സമൂഹ മാധ്യമങ്ങളിലൂടെ സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ (സി.ബി.ഒ) പേരിൽ നടത്തുന്ന വ്യാജ ലോൺ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. വാട്സ്ആപ്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് സി.ബി.ഒയുടെ പേരിൽ ലോൺ വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പ് നടത്തുന്നത്. ലോണിനായി ഇരകൾക്ക് വഞ്ചനാപരമായ ലിങ്കുകൾ നൽകി വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ ചോർത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഇരകളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്നും വിശ്വാസ്യതയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ അറ്റാച്ചുചെയ്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആർ.ഒ.പി പൗരന്മാരോടും താമസക്കാരോടും ഉപദേശിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തിഗതമോ ഭവനവായ്പയോ മറ്റേതെങ്കിലും ബാങ്കിങ് സേവനങ്ങളോ വ്യക്തികൾക്ക് നേരിട്ട് നൽകുന്നില്ലെന്ന് ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു അരങ്ങേറിയിരുന്നത്.
പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്ഹനായിരിക്കുന്നുവെന്നും നിങ്ങള്ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. എന്നാൽ, ഇത്തരം തട്ടിപ്പുകളെ ക്കുറിച്ച് ആളുകൾ ബോധവാന്മാരായതോടെ പുത്തൻ അടവുകളാണ് സംഘങ്ങൾ പയറ്റുന്നത്.