റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ. 4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ റീ റിലീസീനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്. ജൂലൈ 26-നാണ് ചിത്രം റീ റിലീസായി തിയേറ്ററുകളിൽ എത്തുന്നത്.
രഘുനാഥ് പാലേരി തിരക്കഥയെഴുതിയ ചിത്രം മോഹൻലാലിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സിനിമയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതാനായി ആദ്യം സമീപിച്ചത് പത്മരാജനെയാണെന്ന് പറഞ്ഞിരിക്കുകയാണ് സിബി മലയിൽ. തന്റെ ഏറ്റവും മികച്ച സിനിമയായി എന്നെങ്കിലും കാണാൻ കാത്തിരുന്ന ചിത്രമായിരുന്നു ദേവദൂതൻ എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.
“ദേവദൂതൻ എഴുതാനായി ആദ്യം ഞങ്ങളുടെ മനസിലേക്ക് വന്നത് പത്മരാജൻ സാർ ആയിരുന്നു. അദ്ദേഹത്തെ സമീപിക്കുകയും എന്നാൽ അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം പത്മരാജൻ സാറിന് അത് ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് രഘുനാഥ് പാലേരി അതെഴുതുകയാണ് ചെയ്തത്. എൺപത്തിരണ്ട് എൺപത്തിമൂന്ന് കാലഘട്ടത്തിൽ എന്റെ ആദ്യത്തെ സിനിമക്ക് വേണ്ടി എഴുതിയ കഥ കൂടിയാണ്.
ഒരു വർഷത്തോളം ഇരുന്ന് ഞാനും രഘുവും കൂടെ എഴുതി പൂർത്തീകരിച്ച സ്ക്രിപ്റ്റ് പക്ഷെ സിനിമയായില്ല. പല കാരണങ്ങളാൽ അത് മുടങ്ങി പോവുകയായിരുന്നു. എന്റെ ഏറ്റവും മികച്ച ഒരു സിനിമയായി എന്നെങ്കിലും രൂപപ്പെടാനായി ഞാൻ കാത്തിരുന്ന ചിത്രമായിരുന്നു അത്. പിന്നീട് പതിനെട്ടു വർഷങ്ങൾക്ക് ശേഷമാണ് ദേവദൂതൻ എന്ന പേരിൽ ആ സിനിമ ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടായി.” എന്നാണ് ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.
content highlight: padmarajan-is-the-first-choice-for-writing-devadoothan-script