ലോകത്തിലെ ഏറ്റവും വിലയുള്ള ദ്രാവകങ്ങളിൽ ഒന്നാണ് തേൾവിഷം. ഡെത്ത്സ്റ്റാക്കർ സ്‌കോർപിയോൺ വെനം എന്ന തേൾവിഷത്തിന് ഒരു ഗാലന് 3.9 കോടി യുഎസ് ഡോളറാണ് വില. വൈദ്യശാസ്ത്ര ഗവേഷണരംഗത്തും വേദന നിയന്ത്രണത്തിലും കാൻസർ, പ്രതിരോധ വ്യവസ്ഥാരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും ഈ വിഷത്തിന് നിർണായകമായ റോളുള്ളതാണ് ഇതിന്‌റെ മൂല്യം ഇത്രയും കൂട്ടിയ കാര്യം. ഈ വിഷത്തിന്റെ അപൂർവതയും ഇതു ശേഖരിക്കാനുള്ള പാടുമാണ് ഇതിന് ഇത്രയും വില വരാനുള്ള കാര്യം. തേളുകൾ കുറച്ചുമാത്രം വിഷമേ ഉത്പാദിപ്പിക്കുകയുള്ളൂ. ഈ ജീവികളെ ഉപദ്രവിക്കാതെ ഇത് എടുക്കുകയും വേണം. തേൾവിഷത്തിലുള്ള അപൂർവമായ പ്രോട്ടീനുകളും പെപ്‌റ്റൈഡുകളുമാണ് വൈദ്യശാസ്ത്രരംഗത്ത് ഇതിനു വലിയ സാധ്യതകൾ ഉണ്ടാക്കിക്കൊടുക്കുന്നത്. ക്ലോറോടോക്‌സിൻ എന്ന രാസവസ്തു ഇതിനുദാഹരണം. ഇതു കൂടാതെ സൗന്ദര്യവസ്തുക്കളുടെ ഉത്പാദനരംഗത്തും തേൾവിഷം വിലമതിക്കപ്പെടുന്നുണ്ട്.
തേളുകളുടെ ശരീരത്തിൽ മെഷീനുകളുപയോഗിച്ച് ചെറുതായി സമ്മർദ്ദം കൊടുത്തോ അല്ലെങ്കിൽ ഇലക്ട്രിക് ഷോക്കുകൾ നൽകിയോ ആണ് തേൾവിഷം ശേഖരിക്കുന്നത്. വളരെ ശ്രദ്ധാപൂർവം വിഷം ശേഖരിച്ചശേഷം ഇത് സൂക്ഷിച്ചുവയ്ക്കും. തുർക്കിയിൽ ഓറെൻലർ എന്ന വ്യക്തി തേളുകൾക്കായി ഒരു ഫാം നടത്തുന്നത് ലോകശ്രദ്ധ നേടിയ സംഭവമാണ്. ഇരുപതിനായിരത്തിലധികം തേളുകളാണ് ഓറെൻലറിന്‌റെ ഫാമിൽ കഴിയുന്നത്. ആൻഡ്രോക്ടോനസ് തുർക്കിയെൻസിസ് എന്ന വിഭാഗത്തിൽപെടുന്ന തേളുകളാണ് ഇവ. ഇക്കൂട്ടത്തിൽ ഏറ്റവും വിലയുള്ള വിഷം ഡെത്ത്‌സ്റ്റോക്കർ സ്‌കോർപിയോൺ എന്ന തേളിന്റേതാണ്. വടക്കേ അമേരിക്കയിലും മധ്യപൂർവദേശങ്ങളിലും ഥാർ മരുഭൂമിയിലും മധ്യേഷ്യയിലുമൊക്കെ കാണപ്പെടുന്ന ഈ തേൾവർഗം ലോകത്തെ തന്നെ ഏറ്റവും അപകടകാരികളായ തേളുകളിലൊന്നാണ്.
ലോകത്ത് തേൾ വിഷബാധയും അതിനെ തുടർന്നുള്ള മരണങ്ങളും ഏറ്റവും കൂടുതലായി കാണുന്നത് മെക്സിക്കോ, ഇറാൻ, അഫ്രിക്ക, ടുണീഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്. ലോകത്ത് ആകെ 1500 ഓളം സ്പീഷിസ് തേളുകൾ ഉണ്ടെങ്കിലും അതിൽ 30 എണ്ണത്തിന് മാത്രമേ മനുഷ്യന് അപകടകരമാം വിധം വിഷബാധയേൽപ്പിക്കാൻ കഴിവുള്ളൂ.ഇന്ത്യയിൽ എകദേശം 86 സ്പീഷിസുകൾ ഉണ്ടെങ്കിലും അതിൽ പ്രധാനമായും രണ്ട് എണ്ണത്തിന് മാത്രമേ മനുഷ്യജീവന് അപകടകരം ആകുന്നത്ര വിഷ ബാധയേൽപ്പിക്കാനുള്ള കഴിവുള്ളൂ. തേളിന്റെ വലുപ്പത്തിന് വിഷബാധയേൽപ്പിക്കാനുള്ള കഴിവുമായി യാതൊരു ബന്ധവും ഇല്ല. ചെന്തേളിന് എകദേശം 2 – 4 cm ആണ് വലിപ്പം. കരിന്തേളിന് ഏകദേശം 2 – 20 cm ഉം. ഇവരിൽ അപകടകരമാകും വിധം വിഷ ബാധയേൽപ്പിക്കാനുള്ള കഴിവ് കൂടുതൽ ചെന്തേളിനാണ്. വലുപ്പം കൂടുതലുള്ള കരിന്തേളിനാണ് കൂടുതൽ വിഷം എന്ന ധാരണയാണ് പൊതുവെ നമ്മുടെ നാട്ടിലുള്ളത്. എന്നാൽ അങ്ങനെയല്ല വസ്തുത.
തേളിന്റെ വാലിന്റെ അറ്റത്ത് തടിച്ച് വീർത്ത പോലെ കാണുന്ന Telson എന്ന ഭാഗത്താണ് വിഷം ഉള്ളത്. ഇവ കടിക്കമ്പോഴല്ല, കുത്തുമ്പോഴാണ് വിഷബാധയേൽക്കുന്നത്. 6 -10 മാസം പ്രായം മുതൽ കുഞ്ഞുങ്ങൾക്ക് വിഷബാധ ഏൽപ്പിക്കാനുള്ള കഴിവ് ലഭിക്കും. സാധരന്നമായി മരത്തിന്റെ വിണ്ടുകീറിയ തൊലിക്കടിയിൽ, വിറക് ശേഖരം, ഇഷ്ടിക തളം, വീടിന്റെ ഭിത്തി, വാതിൽ, ജനാല തുടങ്ങിയവിലെ വിടവുകൾക്കിടയിൽ, ഷൂസിന്റെ ഉള്ളിൽ, ഇരുണ്ട പ്രദേശങ്ങൾ തുടങ്ങിയവയിലാണ് തേളുകളെ കാണാറ്. വിഷമുള്ള തേളിന്റെ കുത്തേറ്റാൽ എപ്പോഴും വിഷം കയറണമെന്നില്ല. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി വിഷബാധയേൽപ്പിക്കാതെ കുത്താനുള്ള കഴിവ് തേളിനുണ്ട്. ഒരിക്കൽ വിഷം തൊലികൾക്കടിയിലുള്ള കൊഴുപ്പു പാളികളിൽ പ്രവേശിച്ചാൽ എകദേശം 70% വിഷവും 15 മിനിറ്റിനുള്ളിൽ രക്തത്തിൽ പ്രവേശിക്കും. എകദേശം 7 – 8 മണിക്കൂർ കൊണ്ട് 100 % വിഷവും രക്തത്തിൽ അലിഞ്ഞു ചേരും.