ന്യൂഡല്‍ഹി: മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ എംപിമാർ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു.
സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു എം.പിമാര്‍ പ്രതിഷേധിച്ചത്. എല്ലാ സംസ്ഥാനങ്ങളേയും തുല്യമായി പരിഗണിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്ലക്കാര്‍ഡുകൾ. വിവിധ സംസ്ഥാനങ്ങളോടുള്ള അവഗണന ചൂണ്ടിക്കാണിക്കുന്ന പ്ലക്കാര്‍ഡുകള്‍ അതാത് എം.എല്‍.എമാര്‍ ഉയര്‍ത്തി.
ബജറ്റില്‍ നീതിയില്ലെന്നും അതിനുവേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തങ്ങള്‍ കര്‍ഷകര്‍ക്കുവേണ്ടി താങ്ങുവിലയ്ക്കായി ശബ്ദമുയര്‍ത്തുമ്പോള്‍, സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന കൂട്ടുകക്ഷികള്‍ക്കാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നതെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു. ‘ഡബിള്‍ എന്‍ജിന്‍’ സര്‍ക്കാര്‍ ഉള്ള യു.പിക്ക് ഇരട്ട ആനുകൂല്യം ലഭിക്കേണ്ടിയിരുന്നു. എന്നാല്‍, ഒന്നും ലഭിച്ചില്ലെന്നും അഖിലേഷ് പറഞ്ഞു. യു.പി. ബി.ജെ.പിയിലെ ഭിന്നതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.
‘ഏറ്റവും കൂടുതൽ നികുതി നൽകുന്ന സംസ്ഥാനമായിട്ടും മഹാരാഷ്ട്രയ്ക്ക് അർഹമായ വിഹിതം ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ അവഗണിക്കപ്പെട്ടു ‘ , ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.
‘മിക്ക സംസ്ഥാനങ്ങൾക്കും വളരെ കുറച്ച് മാത്രമേ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളു. ആരോഗ്യ മേഖലയിലടക്കം വലിയ പ്രതീക്ഷയാണ് കേരളത്തിനുണ്ടായിരുന്നത്. അത് നിറവേറിയില്ല. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളും നിരാശയിലാണ് ‘ , ശശി തരൂർ പറഞ്ഞു.
ബഡ്‌ജറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്ത് കേന്ദ്രത്തെ കടന്നാക്രമിക്കാനും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇന്ത്യാസഖ്യ യോഗത്തിൽ തീരുമാനിച്ചിരുന്നു. നിതി ആയോഗ് ശനിയാഴ്‌ച വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ത്യാ സഖ്യത്തിലെ മുഖ്യമന്ത്രിമാർ ബഹിഷ്‌കരിക്കും.