Novel

പ്രണയമഴ ഭാഗം 24/pranayamazha part 24

പ്രണയമഴ

ഭാഗം 24

ലക്ഷ്മി യുടെ വാക്കുകൾ ഒന്നും ഗൗരിക്ക് ആശ്വാസം ആയില്ല..അവളുടെ മനസ്സിൽ വിങ്ങുന്ന നെഞ്ചുമായി നിൽക്കുന്ന അവളുടെ പാവം അച്ഛൻ ആയിരുന്നു..

ക്ഷേത്രത്തിൽ പോയി വന്നപ്പോളേക്കും ഗൗരി യെ അണിയിച്ചു ഒരുക്കുന്നതിനായി ബ്യൂട്ടീഷ്യൻ എത്തിയിരുന്നു. മേലെടത്തു നിന്നും ഏർപ്പാട് ആക്കിയത് ആയിരുന്നു അവരെ.

പൊന്നും പൂവും പുടവയും അണിഞ്ഞപ്പോൾ ഗൗരി ഒരു ദേവത ആയി മാറിയിരുന്നു…

എല്ലാവരും അവളെ നോക്കി നിൽക്കുക ആയിരുന്നു..

അച്ഛന്റെയും അമ്മയുടെയും പാദത്തിൽ വന്ദിച്ചു കൊണ്ട് ലക്ഷ്മിചേച്ചിയോട് ഒപ്പം അവൾ ഇറങ്ങി.

ആരും കാണാതെ സീത തന്റെ മിഴിനീർ ഒപ്പി…

അവരുടെ മനസ്സിൽ മുഴുവൻ അപ്പോൾ തന്റെ കൈകളിലേക്ക് കിട്ടിയ കുഞ്ഞ്ഗൗരി ആയിരുന്നു. പനിനീർ മൊട്ടു പോലെ തന്റെ മുന്നിൽ വളർന്ന തന്റെ പൊന്നുമോൾ.

സീതയുടെ നൊമ്പരം അപ്പോൾ മനസിലാക്കിയത് പോലെ ശേഖരൻ വന്നു അവരുടെ കൈയിൽ പിടിച്ചു..

“നീ കുട്ടികളോട് ഒപ്പം ചെല്ല്.. ”
അയാൾ പറഞ്ഞു

അങ്ങനെ എല്ലാവരും കൂടി ഇറങ്ങി.

ചെക്കനും കൂട്ടരും എത്തിയപ്പോൾ ഗോപനും, ഗൗരിയുടെ അമ്മാവന്റെ മകനും, ബാക്കി കുറച്ചു ആളുകളും കൂടെ ആണ് സ്വീകരിച്ചത്.

ചെക്കനെ സ്വീകരിച്ചു പന്തലിൽ കൊണ്ട് പോയി ഇരുത്തി.അതിന് ശേഷം ആണ് ഗൗരിയെ കൂട്ടി കൊണ്ട് വന്നത്
. ഗൗരിയെ കണ്ടതും അമ്മാളുവിന്റെയും ശ്രീദേവിയുടെയും മുഖം വിടർന്നു… അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ നിൽക്കുക ആണ് അവർ. ഗോപിനാഥമേനോനും ഒരുപാട് ഇഷ്ടം ആയിരുന്നു അവളെ.നീലിമയും

“അമ്മേ… ദേ ഗൗരി മോള് വരുന്നു..”

ജാനകിയമ്മയോട് ശ്രീദേവി പറഞ്ഞപ്പോൾ ആണ് അവർ അവളെ കാണുന്നത്..

അപ്സരസിനെ പോലെ നടന്നു വരിക ആണ് അവൾ…

നന്ദുവും ലക്ഷ്മിയും ഒക്കെ ഉണ്ട് അവളുടെ കൂടെ.

രേണുവും ഉണ്ണിയും അവളെ ആദ്യം ആയിട്ട് ആണ് കാണുന്നത്. രണ്ടാൾക്കും വളരെ ഇഷ്ടം ആയി ഗൗരിയെ.നീലിമയ്ക്ക് മാത്രം കുറച്ചു കുശുമ്പ് ഉണ്ടായിരുന്നു. കാരണം വേറൊന്നും അല്ല… അവളുടെ സൗന്ദര്യം….

എല്ലാവരും നോക്കുന്നതും അഭിപ്രായം പറയുന്നതും കണ്ടപ്പോൾ നീലിമ അവളെ നോക്കി നിന്നു..

ഹരിയുടെ അരികത്തായി ഗൗരി ഇരുന്നു..

അവൻ ഒന്ന് പാളി നോക്കി..

ഗൗരിയെ കണ്ടതും അവൻ ഞെട്ടി പോയി. അത്രയ്ക്ക് മനോഹരി ആയിരുന്നു അവൾ…..

അമ്മാളു അവളുടെ പിന്നിലായി നിന്നു.

ഇനി ഈ താലി പെൺകുട്ടിയെ അണിയുക്കുക.. ആരോ നിർദ്ദേശിച്ചു.

അങ്ങനെ മുപ്പത്തി മുക്കോടി ദൈവങ്ങളെയും സാക്ഷി നിറുത്തി ആരവങ്ങളുടെയും ആർപ്പ് വിളികളുടെയും അകമ്പടിയോടെ ഹരി, ഗൗരിയുടെ കഴുത്തിൽ താലി ചാർത്തി…

ഇനി ഉള്ള ഏഴു ജന്മങ്ങളിലും ഇവൾ ആകണേ തന്റെ വാമ ഭാഗത്തു എന്ന് പ്രാത്ഥിച്ചു കൊണ്ട് ആണ് ഹരി മൂന്ന് തവണയും വലം വെച്ചത്..

ഒരിക്കൽ പോലും അവൾ അവനെ നോക്കിയതേ ഇല്ലല്ലോ എന്ന് ഹരി ഓർത്തു.. എന്നാലും അവൾ ഇപ്പോൾ തന്റെ മാത്രം, തന്റെ സ്വന്തം പെണ്ണ് ആയല്ലോ എന്നോർത്തപ്പോൾ അവ്നിൽ ഒരു നറു പുഞ്ചിരി തത്തി കളിച്ചു.

എല്ലാവരും വധുവരന്മാർക്ക് ആശംസകൾ അറിയിക്കുക ആണ്…. ഗൗരി മാത്രം മറ്റേതോ ലോകത്ത് എന്നത് പോലെ നിന്നു.

ഫോട്ടോഗ്രാഫർസ് പറയുന്നത് അനുസരിച്ചു കൊണ്ട് ഹരി അവളെ തന്നോട് ചേർത്ത് നിർത്തി.

പെട്ടന്ന് കത്തുന്ന മിഴികളോടെ അവൾ ഹരിയെ നോക്കി.

അവൻ എന്താണ് എന്ന് ആംഗ്യത്തിൽ ചോദിച്ചു..

ഇങ്ങനെ ഒക്കെ എടുത്താൽ മതി… കൂടുതൽ ഇങ്ങോട്ട് ചേരാൻ വരണ്ട…. “അവൾ പിറുപിറുത്തു.

“അങ്ങനെ ഒക്കെ പറഞ്ഞാൽ എങ്ങനെ ആണ് ന്റെ ഗൗരി കുട്ടി… നീ എന്നിൽ മനസ് കൊണ്ട് ചേർന്ന് കഴിഞ്ഞു… ഇനി ശരീരം കൊണ്ടേ ഒള്ളൂ… അത് നമ്മുട ഫസ്റ്റ് നൈറ്റിൽ…..”കള്ളചിരിയോടെ ഹരി അവളെ ഒന്നുടെ തന്നിലേക്ക് ചേർത്തു നിറുത്തി.

അവൾ വിറകൊള്ളുന്നതായി തോന്നി അവനു..

“ഗൗരി…. എന്ത് പറ്റി… തന്നെ വിറക്കുന്നുണ്ടല്ലോ…”അവൻ മെല്ലെ അവളുടെ കാതിൽ മന്ത്രിച്ചു..

അവന്റെ ചുടു നിശ്വാസം കാതിൽ പതിഞ്ഞതും അവൾ ഒന്ന് പിടഞ്ഞു പോയി.

അപ്പോളേക്കും അമ്മാളു തന്റെ ഫ്രണ്ട്സും ആയിട്ട് ഫോട്ടോസ് എടുക്കാൻ വന്നു.

അവൾ തന്റെ ഏടത്തിയെ എല്ലാവർക്കും പരിചയപ്പെടുത്തി.

പിന്നെ ശ്രീദേവിയുടെ വീട്ടുകാർ,നീലിമയുടെയും രേണുവിന്റെയും മാതാപിതാക്കൾ.. അങ്ങനെ അങ്ങനെ ഒരുപാട് ആളുകൾ എത്തിയിരുന്നു..

അങ്ങനെ സമയം പോയത് അറിഞ്ഞില്ല..

ഉച്ച തിരിഞ്ഞു 2മണി കഴിഞ്ഞു ആയിരുന്നു വരന്റെ ഗ്രഹത്തിലേക്ക് പുറപ്പെടുന്ന സമയം…

സമയം അടുക്കുംതോറും ഗൗരിയുടെ നെഞ്ചിടിപ്പിന് വേഗതയേറി..

അച്ഛന്റെ മുഖത്തേക്ക് ഇടയ്ക്കെല്ലാം അവൾ നോക്കുന്നുണ്ട്.

മകൾക്ക് കിട്ടിയ സൗഭാഗ്യത്തെക്കുറിച്ച് എല്ലാവരും അച്ഛനോട് വർണ്ണിക്കുന്നത് അവൾ കേട്ടിരുന്നു…

ഇതെല്ലാം കേൾക്കുമ്പോഴും ഗൗരിക്ക് ഒരു നിസ്സംഗ ഭാവം ആയിരുന്നു.

അങ്ങനെ ഗൗരി ഹരിയോടൊപ്പം പുറപ്പെടാൻ സമയമായി.

അച്ഛനെയും അമ്മയുടെയും പാദങ്ങൾ നമസ്കരിക്കു മക്കളെ … ഗോപിനാഥ മേനോൻ പറഞ്ഞു….

മകളുടെ നിറുകയിൽ കരങ്ങൾ ചേർത്ത് അനുഗ്രഹിക്കുമ്പോൾ കൈമൾ വിതുമ്പി പോയിരുന്നു.
ഗൗരി അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു..ലക്ഷ്മി യും തന്റെ മിഴികൾ തുടച്ചു..എല്ലാവരും അത് കണ്ടു വല്ലാതെ ആയി. കൈമൾ മകളെ  പിടിച്ച് ഹരിയുടെ കൈകളിൽ ഏൽപ്പിച്ചു…

അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ഹരിയോടൊപ്പം ഗൗരി മേലെടത്തേക്ക് യാത്ര തിരിക്കുവാനായി ഇറങ്ങി.

കാറിൽ കയറി ഇരുന്നു കൊണ്ട് ഹരി എല്ലാവരെയും കൈ വീശി കാണിച്ചു.അവര് രണ്ടാളും മാത്രമേ ഉള്ളായിരുന്നു കാറിൽ.. അമ്മാളു അച്ഛന്റെ ഒപ്പം ആയിരുന്നു.ശ്രീദേവിയും മറ്റും പെണ്ണിനേയും ചെക്കനെയും സ്വീകരിക്കുവാനായി നേരത്തെ പുറപ്പെട്ടിരുന്നു.

അവന്റെ വലം കൈയിൽ അപ്പോളും പൂവ് പോലെ മൃദുലം ആയ ഗൗരിയുടെ കൈയും ഉണ്ടായിരുന്നു..

അവളിൽ നിന്ന് ഏങ്ങലടി ഉയരുന്നുണ്ട്…

ഹരി അവളുടെ തോളിൽ തട്ടി.

പെട്ടന്ന് അവൾ അവനെ നോക്കി..

എന്നിട്ട് തന്റെ കൈ അവനിൽ നിന്ന് വലിച്ചെടുത്തു….
എന്നാൽ അവൻ അല്പം അധികാരത്തോടെ അവളുടെ കൈയിൽ പിടിക്കുവാൻ തുടങ്ങിയതും അവൾ അവന്റെ കൈ തട്ടി മാറ്റി..

എന്നിട്ട് വെളിയിലേക്ക് കണ്ണു നട്ടു
ഇരുന്നു.

രണ്ടാളും പരസ്പരം ഒന്നും സംസാരിച്ചില്ല.

മേലെടത്തു തറവാടിന്റെ മുൻപിൽ വണ്ടി വന്നു നിന്നു..

“ഗൗരി…. വീടെത്തി…”അവൻ പറഞ്ഞപ്പോൾ ഗൗരി തല ഉയർത്തി നോക്കിയത്..
ഒരു ഏക്കറിൽ സ്ഥിതി ചെയുന്ന
പടുകൂറ്റൻ ബംഗ്ലാവ്..

വലിയൊരു പന്തൽ ആണ് മുറ്റത്തു ഇട്ടിരിക്കുന്നത്..

നിറയെ കസേരകൾ…. ഗേറ്റ് മുതൽ അലങ്കരിച്ചിരിക്കുന്ന ചെറിയ മാല ബൾബുകൾ….

അമ്മാളു ഓടി വന്നു ഗൗരിയെ പിടിച്ചു ഇറക്കി..

വധൂവരന്മാരെ സ്വീകരിക്കുവാനായി കുടുംബത്തിലെ മുതിർന്ന സ്ത്രീകളൊക്കെ പൂമുഖത്തുണ്ട്. ശ്രീദേവിയാണ് ഏറ്റവും മുൻപിൽ വിളക്കുമായി നിൽക്കുന്നത്.

ആരോ വന്ന്  ഗൗരിയുടെയും ഹരിയുടെയും കാൽപാദത്തിൽ വെള്ളം തളിച്ചു.

ആരതി ഉഴിഞ്ഞതിനു ശേഷം ശ്രീദേവി ഗൗരിയുടെ കയ്യിലേക്ക് നെയ് ഒഴിച്ച് കത്തിച്ച വിളക്ക് കൊടുത്തു.

അവൾ മെല്ലെ അതുമായി വലതുകാൽ വെച്ച് കൊണ്ട് അകത്തേക്ക് കയറി.

ജാനകി അമ്മ ആണ് അവൾക്ക് പൂജമുറി കാണിച്ചു കൊടുത്തത്..

ഗുരുവായൂരപ്പന്റെ മുൻപിൽ ആണ് അവൾ വിളക്ക് കൊണ്ടുപോയി വച്ചത്.

രണ്ടാളും ഭഗവാന്റെ മുൻപിൽ പ്രാർത്ഥിച്ചു.

അതിനുശേഷം ശ്രീദേവി അവരെ ഹാളിലെ സെറ്റിയിൽ കൊണ്ടുപോയി ഇരുത്തി.

പിന്നീട് മധുരം വെയ്പ്പിന്റെ സമയമായിരുന്നു…

കുടുംബത്തിലെ വേണ്ടപ്പെട്ട ആളുകളെല്ലാവരും ഗൗരിക്കും മധുരം വെച്ചു.

കുറച്ച് സമയം കൂടി ഫോട്ടോസ് എടുത്തതിനുശേഷം അമ്മാളു ഗൗരിയെയും കൊണ്ട് ഹരിയുടെ റൂമിലേക്ക് കയറിപ്പോയി.

വിശാലമായ ഒരു മുറി ആയിരുന്നു അതു..

അമ്മാളു ഗൗരിയെ കൊണ്ട് പോയി ബെഡിൽ ഇരുത്തി..

എന്റെ ഏടത്തി ആകെ മടുത്തു അല്ലെ…. അവൾ ഗൗരിയുടെ കവിളിൽ തലോടി..

മറുപടിയായി ഗൗരി ഒന്ന് ചിരിച്ചതെ ഒള്ളൂ..

ഏടത്തി ഈ ഡ്രസ്സ്‌ ഒന്ന് മാറണ്ടേ… ഞാൻ സോനു ആന്റിയെ വിളിച്ചു കൊണ്ട് വരാമേ…

അതാരാണ് എന്ന് ഗൗരി ഓർത്തു.

അവൾ ബെഡിൽ നിന്ന് എഴുനേറ്റു ചുറ്റിലും ഒന്ന് കണ്ണോടിച്ചു
ഇളം റോസ് നിറം ആയിരുന്നു ചുവരുകൾക്ക്… തേക്കിന്റെ തടിയിൽ തീർത്ത കൊത്തുപണികളോട് കൂടിയ ഒരു കട്ടിൽ കിടപ്പുണ്ട് ഒരു സൈഡിലായി.. അതിന്റെ തൊട്ടടുത്തായി ഒരു മേശയും..
മേശമേൽ ബെഡ് ലാമ്പും എന്തൊക്കെയോ സാധനങ്ങളും ഇരിപ്പുണ്ട്.. ഒരു ഭാഗത്തു മുഴുവൻ തടിയിൽ തീർത്ത കാബോർഡ്. മുറിയുടെ വലത് വശത്തായി ഡ്രസിങ് ഏരിയ ആണ്.. ഇടത്തേക്ക് മാറിയാൽ ബാൽക്കണി.. മറുവശത്തു വാഷിംറൂമിലേക്ക് ഉള്ള പാസ്സേജ്…

വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി..

ഒരു ചിരിയോടു കൂടി നടന്നു വരുന്ന ഹരിയെ അവൾ കണ്ടു..

“താൻ ഈ വേഷം ഒന്നും മാറിയില്ലേ…”അവൻ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.

അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല..

“എന്താ ഗൗരി ഒന്നും മിണ്ടാത്തത്..”

“തനിക്ക് എന്താ കണ്ണു കണ്ടുടെ.. വേഷം മാറിയിരുന്നു എങ്കിൽ എന്നെ പിന്നെ ഇങ്ങനെ കാണുമോ..”തെല്ലു ദേഷ്യത്തോടെ അവൾ ചോദിച്ചു.

“എന്റെ ഈശ്വരാ… ഞാൻ എന്താണ് ഈ കേൾക്കുന്നത്… എന്റെ ഗൗരി കുട്ടി ഇതുപോലെ തമാശ ഒക്കെ പറയുമോ…”അവൻ ഉറക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.

എന്നിട്ട് കാബോർഡ് തുറന്നിട്ടു അവൻ തന്റെ ഡ്രസ്സ്‌ എടുത്തു. ഒരു ബാത്ത് ടവലും എടുത്തു കൊണ്ട് വന്നു..

“ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആകട്ടെ കെട്ടോ ഗൗരി…. അമ്മാളു ഇപ്പോ വരും…”അവളുടെ കവിളിൽ മെല്ലെ തട്ടിയിട്ട് ഹരി വാഷിംറൂമിലേക്ക് പോയി.

അപ്പോളേക്കും അമ്മാളുവും കൂടെ ഒരു വെളുത്തു തടിച്ച സ്ത്രീ യും കയറി വന്നു.

“ഏടത്തി ഇതാണ് ഞാൻ പറഞ്ഞ ആന്റി. ഇനി ആന്റി ആണ് ഏടത്തിയെ സുന്ദരി ആകാൻ പോകുന്നത് കെട്ടോ..”അപ്പോൾ ആണ് ഗൗരിക്ക് മനസിലായത് അവർ ഒരു ബ്യൂട്ടീഷൻ ആണെന്ന്.

” ഞാനെന്തു സുന്ദരിയാക്കുവാൻ ആണ്  അല്ലെങ്കിലും അതീവ സുന്ദരിയല്ലേ ഗൗരിയടത്തി”

ഗൗരിയുടെ തലമുടിയിലെ മുല്ലപ്പൂ അഴിച്ചു മാറ്റിക്കൊണ്ട് അവർ പറഞ്ഞു.

ആഭരണങ്ങൾ ഓരോന്നായി അഴിച്ചു മാറ്റിയതിനു ശേഷം അവളുടെ സാരീ യുടെ ഒരു വശത്തെ പിന്നുകൾ വളരെ ശ്രദ്ധാപൂർവ്വം അഴിച്ചു മാറ്റുകയാണ് സോനു…

അപ്പോഴേക്കും കുളികഴിഞ്ഞ് ഹരി ബാത്ത്റൂമിൽ നിന്നും ഇറങ്ങിവന്നു.

 

“ഓഹ്.. ഇപ്പോൾ ആണ് ഒരു സമാധാനം ആയതു…”അവൻ തല കുടഞ്ഞു കൊണ്ട് പറഞ്ഞു.

“അതെന്താ ഏട്ടാ… ഏട്ടന് എന്താണ് സമാധാനക്കേട് ഉണ്ടായത്..സ്നേഹിച്ച പെണ്ണിനെ കെട്ടിയപ്പോൾ സമാധാനം പോയോ ”

“എടി കാന്താരി…..”അവൻ അവളുടെ കാതിൽ മെല്ലെ കിഴുക്കി..

എന്നിട്ട് ഗൗരിയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി പോയി..

ആടയാഭരണങ്ങൾ ഒക്കെ അഴിച്ചു മാറ്റി കഴിഞ്ഞു ഗൗരി ഒന്ന് പോയി മേൽ കഴുകി വന്നു. അതിന് ശേഷം റിസപ്ഷൻ നു വേണ്ടി ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ഇടയ്ക്ക് ദേവി വന്നു അവൾക്ക് ചായ കൊടുത്തു…

ഒന്നര മണിക്കൂർ എടുത്തു ഗൗരിയെ ഒരുക്കുവാനായി..
പിന്നീടു ഹരിയെ റെഡി ആക്കുവാനും ആരൊക്കെയോ വന്നിരുന്നു..

ബേയ്ജ് കളർ ഉള്ള ഗൗണും അതിനു മാച്ച് ചെയുന്ന സ്യുട്ടുമായിരുന്നു രണ്ടാളുടെയും വേഷം..

രണ്ടു പേരും നന്നായിട്ടു ഉണ്ടായിരുന്നു ആ വേഷത്തിൽ…

ഹരിയുടെ കൈയിൽ കൈ കോർത്തു കൊണ്ട് കോണിപ്പടി ഇറങ്ങി വരുന്ന ഗൗരിയെ എല്ലാവരും കണ്ണിമയ്ക്കാതെ നോക്കി നിന്നു..

ഫ്ലാഷുകൾ തുരു തുരെ മിന്നി കൊണ്ട് ഇരിക്കുക ആണ്.

മേലെടത്തെ തന്നെ ഒരു കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു റിസപ്ഷൻ ഏർപ്പാടാക്കിയിരുന്നത്.

ബിസിനസ് രംഗത്തു നിന്നുള്ള ഒരുപാട് വിഐപി പാർട്ടികൾ ഉണ്ടായിരുന്നു റിസപ്ഷന്.

എല്ലാവരും രണ്ടാൾക്കും ആശംസകൾ അറിയിച്ചു..

തുടരും.