്ചു എന്നറിയോ…? അവൻറെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന ആവലാതി അവൾക്ക് മനസ്സിലായിരുന്നു, “സോറി അനന്ദുവേട്ട… ” എപ്പോഴാ കാണാൻ പറ്റുക…? അവൻ ആയിരുന്നു ആ ചോദ്യം ചോദിച്ചത്, ” വൈകുന്നേരം വായനശാലയിൽ ” അതിനു പുറകിൽ ഒരു ഗ്രൗണ്ട് ഉണ്ട്, അവിടെ അധികമാരും വരാത്ത സ്ഥലം ആണ്… കണ്ടിട്ടുണ്ടോ…? ” നിങ്ങളൊക്കെ അവിടെ നിന്ന് ഫുട്ബോൾ കളിക്കുന്നത് കണ്ടിട്ട് ഉണ്ട്…. ” അതിനു തൊട്ടു പുറകിൽ ഉണ്ട് ചെറിയ ഒരു ഗ്രൗണ്ട്….അവിടെ ഞാൻ ഇരിക്കാം, അവിടേക്ക് വരണം, എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…
“ശരി അനന്ദുവേട്ട… അത് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തിരുന്നത്, വൈകുന്നേരം ബെല്ലടിച്ചപ്പോൾ വല്ലാത്ത തിരക്ക് ആയിരുന്നു… ബസ്സിലേക്ക് കയറുന്നതിനു മുൻപ് ഒഴിഞ്ഞഒരു ക്ലാസ് റൂമിൽ പോയി കയ്യിൽ കരുതിയിരുന്ന കണ്ണാടി നോക്കി മുടി ഒന്ന് ശരിക്ക് ചീകി ഒതുക്കി വെച്ചു, ഒപ്പം പോണ്ട്സിന്റെ ചെറിയ ടിൻ പൗഡറിൽ നിന്നും ഒരല്പം എടുത്ത് മുഖത്ത് ഇടാനും മറന്നില്ല, എന്തായിരിക്കും അവന് തന്നോട് പറയാനുള്ളത് എന്ന ചോദ്യമായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞത്.
വായനശാലയിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് പതിവിലും വേഗത കൂടുന്നത് അവൾ അറിഞ്ഞിരുന്നു, ” ഞാൻ വരണ്ടേ…? ഒരു തമാശയോടെയാണ് നീതു അത് ചോദിച്ചത്, “വേണ്ട ഞാൻ പൊക്കോളാം… നാണത്തോടെ ഉള്ള മറുപടി… “ശരി ശരി ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല, ചെറുചിരിയോടെ നീതു യാത്ര പറഞ്ഞപ്പോൾ വീണ്ടും ആകാംഷയോടെ വായനശാലയ്ക്ക് പിറകിലുള്ള ഗ്രൗണ്ടിലേക്ക് അവൾ നടന്നു, അവിടെയെത്തിയപ്പോൾ കൃത്യമായി പറഞ്ഞിടത്ത് ആൾ ഇരിപ്പുണ്ട്. എന്തോ ചിന്തിച്ചു…. അരികിലേക്ക് ചെന്നിരുന്നു ദിവ്യ… തൻറെ സാന്നിധ്യം അറിഞ്ഞിട്ട് എന്നതുപോലെ അല്പം ചേർന്നിരുന്നു അവൻ, ഒരു നിമിഷം അവളിൽ വല്ലാത്ത അമ്പരപ്പുണ്ടാക്കിയിരുന്നു… അതോടൊപ്പം അവന്റെ ചൊടിയിൽ മിന്നി നിന്നിരുന്ന പുഞ്ചിരിയും……….
തുടരും…………