കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും. വൈകിട്ട് ആറ് മണിക്ക് കൈരളി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും.
ആന്റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മന്ത്രി എം ബി രാജേഷ് ബേഡി ബ്രദേഴ്‌സിന് (നരേഷ് ബേഡി, രാജേഷ് ബേഡി) സമ്മാനിക്കും. രണ്ട് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആമുഖ ഭാഷണം നടത്തും. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനകർമ്മം മേയർ ആര്യ രാജേന്ദ്രൻ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഉർമി ജുവേക്കർക്ക് നൽകിയും ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനകർമ്മം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർമാൻ രാകേഷ് ശർമ്മയ്ക്കു നൽകിയും നിർവ്വഹിക്കും. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, 16-ാമത് ഐഡിഎസ്എഫ്എഫ്കെയിലെ വിവിധ പാക്കേജുകളുടെ ക്യുറേറ്റർമാരായ ശിൽപ്പ റാനഡെ, ആർ പി അമുദൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുക്കും.
ചടങ്ങിനുശേഷം കൈരളി തിയറ്ററിൽ റൗൾ പെക്ക് സംവിധാനം ചെയ്ത ‘ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈ വർഷത്തെ കാൻ മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയ ചിത്രമാണിത്. ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ ഏണസ്റ്റ് കോളിന്റെ കാഴ്ചപ്പാടിലൂടെ കടുത്ത വർണവിവേചനം നിലനിന്നിരുന്ന കാലത്തെ കറുത്ത വർഗക്കാരുടെ ദുരിതജീവിതം പകർത്തുകയാണ് ഈ ചിത്രം. ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ആറ് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 54 രാജ്യങ്ങളിൽനിന്നുള്ള 335 സിനിമകൾ പ്രദർശിപ്പിക്കും. 26 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മൂന്നു തിയേറ്ററുകളിലും പ്രദർശനമാരംഭിക്കും.
മത്സരവിഭാഗത്തില്‍ 34 ഡോക്യുമെന്ററികള്‍ മാറ്റുരയ്ക്കും. 22 ഹ്രസ്വ ഡോക്യുമെന്ററികളും, 12 ദീര്‍ഘ ഡോക്യുമെന്ററികളും ഇവയില്‍ ഉള്‍പ്പെടുന്നു.
ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്ന ചിത്രങ്ങള്‍
വസുധൈവ കുടുംബകം (ആനന്ദ് പട്‌വര്‍ദ്ധന്‍), 6- എ ആകാശ് ഗംഗ (നിര്‍മല്‍ ചന്ദര്‍ ദന്ദ്രിയാല്‍), പുതുല്‍നാമ (രണ്‍ജിത് റേ), ഫാമിങ് ദി റെവൊല്യൂഷന്‍ (നിഷ്താ ജെയിന്‍, ആകാശ് ബസുമതരി), ഫ്ളിക്കറിങ് ലൈറ്റ്സ് (അനുപമ ശ്രീനിവാസന്‍, അനിര്‍ബന്‍ ദത്ത), മിട്ടി കിതാബ് സെ ചാര്‍ കഥായെ (ദേബാങ്കന്‍ സിംഗ് സോളങ്കി) ഇന്‍ സെര്‍ച്ച് ഓഫ് അജാന്ത്രിക് (മേഘ്‌നാഥ് ഭട്ടാചാര്യ), നോ സിറ്റി ഫോര്‍ വിമെന്‍ (രംഗന്‍ ചക്രവര്‍ത്തി), പരമ-എ ജേണി വിത്ത് അപര്‍ണ സെന്‍ (സുമന്‍ ഘോഷ്), പിക്ചറിംഗ് ലൈഫ് (ഹര്‍ഷില്‍ ഭാനുഷാലി) കൈതി നമ്പര്‍ 626710 ഹാസീര്‍ ഹൈ (ലളിത് വചനി).
ഈ വിഭാഗത്തില്‍ മത്സരത്തിനെത്തുന്ന ഏക മലയാളം ഡോക്യുമെന്ററി ഡോ രാജേഷ് ജെയിംസിന്റെ സ്ലേവ്സ് ഓഫ് ദി എംപയര്‍ ആണ്. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലുള്ള 22 ചിത്രങ്ങള്‍ ലിംഗസമത്വം, ജാതിവിവേചനം, വിവിധ മേഖലകളിലെ വ്യക്തികളുടെ ജീവിതാഖ്യാനങ്ങള്‍ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. ഈ വിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങളുണ്ട്.