രണ്ടാമതും അമ്മ ആകാന്‍ തയ്യാറെടുക്കുകയാണ് നടി പ്രണിത സുഭാഷ്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ”റൗണ്ട് 2… പഴയ പാന്റ്‌സ് ഒന്നും ഇനി ഫിറ്റ് ആകില്ല!” എന്ന ക്യാപ്ഷനോട് കൂടി തന്റെ വയറ്റില്‍ തഴുകുന്ന ഒരു ചിത്രവും പ്രണിത പങ്കുവെച്ചു.
ഒരു മാസം മുമ്പ്, തന്റെ ഭര്‍ത്താവ് നിതിന്‍ രാജുവിന്റെ ജന്മദിനത്തില്‍ പ്രണിത ഒരു റീല്‍ പങ്കിട്ടിരുന്നു. അതിലെ നടിയുടെ ശരീരം കണ്ട് പല ആരാധകരും പ്രണിത ഗര്‍ഭിണി ആണെന്ന തരത്തിലുളള വാര്‍ത്തകള്‍ പങ്കുവെച്ചിരുന്നു. 2021ലായിരുന്നു വ്യവസായിയായ നിതിനെ പ്രണിത വിവാഹം കഴിച്ചത്. 2022-ല്‍ അവര്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ വര്‍ഷം ഏപ്രിലില്‍, തന്റെ മകളുടെ ഒന്നാം ജന്മദിന പാര്‍ട്ടിയുടെ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.
വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത പ്രണിത ഈ വര്‍ഷം തിരിച്ചുവരവ് നടത്തിയിരുന്നു. തങ്കമണി എന്ന മലയാള സിനിമയിലും കന്നഡ ചിത്രമായ രമണ അവതാരത്തിലും അഭിനയിച്ചു.ഇതിന് മുമ്പ് 2021ല്‍ ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന ഹിന്ദി ചിത്രത്തിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്. 2010 ല്‍ പോക്കിരി എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രണിത പിന്നീട് നിരവധി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദാരേദി, ബ്രഹ്‌മോത്സവം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവര്‍ അറിയപ്പെടുന്നത്.