പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ, മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം. ആറ് ദേശീയ അവാര്‍ഡുകള്‍, എട്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, 36 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എന്നിവ നേടിയ മലയാളത്തിന്റെ വാനമ്പാടി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃത, മലായ്, അറബിക്, സിംഹ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
1979ല്‍ എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ..’ ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. ‘ഞാന്‍ ഏകനാണ്’ എന്ന ചിത്രത്തിനു വേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച് എം ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ ‘രജനീ പറയൂ…’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്..
1986ല്‍ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്ര ആദ്യമായി ദേശീയ പുരസ്‌കാരം നേടുന്നത്. 1987 ല്‍ ‘നഖക്ഷതങ്ങള്‍’ ചിത്രത്തിലെ ‘മഞ്ഞള്‍ പ്രസാദവും’ എന്ന ഗാനത്തിലൂടെ രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ചിത്രയെ തേടിയെത്തി. 1989 ല്‍ വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നില്‍ക്കും’ എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. ‘മിന്‍സാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ല്‍ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ല്‍ ഹിന്ദി ചിത്രം ‘വിരാസത്തി’ലെ ‘പായലേ ചുന്‍ മുന്‍’ എന്ന ഗാനത്തിലൂടെ അഞ്ചാമത്തെ ദേശീയ പുരസ്‌കാരം നേടി. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനത്തിലൂടെ ചിത്രയെ തേടി ആറാമത്തെ ദേശീയ പുരസ്‌കാരവും എത്തി.
2005ല്‍ രാജ്യം ചിത്രയെ പത്മശ്രീ നല്‍കിയും 2021ല്‍ പത്മഭൂഷണ്‍ സമ്മാനിച്ചും ആദരിച്ചു. എസ്. പി. വെങ്കിടേഷിന് വേണ്ടി ചിത്ര നിരവധി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. മലയാളത്തില്‍ കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ചിത്ര ഏറ്റവുമധികം ഡ്യുയറ്റ് പാടിയിരിക്കുന്നത്. 2017 ലെ കണക്കനുസരിച്ച് 16 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി എന്ന റെക്കോര്‍ഡും ഇട്ടിട്ടുണ്ട്.