നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ച നടി ആശാ ശരത്ത് എല്ലാ മലയാളി പ്രേക്ഷകരുടെയും ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തിട്ടുണ്ട്. മലയാളികള്‍ക്കിടയില്‍ ഏറ്റവും അധികം ആരാധകരുള്ള നര്‍ത്തകിമാരില്‍ ഒരാളുകൂടിയാണ് ആശാ ശരത്ത്. ഇപ്പോള്‍ ഇതാ നടി ആശാ ശരത്തിന്റെയും അമ്മയുടെയും ഒരു നൃത്ത രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സുമതിയാണ് ആശാ ശരത്തിന്റെ അമ്മ. ഫ്‌ളവേഴ്‌സിലെ ഒരു ചാനല്‍ പരിപാടിയിലാണ് ഇരുവരും ചേര്‍ന്ന് ഒരുമിച്ച് നൃത്ത ആവിഷ്‌കാരം നടത്തിയത്. ആശാ ശരത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ദിവസത്തില്‍ ആയിരുന്നു ഈ നൃത്തം എന്ന പ്രത്യേകതയും കൂടി ഇതിനുണ്ട്. ‘പ്രിയമാനസ നീ വാ’ എന്ന ഗാനത്തിന് ആയിരുന്നു ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്തത്. നൃത്തത്തിന്റെ വീഡിയോ പുറത്തുവന്നതോടുകൂടി നിരവധി ആരാധകരാണ് കമന്റ്‌സുമായി രംഗത്ത് എത്തിയത്.
75 കാരിയായ ആശയുടെ അമ്മ ഇപ്പോഴും നൃത്തരംഗത്തു സജീവമാണ്. ഇവരുടെ കീഴില്‍ നിരവധി വിദ്യാര്‍ഥികളാണു നൃത്തം അഭ്യസിക്കുന്നത്. നടന്‍ ഫഹദ് ഫാസില്‍ നായകനായ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് ആശ ശരത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘ദൃശ്യം’, ‘ഏഞ്ചല്‍സ്’, ‘പാവാട’, ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്നീ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ ചെയ്തു.