പ്രണയമഴ
ഭാഗം 26
അവളുടെ മനസ്സിൽ അപ്പോൾ ഇതായിരുന്നു അല്ലെ…. ഹരി വിഷമത്തോടെ ഓർത്തു..
അപ്പോൾ താൻ അങ്ങനെ പെരുമാറിയത്തിന് പകരം വീട്ടുക ആയിരുന്നു.. ഗൗരിയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ…. അത് ഓർത്തപ്പോൾ അവനു വല്ലാത്ത വേദന തോന്നി.. എങ്കിലും ഉള്ളിലെ സംഭ്രമം അവൻ ഒതുക്കി വെച്ച് കൊണ്ട് അവൾക്കരികിലേക്ക് വന്നു..
അവൻ വരുന്നത് കണ്ടതും ഗൗരി തല വെട്ടിച്ചു കൊണ്ട് ബെഡിൽ പോയി ഇരുന്നു.
അവൾ ഒട്ടും പ്രതീക്ഷിക്കാതെ ഹരി അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു..
“മാപ്പ്……. അത് പറയാൻ ഉള്ള അർഹത ഇല്ല എന്ന് എനിക്ക് അറിയാം… എന്നാലും… എന്നാലും നീ…. നീ.. എന്നെ വെറുക്കരുത്…. പ്ലീസ്…”പെട്ടന്ന് ഹരി അവളുടെ കാലിൽ കെട്ടി പിടിച്ചു.
അവന്റെ കണ്ണിൽനിന്നും നീർ മുത്തുകൾ അവളുടെ വെളുത്തു മെലിഞ്ഞു കൊലുന്നനെ ഉള്ള പാദത്തെ തഴുകി തലോടി ഒഴുകി..
ഗൗരി പെട്ടന്ന് തന്നെ എഴുനേറ്റു.
“തന്റെ അഭിനയം ഒന്നും എന്റെ അടുത്ത് വേണ്ട… ഈ ഗൗരിയുടെ മനസ് അതു കണ്ടു തനിക്ക് മാപ്പ് തരും എന്നും താൻ കരുതണ്ട.”അവളുടെ വാക്കുകളിൽ മൂർച്ച ഏറിയിരുന്നു.
ഹരി പക്ഷെ ഒന്നും മിണ്ടിയില്ല. അവൻ മെല്ലെ എഴുനേറ്റ്..
എന്നിട്ട് ബാൽക്കണിയി ലേക്ക് പോയി… വെറും തറയിൽ അവൻ കിടന്നു..
ആകാശത്തു നിറയെ നക്ഷത്രങ്ങൾ ആണ്…അവയെ നോക്കി കൊണ്ട് കിടക്കുക ആണ് അവൻ.. പൗർണമി ആയതിനാൽ നിലാവെളിച്ചം ആവോളം ഉണ്ട്… അന്ന് ആദ്യമായി താൻ ഗൗരിയെ കണ്ടതും ഒരു പൗർണമി നാളിൽ ആയിരുന്നു… അന്ന് രാത്രിയിൽ താൻ ഇതുപോലെ തന്റെ സ്വപ്നം പങ്കു വെച്ചതും ഈ നിലയോടും അവൾക്ക് അകമ്പടി സേവിച്ചു കൊണ്ട് മിന്നി തിളങ്ങുന്ന താരകങ്ങളോടും ആയിരുന്നു. അന്ന് അവ എല്ലാവരും കൂടി പുഞ്ചിരിച്ചു കൊണ്ട് അവനെ ആശിർവദിക്കുക ആയിരുന്നു എന്ന് അവനു തോന്നി.. ഇന്നും അതെ ചിരിയോടെ അതെ നിലാവെളിച്ചത്തോടെ ആണ് അവ നിലകൊള്ളുന്നത്.. പക്ഷെ… ഗൗരി….. ഗൗരി…. തന്നെ വെറുക്കുക ആയിരുന്നു ഓരോ നിമിഷവും.. അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും താൻ ആയിട്ട് തല്ലി കെടുത്തി എന്ന്.. ഒരു വർഷം കൊണ്ട് അവസാനിക്കുന്ന ഒരു ദാമ്പത്യം ആണ് താനും അവളും തമ്മിലുള്ളത്. അത് കഴിഞ്ഞു അവൾ തന്നെ വലിച്ചു എറിഞ്ഞിട്ട് പോകും എന്ന് അവൾ സ്നേഹിക്കുന്ന പുരുഷന്റെ അരികിലേക്ക്…
അന്തരത്മാവിൽ എങ്ങലുകൾ അലയടിക്കുക ആണ്…..
താൻ വീണ്ടും…….
അവൻ മെല്ലെ അവളെ കണ്ട നാൾ മുതൽ ഉള്ള ഓർമകളിലേക്ക് പോകുക ആണ്…
എല്ലാം… എല്ലാം അവളെയും ചേർത്തു ഇരുത്തി പറയണം എന്ന് മോഹിച്ചത് ആണ്…
ഈ ചന്ദ്രനെയും താരകങ്ങളെയും സാക്ഷി ആക്കി താന്റെ പ്രണയം പറയുവാനായി കാത്തിരുന്നത് ആണ് താൻ…
അകത്തെ ലൈറ്റ് അണഞ്ഞത് പോലെ തോന്നി അവനു..
അവൻ മെല്ലെ എഴുനേറ്റു..
കിടക്കയിലേക്ക് നോക്കി..
ഗൗരി ഒരു വശം ചെരിഞ്ഞു കിടക്കുന്നു.
കുറച്ചു സമയം കഴിഞ്ഞതും ഹരിയും പോയി ബെഡിലേക്ക് കിടന്നു..
അവൾ അപ്പോൾ ഉറക്കം പിടിച്ചിരുന്നു.
പുലരി വരുവാൻ ഇനി അൽപസമയം കൂടെ ഒള്ളൂ…. അവൻ അപ്പോളും ഉറങ്ങാതെ കിടക്കുക ആണ്.
തന്റെ ജീവിതത്തിൽ ഇനി എന്താണ് സംഭവിക്കുന്നത് എന്ന് ഓർത്തപ്പോൾ അവനു ആകുലതകൾ വർധിച്ചു. എന്നാലും അവൻ ഒരു തീരുമാനം എടുത്തിരുന്നു.അവളോട് അത് പറയുവാനും അവൻ തീരുമാനിച്ചു ഉറപ്പിച്ചു.
ഗൗരി കൃത്യം 5മണിക്ക് ഉണർന്നു.
അവൾ എഴുനേറ്റ് നോക്കിയപ്പോൾ ഹരി ബെഡിൽ കിടന്നു ഉറങ്ങുന്നത് ആണ് കണ്ടത്.കിടക്ക വിട്ട് എഴുന്നേറ്റിട്ട് അവൾ കുളിക്കുവാനായി വാഷിംറൂമിലേക്ക് പോയി.
കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോൾ ദേവി ഉണർന്നിരുന്നു.
പൂജാ മുറിയിൽ നിന്നു അവര് കീർത്തനം ചൊല്ലുന്നത് അവൾ കേട്ടു കൊണ്ട്
അവളും പൂജമുറിയിലേക്ക് കയറി ചെന്ന്.
അവളെ കണ്ടതും ദേവിക്ക് സന്തോഷം ആയി.
“ആഹ്… മോൾ ഇത്രയും കാലത്തെ ഉണർന്നോ… ഇവിടെ ആരും ഈ സമയത്ത് ഉണരില്ല..ഞാൻ പക്ഷെ എന്നും 4മണി കഴിയുമ്പോൾ ഉണരും.. ഇവിടെ ഇങ്ങനെ കുറെ സമയം ഇരിക്കും. ഭഗവാന്റെ മുന്നിൽ എല്ലാം മറന്നു ഇരിക്കുന്നത് ഒരു അനുഭൂതി ആണ്..”അവര് ഒരു തട്ടത്തിൽ കർപ്പൂരആരതി ഉഴിഞ്ഞു കൊണ്ട് അവൾക്ക് നേരെ കാണിച്ചു. അവളും തൊഴുതു പ്രാർത്ഥിച്ചു…ഗുരുവായൂരപ്പന്റെ ചന്ദന വിഗ്രഹം ആണ് ഇവിടെ ഉള്ളത്. ഇന്നലെ ഭാഗവാന് ചാർത്തിയ തുളസിമാല അമ്മ എടുത്തു മാറ്റി വെച്ചിട്ടുണ്ട്. ഗണപതിയുടെയും തിരുപ്പതി ഭാഗവാന്റെയും മൂകാംബിക അമ്മയുടെയും ഒക്കെ വിഗ്രഹം കാണാം അവിടെ. അമ്മ പറഞ്ഞത് ശരി ആണ്… മനസിൽ നിറയെ ഒരു പോസിറ്റീവ് എനർജി വന്നു നിറഞ്ഞ പോലെ ഗൗരിക്കും തോന്നി.ചന്ദന തിരിയുടെയും പനി നീരിന്റെയും ഒക്കെ നൈർമല്യo ആണ് അവിടമാകെ….
മോളൊരു കീർത്തനം ചൊല്ലിക്കെ…
“അയ്യോ… അമ്മേ… ഞാനോ….”
“മ്മ്.. അതിനെന്താ… മോളു ചൊല്ല്…അമ്മ ഒന്നു കേൾക്കട്ടെ..”
അവർ അവളെ നോക്കി പറഞ്ഞു..
ഗൗരി ഒരു വേള കണ്ണുകൾ അടച്ചു…
കേശ പാശധൃത പിഞ്ചി കാവിതതി
സഞ്ചിലൻ മകര മണ്ഡലം
ഹാരജാല വന മാലിക ലളിതം
അംഗ രാഗ ഘന സൗരഭം
ഭാഗവന്റെ കീർത്തനം അവൾ കണ്ണുകളടച്ചു എല്ലാം മതി മറന്നു ഈണത്തിൽ ചൊല്ലുക ആണ്…
ചൊല്ലി കഴിഞ്ഞു അവൾ കണ്ണുകൾ മെല്ലെ തുറന്നു..
അവൾ നോക്കിയപ്പോൾ ദേവി അവളെ വന്നു തഴുകി..
“എന്റെ കുട്ടി… എന്ത് അസ്സലായി ആണ് നീ ചൊല്ലുന്നത്…. എന്റെ ഹരികുട്ടനും ഇതേ പോലെ ആണ്…. അവനായി എന്റെ ഗുരുവായൂരപ്പൻ കരുതി വെച്ചത് ആണ് കുഞ്ഞേ നിന്നെ….”അവർ അവളെ പുണർന്നു കൊണ്ട് പറഞ്ഞു..
അത് കേട്ടതും ഗൗരിക്ക് മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു..
അവരെ നോക്കി ഒരു ചിരി വരുത്തിയ ശേഷം പൂജ മുറിയിൽ നിന്ന് ഇറങ്ങിയ ഗൗരി കണ്ടത് വെളിയിൽ നിൽക്കുന്ന ഹരിയെ ആണ്..
ഒരു വേള ഇരു മിഴികളും കോർത്തു..
പെട്ടന്ന് അവൻ ദൃഷ്ടി മാറ്റി..
“ആഹ്.. ഹരി കുട്ടൻ റെഡി ആയോ …”ദേവിയുടെ ശബ്ദം..
“മ്മ്… അമ്മേ ഞാൻ പോയിട്ട് വരാം…”
“ങേ…. ഇത് നല്ല കഥ… നീ തനിച്ചു പോകാനോ… മോളെ കൂടെ കൂട്ടി പൊകൂ….”
അവർ പറഞ്ഞു..
എന്നിട്ട് ഗൗരിയുടെ നേരെ തിരിഞ്ഞു.
” മോളെ ഗൗരി വേഗം പോയി റെഡി ആകു…. ഇവിടെ അടുത്ത് ഒരു ശിവക്ഷേത്രം ഉണ്ട്, ഹരിക്കുട്ടൻ എല്ലാ പ്രദോഷത്തിനും മുടങ്ങാതെ അവിടെ പോകും. മോളു കൂടെ ചെല്ല്….. എന്നിട്ട് മോന്റെ ഒപ്പം പോകു… ”
ഗൗരി ഒന്നും മിണ്ടാതെ റൂമിലേക്ക് കയറി പോയി..
ബെഡ് എല്ലാം നീറ്റു ആയി കിടക്കുന്നു.. ഷീറ്റ് ഒക്കെ അവൻ എടുത്തു മടക്കി വെച്ചിട്ടുണ്ട്.
ഗൗരി വേഗം റൂമിൽ കയറി. എന്നിട്ട് ഒരു സൽവാർ എടുത്തു ധരിച്ചു..
ഒരുക്കങ്ങളൊ ചമയങ്ങളോ ഒന്നും ഇല്ല… അവൾ വേഗം താഴേക്ക് ഇറങ്ങി ചന്ന്..
അപ്പോളേക്കും ഹരി കാർ സ്റ്റാർട്ട് ചെയ്തിരുന്നു.
ദേവി ചിരിച്ചു കൊണ്ട് ഉമ്മറത്തു നിൽപ്പുണ്ട്. ന്യൂസ് പേപ്പർ ആണ് അവരുടെ കൈയിൽ..
ഗൗരി അമ്മയോട് യാത്ര പറഞ്ഞു കൊണ്ട് വണ്ടിയിൽ പോയി കയറി.. ദേവി എന്ത് വിചാരിക്കും എന്ന് ഓർത്തു കൊണ്ട് അവൾ മുൻ സീറ്റിൽ ആണ് ഇരുന്നത്.
ഹരി വണ്ടി മുന്നോട്ട് എടുത്തു.. ദേവി രണ്ടാളെയും കൈ വീശി കാണിച്ചു.
അമ്പലത്തിൽ എത്തുവോളം രണ്ടാളും ഒന്നും സംസാരിച്ചില്ല. പാർക്കിങ്ങിൽ വണ്ടി ഇട്ടിട്ട് ഹരി കോവിലിലേക്ക് കയറുവാനായി വന്നു.
“തനിക് എന്തേലും വഴിപാട് കഴിപ്പിക്കാൻ ഉണ്ടോ…”അവൻ ചോദിച്ചു..
“ഇല്ല…”പെട്ടന്ന് അവൾ പറഞ്ഞു.
ഹരി മെല്ലെ വഴിപാട് കൗണ്ടാറിന്റെ അടുത്തേക്ക് ചെന്നു…
“മ്മ്.. പതിവ് തന്നെ….”അവൻ പറഞ്ഞു.
രസീത് എഴുതുന്ന ആള് രണ്ടു ചീട്ട് എഴുതി അവനു കൊടുത്തു.
“വിവാഹം കഴിഞ്ഞു ഇല്ലേ…”അയാൾ ചോദിച്ചു..
“ഉവ്വ്… ഇന്നലെ ആയിരുന്നു…”
അത് പറഞ്ഞു കൊണ്ട് അവൻ ശ്രീക്കോവിലിൽ നടന്നു പോയി.
അവൻ ചെന്നപ്പോൾ കണ്ടു തൊഴു കൈകളോട് കൂടി നിൽക്കുന്ന ഗൗരിയെ..
കണ്ണുകൾ അടച്ചു നിന്നു പ്രാർത്ഥിക്കുക ആണ് അവൾ..
“ആഹ്.. ഹരി… ഇന്നലെ വരാൻ പറ്റിയില്ല… സപ്താഹം നടക്കുവല്ലേ… ആ തിരക്ക് ആയിരുന്നു..”
വിഷ്ണു നമ്പൂതിരിയെ വഴിപാട് രസീത് ഏൽപ്പിക്കുമ്പോൾ അയാൾ പറഞ്ഞു.
“സാരമില്ല തിരുമേനി…”
“ഇതാണോ… ആള് “തിരുമേനി ഗൗരിയെ നോക്കി ചിരിച്ചു..
“ഉവ്വ്…. ”
തിരുമേനി രസീതും മേടിച്ചു കൊണ്ട് അകത്തേക്ക് പോയി.
ആ സമയത്ത് ഗൗരിയും ഹരിയും ചുറ്റി പ്രദക്ഷിണം വെച്ച്.ഭസ്മകൊട്ടയിൽ നിന്നും അല്പം ഭസ്മം എടുത്തു ഹരി തിരുനെറ്റിയിൽ നീട്ടി വരച്ചു.
പ്രസാദം വാങ്ങുവാനായി അപരിചിതരെ പോലെ രണ്ടാളും മാറി നിൽക്കുക ആണ്..
ഒന്ന് രണ്ടു ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ക്ഷേത്രത്തിൽ..
അല്പം കഴിഞ്ഞു തിരുമേനി ഇറങ്ങി വന്നു… അർച്ചന കഴിപ്പിച്ച പ്രസാദം ഗൗരിയുടെ കൈലേക്ക് കൊടുത്തു.
“കുട്ടി…. മംഗല്യം കഴിഞ്ഞാൽ പെൺകുട്ടികൾ ഉറപ്പായും ഭർത്താവിന്റെ ദീർഘയുസിനായി സിന്ദൂരം നെറുകയിൽ അണിയണം… ഒരിക്കലും മറക്കരുത് കെട്ടോ…”
അവൾ പതിയെ ശിരസ് ചലിപ്പിച്ചു..
ഭാര്യസമേതനായ തൃലോകനാഥൻ ആണ് ഇവിടെ കുടി കൊള്ളുന്നത്…. ഹരി….ഉമാ മഹേശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രസാദത്തിൽ ഉള്ള സിന്ദൂരം കുട്ടിയെ അണിയിപ്പിക്കൂ… തിരുമേനി പറഞ്ഞു.
അവൻ ഗൗരിയെ നോക്കി..
അവൾ അവനെയും.. പെട്ടന്ന് അവൾ തന്റെ കൈയിൽ ഇരിക്കുന്ന ഇല ചീന്ത് അവന്റെ നേർക്ക് നീട്ടി..
അവൻ അല്പം സിന്ദൂരം എടുത്തു അവളുടെ നെറുകയിൽ ചാർത്തി..
തിരുമേനി യോട് യാത്ര പറഞ്ഞു കൊണ്ട് രണ്ടാളും ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി.
തിരികെ വീട് എത്താറായപ്പോൾ ഹരി വണ്ടി ഒതുക്കി..
അവൻ കണ്ണുകൾ അടച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ തല ചായ്ച്ചു കിടന്നു
ഗൗരി വെറുതെ വെളിയിലേക്ക് നോക്കി ഇരിക്കുക ആണ്..
“ഗൗരി…..”കുറച്ചു കഴിഞ്ഞതും അവൻ വിളിച്ചു..
അവൾ പക്ഷെ അവനെ നോക്കിയതേ ഇല്ല…
“താൻ ഇന്നലെ തന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ ഒക്കെ പറഞ്ഞ സ്ഥിതിക്ക് എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്….”
അവന്റെ ശബ്ദം ദൃഢമായി..
അവൾ കാത് കൂർപ്പിച്ചു.
“തന്റെ ഇഷ്ടം പോലെ ആവാം…. ഞാൻ അതിൽ തന്നെ തടയില്ല… ഒരു വർഷം കഴിയുമ്പോൾ തനിക് പോകാം…. അതുവരെ… അതുവരെ നമ്മൾ രണ്ടാളും അല്ലാതെ മൂന്നാമത് ഒരാൾ ഇത് അറിയരുത്….. അറിഞ്ഞാൽ പിന്നെ നീ കാണുന്നത് ഈ ഹരിയുടെ വേറൊരു മുഖം ആയിരിക്കും…. നിനക്ക് നിന്റെ ജീവിതത്തിൽ പിന്നെ ഡിവോഴ്സ് കിട്ടുകയും ഇല്ല…. നിന്റെ കാമുകന്റെ ഒപ്പം ജീവിക്കാനും ഞാൻ സമ്മതിക്കില്ല…. അതുകൊണ്ട് നമ്മൾ അല്ലാതെ ആരും ഇത് അറിയരുത്… എല്ലാവരുടെയും മുൻപിൽ നമ്മൾ സ്നേഹനിധികളായ ഭാര്യ ഭർത്താക്കന്മാർ ആയിരിക്കും… നിനക്ക് പറഞ്ഞത് മനസിലായി കാണുമല്ലോ അല്ലെ ”
അതും ചോദിച്ചു കൊണ്ട് അവൻ അവളുടെ നേർക്ക് നോക്കി..
അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛചിരി വിരിഞ്ഞു..
അതു കണ്ടതും അവനു കലി കയറി..
പക്ഷെ അവൻ ഒന്നും സംസാരിച്ചില്ല..
“ഞാൻ പറഞ്ഞത് നീ കേട്ടില്ലേ..”
അവൻ ചോദിച്ചു..
“കേട്ടു…”
“നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ…”
“നിങ്ങളോട് മിണ്ടാൻ പോലും എനിക്ക് താല്പര്യം ഇല്ല…. എനിക്ക് വെറുപ്പ് ആണ് നിങ്ങളെ…”
അവൾ പറഞ്ഞു തുടങ്ങിയതും കൈ എടുത്തു അവൻ അവളുടെ ഇരു അധരങ്ങളും മൂടി..
ഗൗരി അവനെ തുറിച്ചു നോക്കി..
“നീ ഇന്നലെ പറഞ്ഞ കാര്യങ്ങൾ അല്ലെ ഒള്ളു ഇനിയും പറയാൻ… അതു നീ ആവർത്തിക്കണ്ട…”അവൻ തന്റെ കൈകൾ പിൻ വലിച്ചു..
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….”
“എന്താ…”
“എന്റെ ഒരു കാര്യത്തിലും നിങ്ങൾ ഇട പെടാൻ വന്നേക്കരുത്… എനിക്ക് അത് ഇഷ്ടം അല്ല…”
“നിന്റെ ഒരു കാര്യത്തിലും ഞാൻ വരില്ല… പിന്നെ ഞാൻ ചാർത്തിയ ഈ താലി ഇട്ടുകൊണ്ട് നി കണ്ടവന്റെ കൂടെ പോകാൻ ഞാൻ സമ്മതിക്കില്ല…അതു ഒരു വർഷം കഴിഞ്ഞു ലീഗലി നമ്മൾ ഡിവോഴ്സ് ആയതിനു ശേഷം… സമ്മതം ആണോ…”
“അത്രയ്ക്ക് നിങ്ങളെ പോലെ തരം താഴ്ന്നവൾ അല്ല ഈ ഗൗരി…”അവൾ വീറോട് പറഞ്ഞു.
“അത് ഒന്നും നീ എന്നോട് പറയണ്ട… ഞാൻ കെട്ടിയ ഈ താലിയിൽ നിനക്ക് അവകാശം ഇല്ലെങ്കിലും എനിക്ക് ഉണ്ട്… അതുകൊണ്ട് ഞാൻ പറഞ്ഞു എന്നെ ഒള്ളൂ… അതിൽ നിന്നിലുള്ള അവകാശം സ്ഥാപിക്കാനും അല്ല.. കേട്ടല്ലോ…”അത് പറഞ്ഞു കൊണ്ട് അവൻ വണ്ടി എടുത്തു..
തുടരും