ഹൃദയരാഗം
ഭാഗം 25
” ഇനി അനന്ദുവേട്ടന്റെ ജീവിതത്തിൽ എന്നോട് പറയാത്ത യാതൊരുവിധ രഹസ്യങ്ങളും ഉണ്ടാകാൻ പാടില്ല…! ഈ നിമിഷം മുതൽ, അതിനു മുൻപുള്ള കാര്യങ്ങൾ ഒന്നും എനിക്ക് അറിയേണ്ട,.. തീർത്തും നിഷ്കളങ്കവും ന്യായവുമായ ഒരു ആഗ്രഹം, അനന്ദുവിന് അവളെ ഒരു നിമിഷം ഒന്ന് ചേർത്ത് പിടിക്കാൻ തോന്നി…
ഒരു നിമിഷം അവന്റെ കണ്ണുകളിൽ നിരാശ പടർന്നു… അവളുടെ കൈകളിലേക്ക് പിടിച്ച് അതു തന്റെ ഹൃദയത്തോട് ചേർത്തു വെച്ചിരുന്നു അവൻ, നിറഞ്ഞ മിഴികളോടെ അവളുടെ മുഖത്തേക്ക് നോക്കി.. ആ മിഴികളിൽ എല്ലാമുണ്ടായിരുന്നു, അവൾക്കുള്ള ഉത്തരം മുഴുവൻ അതിൽ വായിച്ചെടുക്കാമായിരുന്നു… ” ഇല്ല മോളെ…! ഇനി നിന്നോട് പറയാത്ത ഒന്നും എൻറെ ജീവിതത്തിൽ ഉണ്ടാവില്ല, ഇതുവരെ നിന്നോട് ചെയ്തത് എല്ലാം നീ എന്നോട് ക്ഷമിച്ചു എന്ന് പറഞ്ഞ ഈ നിമിഷം ഞാനാണ് ചെറുതായി പോയത്,
ഇനി ഒരിക്കലും നിനക്ക് മുൻപിൽ ഇങ്ങനെ നിൽക്കാൻ എനിക്ക് ഇട വരില്ല, സ്നേഹം കൊണ്ടാണ് നീ എന്നെ തോൽപ്പിച്ചത്… ഇനിയൊരിക്കലും ഒരു പ്രണയം ജീവിതത്തിൽ ഉണ്ടാവില്ലന്ന് വിശ്വസിച്ച് ആളാണ് ഞാൻ, ഉണ്ടാകരുത് എന്ന് പ്രാർത്ഥിച്ച വ്യക്തി… പക്ഷേ ഇപ്പൊൾ അങ്ങനെയല്ല, നീ എന്ന ഒരു ലോകത്തിൽ ഞാൻ അടിമപ്പെട്ടു പോയിരിക്കുകയാണ്, നീ ഇല്ലായ്മയിൽ ഞാനില്ല എന്ന സത്യത്തെ പോലും ഞാൻ അംഗീകരിക്കുന്നു….
” പോട്ടേ അനന്ദുവേട്ട, കഴിഞ്ഞ കാര്യങ്ങളൊക്കെ പോട്ടെ, ഒരു പക്ഷെ ഇതായിരിക്കും നിയോഗം..! വിവേകേട്ടൻ അങ്ങനെ വന്നു പറയാനും അത് സമ്മതിക്കാൻ അനന്ദുവേട്ടന് തോന്നിയതും നമ്മൾ തമ്മിൽ ഒരുമിക്കാൻ വേണ്ടി ഈശ്വരൻ കാണിച്ച വഴിയായിരിക്കും. അതിനു നിമിത്തമായത് വിവേകട്ടൻ ആയിരിക്കും. എങ്കിലും കുട്ടിക്കാലം മുതലേ വിശ്വസിച്ച എന്നോട് ഇങ്ങനെ ചെയ്യാൻ അയാൾക്ക് എങ്ങനെ തോന്നി… ദിവ്യയുടെ വാക്കുകൾ ഇടറി…
“അവന് മറ്റെന്തൊ ഉദ്ദേശമുണ്ട്, നിന്നോടുള്ള സ്നേഹം കൊണ്ടോ ആത്മാർത്ഥത കൊണ്ടോ അല്ല, ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പുരുഷനും അവളെ മറ്റൊരാൾക്ക് വെറുതെ പോലും നോക്കാൻ ഒരു അനുമതി നൽകില്ല, അവന്റെ ഉദ്ദേശം നീയല്ല ഒന്നെങ്കിൽ നിൻറെ അച്ഛന്റെ സ്വത്ത്, അല്ലെങ്കിൽ മറ്റെന്തെങ്കിലും….
” എനിക്കും തോന്നി… ഇപ്പൊൾ അനന്ദുവേട്ടൻ ഈ കാര്യങ്ങൾ ഒന്നും പറയണ്ട, ഞാൻ ഒന്നും അറിഞ്ഞു എന്ന് മനസ്സിലാക്കണ്ട, അങ്ങനെയാണെങ്കിൽ എത്രയും പെട്ടെന്ന് അയാൾ വിവാഹം നടത്താൻ നോക്കൂ, ഇപ്പോൾ നമുക്ക് മുൻപിൽ ഒരു വർഷം സാവകാശം ഉണ്ട്… അയാൾ വരുന്നതിനു മുൻപ് ഞാൻ എല്ലാം അച്ഛനോട് പറയാൻ പറ്റുകയാണെങ്കിൽ പറയാം, ഇപ്പോൾ ഉടനെ അയാളോട് ഞാൻ ഈ കാര്യം അറിഞ്ഞു എന്ന് പറയാനോ വഴക്കുണ്ടാക്കാനോ പോവരുത്, അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവന് തോന്നി…
” ഇനി എന്ത് തീരുമാനമെടുത്താലും അത് നിന്നോട് ആലോചിച്ചിട്ടെ ഉണ്ടാകു, പിന്നെ നീ എന്നെ ആദ്യം ഫോൺ വിളിച്ചില്ലേ, അന്ന് നീ എന്നെ വിളിച്ചത് അനുവേട്ടാന്ന് അല്ലേ, ഇനി നീ അങ്ങനെ വിളിച്ചാൽ മതി…! ഏറെ സ്നേഹത്തോടെ ആയിരുന്നു അന്ന് നീ എന്നെ അങ്ങനെ വിളിച്ചത്, അനന്ദുവേട്ട എന്ന വിളിയിൽ അത്രയും സ്നേഹമില്ല,
” അങ്ങനെ പറയല്ലേ, ഞാൻ എന്ത് വിളിക്കുമ്പോഴും അതിൽ എൻറെ ഹൃദയം കൂടി നൽകിയാണ് വിളിക്കാറ്, എൻറെ ഹൃദയത്തിൽ ഞാൻ എത്രയോ മുൻപ് എഴുതിയ പേരാണെന്ന് അറിയൂമോ… അനുവേട്ടന്ന് വിളിക്കുന്നത് ആയിരുന്നു എനിക്ക് ഇഷ്ടം, പക്ഷേ ഞാൻ അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലല്ലോ, അതുകൊണ്ട് ആണ്… ” ഇപ്പോൾ നിന്റെ ഇഷ്ടങ്ങൾ എല്ലാം എനിക്കിഷ്ടമാണ്…! ഒരു നിമിഷം ആരുമില്ലെന്ന് ഉറപ്പുവരുത്തി ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ നെഞ്ചോട് ചേർത്ത് നിർത്തിയാണ് അനന്ദു പറഞ്ഞത്…. ആ നിമിഷം അവളിൽ വിറയലും നാണവും തമ്മിൽ ഒരു മത്സരം നടന്നു…
ആ കവിളുകൾ വാക പോലെ ചുവന്നത് അവൻ അറിഞ്ഞിരുന്നു…. ചുവന്നു തുടങ്ങുന്ന ആകാശത്തിന് മനോഹാരിത പകർന്ന പൊക്കുവെയിൽ നിറഞ്ഞ സായാഹ്നത്തിൽ അവനു പറയാനുണ്ടായിരുന്നു അവളോട് ഒരുപാട് കാര്യങ്ങൾ, ഹരിതയെക്കുറിച്ച്, വേദനനിറഞ്ഞ ബാല്യകാലത്തെക്കുറിച്ച്, അച്ഛൻ ഉണ്ടായിരുന്നപ്പോൾ ഉള്ള മധുരമായ നിമിഷങ്ങളെക്കുറിച്ച്, രണ്ടാനച്ഛൻ ചെയ്ത ദുഷ്ടതകളെക്കുറിച്ച്, അമ്മയുടെ സ്നേഹം ആഗ്രഹിച്ച നിമിഷങ്ങളെ കുറിച്ച്.. അങ്ങനെ ഒരുപാട് കാര്യങ്ങൾ അവളോട് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു,
ഇടയ്ക്ക് ചിരിച്ചും ഇടയ്ക്ക് കണ്ണുനീരണിഞ്ഞും ജീവിതത്തിൻറെ കഴിഞ്ഞുപോയ ഒരു കാലഘട്ടം തന്നെ അവൾക്കു മുൻപിൽ അവൻ അനാവൃതമാക്കിയിരുന്നു… അവളും കാണുകയായിരുന്നു ഇതുവരെ തനിക്ക് അറിയാത്ത ഒരു അനന്ദുവിനെ…. ഈ നിമിഷം അവന്റെ മനസ്സിൽ അവൾ മാത്രമേ ഉള്ളൂ എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു….
അവൻറെ ഓരോ വാക്കിലും എന്തിനാ നോട്ടത്തിൽ പോലും അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു ആ ഹൃദയമിടിക്കുന്നത് ഇപ്പോൾ ദിവ്യക്ക് വേണ്ടി കൂടിയാണെന്ന്…. ” എങ്കിലും ഹരിത ചേച്ചിയും അനുവേട്ടനും തമ്മിൽ ഇഷ്ടമായിരുന്നുന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല, അനുവേട്ടനെ പറ്റി ഒരിക്കൽപോലും ഹരിതേച്ചി ആരോടും പറഞ്ഞിട്ടില്ല, ഞങ്ങളുടെ കുടുംബത്തിൽ ഒക്കെ എന്ത് നല്ല പേരാണെന്ന് അറിയോ..? എല്ലാവരും പറയുന്നത് പുള്ളിക്കാരിയെ കണ്ടു പഠിക്കണം എന്നാണ്…
വീട്ടിൽ അമ്മയ്ക്കും അമ്മായിക്കും ഒക്കെ എന്ത് മതിപ്പാണെന്നറിയോ, ” പഠിക്കാൻ ഒരുപാട് ഉണ്ട് അവളിൽ നിന്ന്, ഭൂലോക ഉടായിപ്പ് ആണ്… എൻറെ കയ്യിൽ നിന്ന് അവൾക്കും അവളുടെ കൂട്ടുകാരികൾക്കും വാങ്ങിച്ചു കൊടുത്ത ഐസ്ക്രീമിന്റെ കണക്കെടുത്താൽ തന്നെ ഞാൻ ബാങ്കിലിട്ടിരുന്നേൽ അതിൻറെ പലിശ കൊണ്ട് ജീവിക്കായിരുന്നു.അതുമാത്രമല്ല ചുരിദാർ, പിന്നെ സിനിമ അങ്ങനെ പോകുന്നു….
” നിങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോയിട്ടുണ്ടോ…? ഒരു നിമിഷം അവളുടെ കണ്ണുകളിൽ സ്ത്രീസഹജമായ ഒരു അസൂയ മിന്നിമറഞ്ഞത് ചെറുചിരിയോടെ അനന്തു നോക്കിക്കണ്ടത്… പെട്ടെന്ന് മേൽചുണ്ട് മെല്ലെ കടിച്ചു അവളെ ഒന്നു നോക്കി കണ്ണിറുക്കി അവൻ തലയാട്ടി കാണിച്ചു… ” കൂട്ടത്തിൽ സിനിമയ്ക്ക് പോയത് മാത്രമേ എനിക്ക് ചെറിയ ലാഭം ഉള്ള കാര്യം ഉള്ളൂ, അല്പം കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അതിൻറെ അർത്ഥം മനസ്സിലാവാതെ അവൾ അവനെ ഒന്ന് നോക്കി… പിന്നെ അർത്ഥം ഗ്രഹിച്ചു ആ നോട്ടം ഒന്ന് കൂർപ്പിച്ചു ഉള്ളതാക്കി, ഒരു നിമിഷം അവൻ ഒന്ന് പൊട്ടിച്ചിരിച്ചു…
” എന്തിനാ ഏട്ടൻ ചിരിച്ചത്…. പെട്ടെന്ന് അവൾക്ക് വിഷമവും ദേഷ്യവും എല്ലാം കൂടി വന്നിരുന്നു…. ” നിന്റെ നോട്ടം കണ്ടിട്ട് ചിരിച്ചതാ, ” സിനിമക്കു പോയപ്പോൾ എന്താ നടന്നത്…? ഇപ്പോൾ പൊട്ടിക്കരയും എന്ന രീതിയിൽ അവൾ ചോദിച്ചപ്പോൾ അവളുടെ മുഖം കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്…
” നീയല്ലേ പറഞ്ഞത് ഈ നിമിഷം തൊട്ടുള്ള കാര്യങ്ങൾ അറിഞ്ഞാൽ മതിയെന്ന്, പിന്നെന്തിനാ കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ചോദിച്ചു ഇങ്ങനെ എന്നെ ചോദ്യം ചെയ്യുന്നത്…? പരമാവധി ചിരി അടക്കി പിടിച്ച ഒരു കുസൃതിയോടെയാണ് അവൻ ചോദിച്ചത്… ” അതുമതി, എങ്കിലും അങ്ങനെ അനുവേട്ടൻ പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ…. സത്യം പറ അന്നേരം എന്ത് നടന്നു..? അവളുടെ മുഖഭാവം കണ്ട് അവന് ചിരിവന്നു പോയി, അവൻ കുറച്ച് അവൾക്കരികിലേക്ക് ചേർന്നിരുന്നു, ” അത് പറഞ്ഞാൽ ശരിയാകില്ല…
.അവിടെ എന്താ നടന്നത് എന്ന് ഞാൻ നിന്നെ കാണിച്ചു താരം…. എന്തെങ്കിലും മറുപടി പറയാൻ അവസരം നൽകുന്നതിനു മുൻപ് തന്നെ അവൻറെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾക്ക് മുകളിലേക്ക് പതിഞ്ഞിരുന്നു…. ഒരു 2 സെക്കൻഡ് പോലും നിലനിൽക്കാത്ത ഒരു ചുംബനം, പക്ഷേ അതിൻറെ അനുഭൂതിയിൽ ആയിരുന്നു രണ്ടുപേരും…
ആദ്യമായി ലഭിക്കുന്ന ചുംബനത്തിൽ അലിഞ്ഞു പോയി ദിവ്യ… ഒരു നിമിഷം അത്ഭുതത്തോടെ അതിലുപരി നാണത്തോടെ അവന്റെ മുഖത്തേക്ക് നോക്കി, ” ഇപ്പൊ മനസ്സിലായോ അവിടെ നടന്നതെന്തെന്ന്….? വീണ്ടുമൊരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവളുടെ മുഖത്തെ നാണം ഒക്കെ എവിടേക്കോ മാറുന്നതും അത് ദേഷ്യത്തിന് വഴി മാറുന്നതും അവൻ കണ്ടിരുന്നു, കൂർപ്പിച്ച് അവന്റെ മുഖത്തേക്ക് വീണ്ടും നോക്കി, ” എന്താടി…?
അവൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ മറ്റെവിടേയോ നോക്കിയിരുന്നു അവൾ… അവളുടെ അരികിലേക്ക് ചേർന്നിരുന്ന് അവളുടെ കാതിൽ പറഞ്ഞു ” ഇങ്ങനെ ഒരു അനുഭവം എനിക്ക് ജീവിതത്തിൽ ആദ്യമാണ് പെണ്ണെ…. അന്ന് എനിക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ ധൈര്യം ഇല്ലായിരുന്നു…. ഇപ്പോൾ ജീവിതത്തിൽ ആദ്യമാണ്…. മരിച്ചുപോയ എൻറെ അച്ഛൻ സത്യം….! ഇനി അങ്ങോട്ട് എന്നും എൻറെ ജീവിതത്തിൽ ഇത് ഈ ഒരാളിൽ നിന്ന് തന്നെ വേണം, ഏറെ ആർദ്രമായി അങ്ങനെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖം വീണ്ടും വാക ചുവപ്പിന് വഴിമാറുന്നത് അവൻ അറിഞ്ഞു………….
തുടരും…………