തന്റെ ഏറ്റവും വലിയ പാഷനും ആഗ്രഹവും സിനിമയാണെന്ന് നടൻ ആസിഫ് അലി. വീട്ടിൽ നിന്ന് രാവിലെ ലൊക്കേഷനിൽ പോയി ഷൂട്ട് തീർത്ത് വീട്ടിൽ വരാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നും ആസിഫ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രതികരണം. ഞാൻ ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്താൻ ആ ടീമിന്റെ ഒപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. അപ്പോൾ ഒരുപാട് പ്രാവശ്യം വീട്ടിലെ കാര്യങ്ങൾ മിസ്സ് ആവാറുണ്ട്. എങ്കിലും ബാലൻസ് ചെയ്ത് പോകുന്നു എന്നായിരുന്നു ആസിഫ് പറഞ്ഞത്.
“മക്കൾ വന്ന് പറയാറുണ്ട് ഒന്ന് സ്കൂളിൽ വരുമോ എന്നൊക്കെ. അതായത് അവർ നോക്കുമ്പോൾ മറ്റു കുട്ടികളുടെ അച്ഛൻ സ്കൂളിൽ വരുന്നത് കാണുമ്പോൾ അവർക്കും അങ്ങനെ തോന്നും. എന്നാൽ ഞാൻ അതികവും ഉണ്ടാവാറില്ല. സമ ആയിരിക്കും കുട്ടികളെ പിക്ക് ചെയ്യാൻ ഉണ്ടാവാറ്. ഇടക്ക് ഞാൻ പോവാറുണ്ട്. അപ്പോൾ അവർക്ക് അപ്രതീക്ഷിതമായി കിട്ടുന്ന സർപ്രൈസ് എന്നെ സ്കൂളിൽ കാണുന്നതാണ്.”
“സത്യത്തിൽ അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കും. പിന്നെ ഒരുപാട് സമയം കിട്ടാറില്ല എന്നത് ശരിയാണ്. എന്നാൽ വീട്ടുകാർ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യാറുണ്ട്. പിന്നെ ആദുവിനും ഹയക്കും കൂടുതൽ സമയം കൊടുക്കാൻ പറ്റാറില്ല എന്നൊരു പ്രശ്നം ഉണ്ട്. സ്കൂളിൽ പോകാനോ വരാനോ ഒന്നും പറ്റാറില്ല. പക്ഷേ എന്നാലും അവരെല്ലാരും എന്നെ മനസിലാക്കുന്നുണ്ട്”- ആസിഫ് പറഞ്ഞു.
കുടുംബവും സിനിമയും ഒന്നിച്ചു കൊണ്ടു പോവുന്നതിൽ എപ്പോഴും ശ്രദ്ധിക്കുന്ന വ്യക്തിയാണ് ആസിഫ്. എത്ര സിനിമാ തിരക്ക് ആണെങ്കിലും ഓരോ സിനിമയുടേയും ഇടവേളകളിൽ വീട്ടുകാർക്കൊപ്പം സമയം കണ്ടെത്താറുണ്ട്. അടുപ്പിച്ച് നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നുണ്ട്. ശരിക്കും ആസിഫ് അലി എന്ന നടന്റെ കരിയർ അതിന്റെ പീക്കിൽ നിൽക്കുന്ന സമയം കൂടിയാണ് ഇപ്പോൾ. വ്യത്യസ്ത കഥാപാത്രങ്ങളും മികച്ച സിനിമകളും ആസിഫ് ഉറപ്പാക്കിയിരിക്കുന്നു. അതിനിടയിൽ കുടുംബത്തെയും വിട്ട് കൊടുക്കുന്നില്ല താരം.
നഹാസ് നാസർ സംവിധാനം ചെയ്ത് ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അഡിയോസ് അമിഗോ. ഏറെ പ്രത്യേകതകളുള്ള ചിത്രമാണിത്. ട്രെയ്ലർ കാണുമ്പോൾ തന്നെ ആസിഫ് അലിയുടേയും സുരാജിന്റെയും രണ്ട് വേറിട്ട കഥാപാത്രങ്ങളെ കാണാൻ സാധിക്കും. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം എഴുത്തുകാരൻ അജി പീറ്റർ തങ്കവും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ഈ ചിത്രത്തിനു വേണ്ടി ആസിഫ് അലി വണ്ണം കൂട്ടി ഇതുവരെ കാണാത്തൊരു മെയ്ക്കോവർ കൊണ്ടു വരുന്നുണ്ട്. ഒരു ബുൾഗാൻ താടിയും, കുടവയറും, പിന്നെ വല്ലാത്തൊരു വൈബ് ഉള്ള കഥാപാത്രം. “ഈ കോലം കണ്ടിട്ട് വീട്ടിൽ ചെന്നപ്പോൾ കുട്ടികൾക്ക് മനസിലായില്ല. എന്നെ പരിചയം ഉള്ളവരെല്ലാം ഉപദേശിച്ചു നീ ശരീരം നോക്കണം മുടിക്കെന്തു പറ്റി എന്നൊക്കെ പറഞ്ഞു. പലർക്കും ആദ്യം എന്നെ കണ്ടിട്ട് മനസിലായില്ല. ഫസ്റ്റ് ഫോട്ടോ ഷൂട്ട് കഴിഞ്ഞിട്ട് എനിക്ക് എന്റെ സ്വന്തം ഡ്രെസ്സ് പാകമാവുന്നില്ല.” ആസിഫ് അലി പറഞ്ഞു.
content highlight: asif-ali-said-that-people-couldnt-recognize-him