ചില പ്രണയ കഥകള്‍ കാലാതീതമായി മാറാറുണ്ട്. വരും തലമുറയ്ക്കും കൈതുകത്തോടെ ഓര്‍ത്ത് വെയ്ക്കാന്‍ കഴിയുന്ന കഥകളായി അവ പിന്നീട് മാറും. അത്തരത്തില്‍ 90കളിലെ ക്ലാസിക് റൊമാന്‍ഡിക് ചിത്രങ്ങളെ പോലും വെല്ലുന്ന രീതിയിലുളള പ്രണയ മുഹൂര്‍ത്തങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന ഒരു താര രാജാവുണ്ട് ബോളിവുഡില്‍. മറ്റാരുമല്ല പ്രേക്ഷകരെ പ്രണയിക്കാന്‍ പഠിപ്പിച്ച കിംഗ് ഖാന്‍ ഷാരുഖ് ഖാന്‍. മറ്റ് താരദമ്പതിമാരുടേത് പോലെയായിരുന്നില്ല ഷാരുഖിന്റെയും ഭാര്യ ഗൗരിയുടെയും പ്രണയ സാഫല്യം. ഒരു സിനിമയിലേത് പോലെതന്നെ സങ്കീര്‍ണതകളും, സസ്‌പെന്‍സുകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു ഇരുവരുടെയും പ്രണയകാലം.
താരദമ്പതികളുടെ ഒരുമിച്ചുള്ള യാത്ര ആരംഭിച്ചത് അവരുടെ കൗമാര പ്രായത്തിലാണ്. ഡല്‍ഹിയില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ അവരുടെ വിവാഹത്തിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല, കാരണം വ്യത്യസ്ത മതപശ്ചാത്തലം കാരണം നിരവധി പ്രതിബന്ധങ്ങള്‍ അവര്‍ക്ക് നേരിടേണ്ടതായിവന്നു. മുസ്ലീമായ ഷാരൂഖ് ഖാനും ഹിന്ദുവായ ഗൗരി ചിബ്ബറും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് നേരിടേണ്ടതായി വന്നത് നിരവധി സാമൂഹികവും കുടുംബപരവുമായ സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളുമായിരുന്നു. ഏതൊരു ഇന്ത്യന്‍ ഹിന്ദു കുടുംബത്തെയും പോലെ, ഗൗരി ഖാന്റെത് ഹിന്ദു ആചാരങ്ങളില്‍ അധിഷ്ഠിതമായ ഒരു കുടുംബമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നു. ഗൗരിയുടെ വീടിനുള്ളില്‍ ഒരു ക്ഷേത്രം പോലും ഉണ്ടായിരുന്നു.
ഷാരൂഖ് ആദ്യമായി ഗൗരിയെ കാണുന്നത് 1984-ല്‍ ആണ്. അന്ന് അദ്ദേഹത്തിന് 18 വയസ്സും ഗൗരിക്ക് 14 വയസ്സുമാണ് പ്രായം. ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ വെച്ചായിരുന്നു ഈ കണ്ടുമുട്ടല്‍. മറ്റൊരു ആണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന ഗൗരിയെ ആണ് ഷാരൂഖ് ആദ്യമായി കാണുന്നത്. തന്റെ മുന്നില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടി ആരെന്നറിയാന്‍ ഷാരൂഖിന് ആകാംക്ഷയായി. എന്നാല്‍ നേരിട്ട് ചെന്ന് സംസാരിക്കാന്‍ അദ്ദേഹത്തിന് മടിയായിരുന്നു. അവസാനം ധൈര്യം സംഭരിച്ച് ഷാരുഖ് ഗൗരിയോട് സംസാരിച്ചു. കൂടെ ഡാന്‍സ് ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്തു. പക്ഷേ ‘നോ’ എന്നായിരുന്നു അവളുടെ മറുപടി. കൂടാതെ അവള്‍ അവളുടെ ബോയ്ഫ്രണ്ടിനെ കാത്തിരിക്കുകയാണെന്നും പറഞ്ഞു.
എന്നാല്‍ പിന്നീട് അവര്‍ കുറേ സംസാരിച്ചു. ആ സമയത്താണ് ഗൗരി പറഞ്ഞത്, അവള്‍ ബോയ് ഫ്രണ്ടിനു വേണ്ടിയല്ല, സഹോദരനു വേണ്ടിയാണ് കാത്തിരുന്നതെന്നും ആളുകള്‍ ഡാന്‍സ് ചെയ്യാനായി തന്നെ സമീപിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്തരത്തില്‍ മറുപടി കൊടുത്തതെന്നും. ആ കണ്ടുമുട്ടലിനു ശേഷം പതിയെ ഗൗരി- ഷാരൂഖ് സൗഹൃദം വളര്‍ന്നു. എന്നാല്‍ ആദ്യമായി ഷാരൂഖ് പ്രപ്പോസ് ചെയ്തപ്പോള്‍ ഗൗരിയുടെ ഉത്തരം ‘നോ’ എന്നായിരുന്നു. ആ സമയത്ത് ഷാരൂഖുമായുള്ള ബന്ധത്തില്‍ നിന്നും ഇടവേള വേണമെന്ന് പറഞ്ഞ് ഗൗരി ഷാറൂഖിനോട് പറയാതെ മുംബൈയിലേക്ക് പോയി. ആ നിമിഷത്തിലാണ് ഗൗരി തനിക്കെത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്ന് ഷാരൂഖ് മനസ്സിലാക്കിയത്.
എങ്ങനെയൊക്കെയോ പണം ശരിയാക്കി ഷാരൂഖ് കൂട്ടുകാര്‍ക്കൊപ്പം മുംബൈയിലേക്ക് തിരിച്ചു. ഗൗരിയെ അന്വേഷിച്ച് ഷാരൂഖ് ഒരുപാട് അലഞ്ഞു. ഒടുവില്‍ ഒരു ബീച്ചില്‍ വെച്ചാണ് ഷാരൂഖ് വീണ്ടും ഗൗരിയെ കണ്ടുമുട്ടിയത്. അവിടെ വെച്ച് ഷാരൂഖ് വീണ്ടും ഗൗരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി, എന്നാല്‍ അപ്പോഴും ഗൗരിയുടെ ഉത്തരത്തില്‍ മാറ്റമില്ലാതിരുന്നു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം ഷാരൂഖിന്റെ അമ്മ മരിച്ചു. ആ വിഷമ വേളയില്‍ ഷാരൂഖിന് ആശ്വാസവുമായി ഗൗരി എത്തി. രണ്ടു തവണ ഷാരൂഖിനോട് ‘നോ’ പറഞ്ഞ ഗൗരി ഒടുവില്‍ വിവാഹത്തിന് തനിക്ക് സമ്മതമാണെന്ന് അറിയിച്ചു.ഒടുവില്‍ എല്ലാ തടസ്സങ്ങളും മറികടന്ന് ഷാരൂഖ് ഖാനും ഗൗരി ഖാനും 1991 ഒക്ടോബര്‍ 25 ന് വിവാഹിതരായി.
എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത ഷാരൂഖും ഗൗരിയും ഒന്നായിട്ട് മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ടു. ആര്യന്‍, സുഹാന, അബ്രാം എന്നിങ്ങനെ മൂന്നു മക്കളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്.