ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയെ അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ സാധിച്ച ഭാഗ്യലക്ഷമി ഇന്നും ആ മേഖലയില്‍ സജീവമാണ്. ഡബ്ബിങ് ചെയ്യാന്‍ ആരംഭിച്ച തുടക്കകാലത്തില്‍ അനുഭവിച്ച പല പ്രതിസന്ധികളും ചില അനുഭവങ്ങളും ഭാഗ്യലക്ഷമി പങ്കുവെയ്ക്കുന്നു. അങ്ങനെ ഒരു സിനിമ ഡബ്ബ് ചെയ്യാന്‍ ചെന്നപ്പോള്‍ അതിന്റെ സംവിധായകന്‍ വളരെ മോശമായ ഒരു വാക്ക് സംസാരിച്ചു. അതിന്റെയൊരു ഡിസ്റ്റര്‍ബന്‍സ് ആയിട്ടാണ് ഡബ്ബിങ് സ്റ്റുഡിയോയില്‍ കയറിയത്. ഒരു റേപ്പ് സീനിന്റെ ഡബ്ബിങ് ആയിരുന്നു നടന്നുകൊണ്ടിരുന്നത്. ഡബ്ബിങ് ചെയ്യുന്നതിനിടയില്‍ സംവിധായകന്‍ മനപ്പൂര്‍വ്വം പലതവണ ഡബ്ബിങ് ശരിയാകുന്നില്ല പറഞ്ഞു കൊണ്ടിരുന്നു.
സാര്‍ ഞാനല്ലല്ലോ റേപ്പ് ചെയ്യുന്നത് അത് വില്ലന്‍ അല്ലേ പിന്നെ എങ്ങനെ ശരിയാകാനാണെന്ന് ഞാന്‍ ചോദിച്ചു. എന്നെ വിടൂ എന്നെ വിടു എന്ന് അലറി വിളിക്കാനല്ലേ എനിക്ക് കഴിയൂ. കുറെ കഴിഞ്ഞപ്പോള്‍ ഡയറക്ടര്‍ പറഞ്ഞു നിങ്ങള്‍ക്ക് ഒരു റേപ്പിങ് സീനു പോലും മര്യാദയ്ക്ക് ഡബ്ബ് ചെയ്യാന്‍ അറിയില്ലെന്നൊക്കെ പറഞ്ഞ് പുള്ളി അവിടെ കിടന്നു ഉച്ചത്തില്‍ സംസാരിച്ചു. വലിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പോലുമെന്ന് പറഞ്ഞു ഒരു വൃത്തികെട്ട സംസാരവും അദ്ദേഹം പറഞ്ഞു. അതോടെ ഞാന്‍ പറഞ്ഞു എനിക്ക് ഡബ്ബ് ചെയ്യാന്‍ കഴിയില്ല ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി. എന്റെ പിറകെ വന്ന ഡയറക്ടര്‍ ആഹാ നീ പോകുമോ നിന്നെക്കൊണ്ട് ഡബ് ചെയ്തിട്ടെ ഞാന്‍ വിടു കയറടി അകത്തെന്ന് ആക്രോശിച്ചു. ഇത് കേട്ട് ദേഷ്യം വന്ന ഞാന്‍ എടി പോടി എന്ന് വിളിച്ചാല്‍ എന്റെ സ്വഭാവം മാറും. ഇനി വിളിച്ചാല്‍ താന്‍ വിവരം അറിയുമെന്ന് പറഞ്ഞു. നീ എന്ത് ചെയ്യുമെന്ന് സംവിധായകന്‍, ഒന്നുകൂടി നീ വിളിച്ചു നോക്ക് അപ്പോള്‍ അറിയാമെന്ന് ഞാന്‍. വീണ്ടും അയാള്‍ വിളിച്ചു ഞാന്‍ ചെകിട് നോക്കി ഒന്ന് കൊടുത്തു. നേരെ പുറത്തിറങ്ങി നോക്കുമ്പോള്‍ എവിഎം സ്റ്റുഡിയോയുടെ മുതലാളി ശരവണന്‍ സര്‍ നില്‍ക്കുന്നു. എന്താണ് പ്രശനം എന്ന് അദ്ദേഹം ചോദിക്കുന്നു. ഞാന്‍ കാര്യങ്ങള്‍ പറയുന്നു. ഈ സ്റ്റുഡിയോവില്‍ സ്ത്രികളോട് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്ന് പറഞ്ഞ ശരവണന്‍ സാര്‍ എന്നെ അദ്ദേഹത്തിന്റെ കാറില്‍ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഞാന്‍ ആ പടം ഉപേക്ഷിച്ചു. അങ്ങനെ പല തരത്തിലുള്ള പ്രതിസന്ധികള്‍ അനുഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ വരുന്നുണ്ടായിരുന്നു. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെയെന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷമി.
1984ല്‍ ഫാസിലിന്റെ നോക്കത്ത ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലേക്ക് ഡബ്ബ് ചെയ്യാന്‍ അവസരം ലഭിച്ചു. ഈ സമയത്ത് എന്റെ ഏക ആശ്രയമായ വല്യമ്മയ്ക്ക് കാന്‍സര്‍ ബാധിച്ചു. വല്യമ്മയെ നോക്കാനും പറ്റുന്നില്ല ജോലിക്കു പോകാനും പറ്റുന്നില്ല. കാരണം ഡബ്ബിങ്ങിന് പോയാല്‍ മാത്രമേ വല്യമ്മ ചികിത്സിക്കാനുള്ള കാശു ലഭിക്കുകയുള്ളൂ. പിന്നീട് വല്യമ്മയുടെ മക്കളെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് ഞാന്‍ അങ്ങനെ തിരുവനന്തപുരത്തേക്ക് പോയി. അന്ന് ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയ സമയമായിരുന്നു. വിന്‍സന്റ് മാഷിന്റെ കൊച്ചു തെമ്മാടി സിനിമയില്‍ ആണ് ഞാന്‍ ഡബ്ബ് ചെയ്യാന്‍ എത്തിയത്. വിന്‍സന്റ് മാഷിന്റെ കാലഘട്ടത്തിലുള്ളവരോടൊപ്പം ആദ്യമായിട്ടാണ് വര്‍ക്ക് ചെയ്തത്. കൊച്ചുതെമ്മാടിയില്‍ ഡബ്ബ് ചെയ്യാന്‍ എത്തിയ സമയത്ത് എന്റെ ശബ്ദത്തില്‍ എന്തോ അപാകതയുണ്ടെന്നു വിന്‍സെന്റ് മാഷ് പറഞ്ഞു. ആദ്യമായിട്ടാണ് ഒരാള്‍ ഇങ്ങനെ ഇക്കാര്യം എന്നോട് സൂചിപ്പിക്കുന്നത്. ദിവസവും കിടക്കുന്നതിനു മുന്‍പായി ചൂട് പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാല്‍ മതി ശബ്ദത്തിന് ചെറിയ മാറ്റം ഉണ്ടാവും അദ്ദേഹം പറഞ്ഞു.