ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ന്യൂസ് മിനിറ്റിന്റെ സ്ഥാപക ധന്യ രാജേന്ദ്രനെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അടങ്ങിയ യൂട്യൂബ് വീഡിയോകളും ലേഖനങ്ങളും നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ധന്യ നല്‍കിയ മാനനഷ്ടക്കേസിന്‍ മേലാണ് കോടതിയുടെ ഉത്തരവ്. കര്‍മ്മ ന്യൂസ്, ജനം ടിവി, ജന്മഭൂമി എന്നീ മാധ്യമങ്ങളോടാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. ധന്യക്കെതിരെ പ്രസിദ്ധീകരിച്ച വീഡിയോകളും ലേഖനങ്ങളും പത്തുദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് വികാസ് മഹാജന്റേതാണ് ഇടക്കാല ഉത്തരവ്.
മാധ്യമസ്ഥാപനങ്ങള്‍ സമയപരിധിക്കകം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ യുട്യൂബിനെ സമീപിക്കാന്‍ ധന്യക്കും ന്യൂസ് മിനിറ്റിനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ധന്യക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനോ അതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ വ്യക്തമാക്കാനോ എതിര്‍പക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. വീഡിയോയിലെയും ലേഖനത്തിലെയും ഉള്ളടക്കങ്ങള്‍ വെറും ആരോപണം മാത്രമാണെന്നും കോടതി വിലയിരുത്തി. ധന്യയും സ്വതന്ത്ര മാധ്യമ ചാനലുകളും ചേര്‍ന്ന് ‘കട്ടിങ് സൗത്ത് 2023’ എന്ന പേരില്‍ ഒരു കോണ്‍ക്ലേവ് 2023 മാര്‍ച്ച് 25ന് നടത്തിയിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ധന്യക്കെതിരെ ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ രംഗത്തുവന്നത്. ഇന്ത്യയില്‍ ആഭ്യന്തര സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ജോര്‍ജ്ജ് സോറോസിന്റെ ഏജന്റാണ് ധന്യയെന്നായിരുന്നു ആരോപണം. ഇക്കാര്യം സംബന്ധിച്ച് നിരവധി ലേഖനങ്ങളും വീഡിയോകളും ഈ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ധന്യയുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചെന്നും ദക്ഷിണേന്ത്യയെ വെട്ടിമുറിക്കാനും വിഭജിക്കാനുമാണ് ‘കട്ടിങ് സൗത്ത് 2023’ ശ്രമിച്ചതെന്നും ഈ മാധ്യമങ്ങള്‍ ആരോപണമുയര്‍ത്തിയിരുന്നു.
ആരാണ് ധന്യ രാജേന്ദ്രന്‍ ?
2003ല്‍ കേരളത്തിലെ ആദ്യത്തെ 24 മണിക്കൂര്‍ വാര്‍ത്താ ചാനലായ ഇന്ത്യാ വിഷനില്‍ ജോലി ചെയ്തുകൊണ്ടാണ് ധന്യ രാജേന്ദ്രന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 2004ല്‍ ചെന്നൈയില്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലേക്ക് മാറി. പിന്നീട് 2005ല്‍ ടൈംസ് നൗവില്‍ റിപ്പോര്‍ട്ടറായി ജോലിക്ക് കയറുകയും ദക്ഷിണേന്ത്യയുടെ ബ്യൂറോ ചീഫായി മാറുകയും ചെയ്തു. തന്റെ ഭര്‍ത്താവ് വിഘ്‌നേഷ് വെല്ലൂര്‍, ചിത്ര സുബ്രഹ്‌മണ്യം എന്നിവരോടൊപ്പം, 2014ല്‍ ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വാര്‍ത്താ കവറേജില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഡിജിറ്റല്‍ ന്യൂസ് വെബ്സൈറ്റായ ദി ന്യൂസ് മിനിറ്റ് ധന്യ സ്ഥാപിച്ചു.
ദി നെറ്റ്വര്‍ക്ക് ഫോര്‍ വിമന്‍ ഇന്‍ മീഡിയ, ഇന്ത്യയിലെ അംഗവുമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഫണ്ട് ചെയ്യുന്ന ഡിജിപബിന്റെ ചെയര്‍പേഴ്സണ്‍ കൂടിയാണ് അവര്‍. ജോലിയുടെ പേരില്‍ പലപ്പോഴും ഓണ്‍ലൈന്‍ പീഡനം രാജേന്ദ്രന് നേരിടേണ്ടി വന്നിട്ടുണ്ട്. 2017ല്‍, അവര്‍ ട്വിറ്ററില്‍ ഒരു അധിക്ഷേപം നേരിട്ടു. ഫീല്‍ഡില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഓണ്‍ലൈന്‍ പീഡനങ്ങളെക്കുറിച്ച് രാജേന്ദ്രന്‍ ശബ്ദമുയത്തിയിട്ടുണ്ട്. 2019ല്‍, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച വനിതാ മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് അവര്‍ ശക്തമായ പ്രസ്താവന നടത്തിയിരുന്നു.
CONTENT HIGHLIGHTS;Delhi High Court to remove news and videos against the founder of News Minute: Who is Dhanya Rajendran?