സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. ആ ഇന്‍സിഡന്റ് ആസിഫ് അലി വളരെ മനോഹരമായി ഹാന്‍ഡില്‍ ചെയ്‌തെന്നും വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ വേറൊരു രീതിയില്‍ ആയിരിക്കും പ്രതികരിക്കുക എന്നും സിബി മലയില്‍ പറഞ്ഞു. സംഉഭവത്തില്‍ ആസിഫിന്റെ പ്രതികരണം കണ്ട ശേഷം ആസിഫിനോട് വലിയ ഒരു ബഹുമാനവും ഇഷ്ടവും തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആ ഒരു ഇന്‍സിഡന്റ് ആദ്യമേ വളരെ മനോഹരമായി ഹാന്‍ഡില്‍ ചെയ്യാന്‍ ആസിഫിന് കഴിഞ്ഞു. എനിക്ക് അവനോട് വലിയ സ്‌നേഹവും ബഹുമാനവും തോന്നിയത് അതുകൊണ്ടാണ്. കാരണം വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ വേറൊരു രീതിയില്‍ ആയിരിക്കും പ്രതികരണം ഉണ്ടാവുക, കൂടുതല്‍ വഷളായി പോയേനെ സംഭവം. അദ്ദേഹത്തിന് തെറ്റ് പറ്റിയതണോ..അദ്ദേഹത്തിന്റെ അപ്പോഴത്തെ മാനസികാവസ്ഥ കൊണ്ടാണോ അങ്ങനെ പെരുമാറിയതെന്ന ശരി തെറ്റുകള്‍ക്കൊക്കെ അപ്പുറത്തേക്ക് ആസിഫിന്റെ ശരിയാണ് ഞാന്‍ നോക്കിക്കാണുന്നത്. നമ്മളെ ഒരാള്‍ അറിഞ്ഞോ അറിയാതെയോ വിഷമിപ്പിച്ചാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചു മറുപടി നല്‍കുകയല്ല വേണ്ടത്, പകരം അതൊക്കെ ക്ഷമിക്കാനും അയാളെ ചേര്‍ത്ത് നിര്‍ത്താനും ഉളള ഒരു മനസ്സുണ്ടാകണം, പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്’, സിബി മലയില്‍ പറഞ്ഞു.
‘ആ സംഭവത്തിന് ആസിഫലി നല്‍കിയ പത്രസമ്മേളനം ഞാന്‍ കണ്ടിരുന്നു. അത് കണ്ടു കഴിഞ്ഞതിനുശേഷം എനിക്ക് ആസിഫിനോട് വലിയ ഒരു ബഹുമാനവും ഇഷ്ടവും ഒക്കെ തോന്നി. ആ വിഷയത്തെ നന്നായി ഹാന്‍ഡില്‍ ചെയ്തു. അവന്റെ വായില്‍ നിന്ന് തെറ്റായ ഒരു വാക്ക് വന്നിരുന്നെങ്കില്‍ ആ വിഷയം വീണ്ടും ആളിക്കത്തിയേനെ. അത് വളരെ പക്വതയോടെ കൂടി ഹാന്‍ഡില്‍ ചെയ്തു അങ്ങനെ ഒരു വലിയ സന്ദേശം ആസിഫലിക്ക് നല്‍കാന്‍ കഴിഞ്ഞു. ആസിഫിന് സിനിമയോട് വലിയ പാഷനാണ്. അതിനു വേണ്ടി അവന്‍ എത്ര കഷ്ടപ്പാട് വേണമെങ്കിലും സഹിക്കും. അതിനെല്ലാം ഉപരി അവനൊരു ജനുവിന്‍ ആക്ടര്‍ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒട്ടും ആര്‍ട്ടിഫിഷ്യല്‍ അല്ലാത്ത നടനാണ് ആസിഫലി. അപൂര്‍വ രാഗത്തിലെ ചില സീനുകള്‍ ഒക്കെ എടുക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്, അവന്‍ ഇവിടെ തന്നെ നില്‍ക്കാന്‍ കഴിവുള്ളവന്‍ ആണെന്ന്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിബി മലയില്‍ ആസിഫിനൊപ്പം ചെയ്ത ആദ്യ ചിത്രമായിരുന്നു അപൂര്‍വ്വ രാഗം. അപൂര്‍വ രാഗം മുഴുവനായും പുതുമുഖങ്ങളെ വെച്ച് ചെയ്യണമെന്നായിരുന്നു സിബി മലയിലിന്റെ താല്‍പര്യം. അതിനായി പുതുമുഖങ്ങളെ അന്വേഷിക്കുന്ന സമയത്താണ് ശ്യാമപ്രസാദ് ഋതുവിന്റെ റിവ്യൂ കാണാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്. റിവ്യൂ കണ്ടു കഴിഞ്ഞതിനുശേഷം ആണ് സിബി മലയില്‍ തീരുമാനിച്ചത് ആസിഫ് അലിയെ തന്റെ പുതിയ ചിത്രത്തിലേക്ക് എടുക്കാമെന്ന്. ആസിഫലിക്കൊപ്പം നിഷാലിനെയും വിനയ് ഫോര്‍ട്ടിനേയും അദ്ദേഹം തന്റെ അപൂര്‍വ്വരാഗം എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നു.
അവാര്‍ഡ് ദാന ചടങ്ങില്‍ രമേഷ് നാരായണന്‍ ആസിഫ് അലിയെ പരസ്യമായി അപമാനിച്ചതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതൊരു വിദ്വേഷ പരാമര്‍ശമായി എടുക്കരുതെന്ന വാദവുമായി ആസിഫ് അലി മുന്നോട്ടുവന്നിരുന്നു. കൊച്ചിയിലെ സിനിമ പ്രമോഷന് ഭാഗമായി നടന്ന പ്രസ്സ് മീറ്റിലാണ് അദ്ദേഹം സംസാരിച്ചത്. ‘രമേഷ് നാരായണനെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നത് തടയാനാണ് താന്‍ പ്രതികരിക്കുന്നത്. സ്റ്റേജിലേക്ക് വിളിക്കുന്ന സമയത്ത് പേര് തെറ്റി വിളിച്ചു, മെമന്റോ കൊടുക്കുന്ന സമയത്ത് കാലിന് വേദനയുള്ളതിനാല്‍ വേദിയിലേക്ക് കയറാന്‍ കഴിയുന്നില്ല തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അദ്ദേഹം നേരിട്ടിരുന്നു. അതിനാല്‍ ആ സമയത്ത് ഏതൊരു വ്യക്തി പ്രതികരിക്കുന്നത് പോലെയാണ് അദ്ദേഹവും പ്രതികരിച്ചത്. സംഭവത്തില്‍ തനിക്ക് ഒരു രീതിയിലുള്ള വിഷമമോ പരിഭവമോ ഇല്ല.’- ആസിഫിന്റെ പ്രതികരണം.