മുന്‍നിര ഫാഷന്‍ ഡിസൈനറും നടന് കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചന്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഡിസൈനര്‍ ഷര്‍ട്ട് സമ്മാനിച്ചു. മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് സ്വാതി ഷര്‍ട്ട് സമ്മാനിച്ചത്. തന്റെ സ്വന്തം ബ്രാന്‍ഡ് ആയ ‘വൈറ്റ് മുസ്താഷ്’ന്റെ ഷര്‍ട്ടാണ് സ്വാതി താരത്തിനു സമ്മാനിച്ചത്.
ഇതിന്റെ ചിത്രങ്ങള്‍ വൈറ്റ് മുസ്താഷിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്വാതി പങ്കുവച്ചിട്ടുണ്ട്.പ്രത്യേകം ഡിസൈന്‍ ചെയ്ത ചുവന്ന ഷര്‍ട്ടാണ് സ്വാതി സമ്മാനമായി നല്‍കിയത്. താരപുത്രി എന്ന ലേബലിന് പുറത്ത് ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ തന്റേതായ ഇടം നേടിയെടുത്ത ആളാണ് സ്വാതി. നിത അംബാനിയുടെ ഹര് സര്‍ക്കിള്‍, ഫെമിന എന്നിവയില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട് സ്വാതിക്ക്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ നിന്നും ഫാഷന്‍ കമ്മ്യൂണിക്കേഷനില്‍ സ്വാതി പഠനം നടത്തി. ഇവിടുത്തെ പഠനം നേടിക്കൊടുത്ത വലിയ അവസരങ്ങള്‍ക്ക് പിന്നാലെ, ഫെമിനയില്‍ ഇന്റേണ്‍ഷിപ് ചെയ്യാനും സ്വാതിക്ക് അവസരം ലഭിച്ചിരുന്നു. നടന് കുഞ്ചന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരമാണ് മമ്മൂട്ടി. കഴിഞ്ഞ ഏപ്രിലില്‍ നടന്ന സ്വാതി കുഞ്ചന്റെ വിവാഹത്തില്‍ കുടുംബസമേതമാണ് മമ്മൂട്ടി പങ്കെടുത്തത്.