തൊഴിൽ വിപണിയിൽ ഒമാനി കേഡറുകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തൊഴിൽ മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു. ഒമാന്റെ തൊഴിൽ മേഖല രൂപപ്പെടുത്തുന്നതിൽ കമ്യൂണിറ്റി പങ്കാളിത്തം വർധിപ്പിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. bit.ly/4d9U0xB എന്ന ലിങ്ക് വഴി ചിന്തകളും നിർദേശങ്ങളും പൗരന്മാർക്ക് പങ്കിടാമെന്ന് അധികൃതർ വ്യക്തമാക്കി.
നിർബന്ധിത ഒമാനൈസേഷൻ നിരക്കുകൾ കൈവരിക്കാത്ത കമ്പനികൾക്ക് കൂടുതൽ പിഴ ചുമത്തണോ?, ജോയന്റ് ഇൻസ്പെക്ഷൻ ടീം മുഖേനയുള്ള പരിശോധന വർധിപ്പിക്കണോ?, തൊഴിൽ വിപണിയിൽ ഒമാനി തൊഴിലാളികളെ ശാക്തീകരിക്കാനുള്ള നിർദേശങ്ങൾ പങ്കിടുക എന്നിങ്ങനെയുള്ള ചോദ്യങ്ങളും മറ്റുമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.അതേസമയം, രാജ്യത്തെ വിവിധ തൊഴിൽ മേഖലയിൽ ഒമാനിവത്കരണം ശക്തമാക്കാനുള്ള ഊർജിത ശ്രമങ്ങളുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകൾ പൂർണമായി സ്വദേശിവത്കരിക്കാനാണ് അടുത്തിടെ എടുത്ത തീരുമാനം.
ഇതിന്റെ ഭാഗമായി ഈ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കും. ഒമാൻ വിഷൻ 2040ന് അനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും ഒമാനികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി പ്രവർത്തനം മെച്ചപ്പെടുത്താനും അവശ്യ നയങ്ങൾ രൂപവത്കരിക്കാനും ആണ് ലക്ഷ്യമിടുന്നത്.